മലയാളം ക്ലാസ്സിക്കൽ ഭാഷയല്ല

താരതമ്യേന പ്രായം കുറഞ്ഞ മലയാള ഭാഷയെ എങ്ങിനെയെങ്കിലും ‘ക്ലാസ്സിക്കല്‍ആക്കി മാറ്റാനുള്ള ശ്രമം കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത് തന്നെ കേരളം തുടങ്ങിയതാണ്‌. കണക്കു പറഞ്ഞു വന്നാല്‍ ‘ക്ലാസ്സിക്കൽ’ ആകാന്‍ പറ്റില്ലെങ്കില്‍ ഒരു ‘ശ്രേഷ്ഠ’ പദവിയെങ്കിലും വേണമെന്ന വാശിയില്‍ ഇപ്പോള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരും അത് തന്നെ തുടരുന്നു. ഭാഷകളുടെ ‘ക്ലാസ്സിക്കൽ’ പദവിയെ സംബന്ധിച്ച ഒരവലോകനമാണീ ലേഖനം.

ഭാഷയും രാഷ്ട്രീയവും:
കാലാകാലങ്ങളില്‍ അക്കാദമിക വൃത്തങ്ങള്‍ തമിഴ് ഭാഷയെ ‘ക്ലാസ്സിക്കൽ’ എന്ന് തന്നെയാണ് കണക്കാക്കിയിരുന്നതെങ്കിലും തമിഴ് രാഷ്ട്രീയം യൂണിയന്‍ ഗവര്‍മ്മെന്റില്‍ നിന്നും ഇതിനൊരു ഔദ്യോഗിക പദവി എന്നും ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ പുനര്‍നിര്‍ണ്ണയിച്ചതിനു ശേഷം ഭാഷകളുടെ ‘പദവി’ എന്നത് പ്രധാനമായി മാറുന്നത് പ്രാദേശിക കക്ഷികള്‍ക്ക് ദേശീയ രാഷ്ട്രീയത്തില്‍ അവഗണിക്കാനാകാത്ത സ്ഥാനം ലഭിച്ചപ്പോഴാണ്. ഭാഷയെ അതി വൈകാരികമായി കൈകാര്യം ചെയ്യുന്ന തമിഴര്‍ തന്നെയാണ് ഇക്കാര്യത്തില്‍ കണക്കുപറയാന്‍ മുന്‍പന്തിയില്‍ നിലകൊണ്ടത്. ഇന്നും ഭാഷയെക്കുറിച്ചുള്ള ഏതു ചര്‍ച്ചയിലും തങ്ങളുടെ തായ്മൊഴിക്കു വേണ്ടി കൈമെയ് മറന്നു പോരാടാന്‍ തമിഴ് മക്കള്‍ക്ക്‌ തന്നെയാണ് ഉശിര് കൂടുതല്‍.  2004-ലെ പൊതു തിരഞ്ഞെടുപ്പില്‍ ഡി എം കെ മുന്നണി തമിഴ് നാട്ടില്‍ വന്‍ വിജയം കൊയ്തപ്പോള്‍ കേന്ദ്ര മന്ത്രിസഭയില്‍ അവര്‍ക്ക് ഉയര്‍ന്ന വിലപേശാനുള്ള അവസരം ലഭിച്ചു. അങിനെ തമിഴിനു ‘ക്ലാസ്സിക്കൽ’ പദവി എന്നത് ഡി എം കെ യ്ക്ക് ആ വര്‍ഷം തന്നെ എളുപ്പം നേടിയെടുക്കാന്‍ സാധിക്കുകയും ചെയ്തു. ‘തമിഴ് ‘ ഭാഷ ‘ക്ലാസ്സിക്കല്‍ ‘ പദവി ലഭിക്കാന്‍ അര്‍ഹമാണെങ്കിലും ഇതൊരു രാഷ്ട്രീയ നീക്കം മാത്രമായിരുന്നു. ഈ ‘നേട്ട’ത്തെക്കുറിച്ച് ഡി എം കെ യും കരുണാനിധിയും നാട് നീളെ കൊട്ടിഘോഷിച്ചപ്പോള്‍ അന്ന് തമിഴ് നാട് ഭരിച്ചു കൊണ്ടിരുന്ന എ ഐ എ ഡി എം കെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിശബ്ദമായിരുന്നു.

ഏറെ  വിചിത്രമായ വസ്തുത തമിഴിനു ശേഷമാണ് സംസ്കൃതത്തിനു ക്ലാസ്സിക്കല്‍ പദവി നല്‍കപ്പെട്ടത്‌ എന്നതാണ്. ഇതിനര്‍ത്ഥം ഗവര്‍മെന്റ് ഓര്‍ഡര്‍ പ്രകാരം ഇതിനു മുന്പ് ഒരു ഭാഷയ്ക്കും ഇത്തരമൊരു പദവി നല്‍കപ്പെട്ടിരുന്നില്ല എന്ന് തന്നെ. എങ്കിലും ഭരണഘടനയുടെ 351ആം വകുപ്പ് പ്രകാരം ഔദ്യോഗിക ഭാഷകളിലൊന്നായ ഹിന്ദിയുടെ മൂല ഭാഷ എന്ന നിലയില്‍ സംസ്കൃതത്തിനു പ്രത്യേക പരിഗണന സ്വാതന്ത്ര്യാനന്തരം നല്‍കി വരുന്നുണ്ടായിരുന്നു. ‘പാലി’, ‘അറബി’, ‘പേര്‍ഷ്യന്‍’ തുടങ്ങിയവ ‘ക്ലാസ്സിക്കൽ’ ഭാഷകള്‍ ആണെങ്കിലും അവയ്ക്ക് ഇത്തരം പദവി നല്‍കിയതായുള്ള രേഖകളൊന്നും നിലവിലില്ല. എങ്കിലും ഇവയ്ക്കൊക്കെ പരിഗണനാപൂര്‍ണ്ണമായ സ്ഥാനം കാലാകാലങ്ങളായി നല്‍കപ്പെട്ടുപോന്നിരുന്നു. എന്നാല്‍ 2004 നു ശേഷം ഭാവിയില്‍ മറ്റു ഭാഷകളില്‍ നിന്നുമുണ്ടായേക്കാവുന്ന അവകാശ വാദങ്ങളെ മുന്നില്‍ കണ്ടു കൊണ്ട് രണ്ടു തവണയെങ്കിലും ‘ക്ലാസ്സിക്കൽ’ പദവിയുടെ മാനദന്ഡങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ വെള്ളം ചേര്‍ത്തിട്ടുമുണ്ട്. തമിഴിനു പിറകെ തെലുങ്കും കന്നടയും ‘ക്ലാസ്സിക്കൽ’ കിരീടം വാശി പിടിച്ചു വാങ്ങിയപ്പോള്‍ വല്യേട്ടന്മാരുടെ കൂടെ കരഞ്ഞു നോക്കിയിട്ടും കളിപ്പാട്ടം കിട്ടാതെ പോയ ഇളയ കുട്ടിയുടെ അവസ്ഥയായി മലയാളത്തിന്. ഭാഷയുടെ രാഷ്ട്രീയം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഈ അവസരത്തില്‍ എന്താണ് ഈ ഭാഷകളുടെ ചരിത്രം എന്ന് നമുക്ക് പരിശോധിക്കാം.

പ്രോട്ടോ ദ്രാവിഡ ഭാഷ:

ഭാഷകളുടെ ഗോത്രബന്ധം എന്ന ആശയം ആദ്യമായി അവതരിപ്പിക്കുന്നത് സർ. വില്ല്യം ജോണ്‍സ് ആണ് (റോയല്‍ എഷ്യാറ്റിക്ക് സൊസൈറ്റി – 1786). സംസ്കൃതം, ഗ്രീക്ക്, ലാറ്റിന്‍ എന്നീ ഭാഷകള്‍ രൂപത്തിലും ഭാവത്തിലും സാദൃശ്യം പ്രകടിപ്പിക്കുന്നതിനാല്‍ ഇവയെല്ലാം ഒരിടത്തുനിന്നും വികസിച്ചതാകാമെന്നതാണ് ഈ നിഗമനത്തിനടിസ്ഥാനം. ഇതോടെയാണ് ‘പ്രാഗ് ഭാഷ’ അഥവാ ‘മൂല ഭാഷ’ (Proto Language) എന്ന സങ്കല്‍പ്പത്തിന് പ്രചാരം കൈവരുന്നത്. ഒരേ മൂല ഭാഷയില്‍ നിന്നും വികസിച്ചു വരുന്ന ഭാഷകള്‍ പ്രാഗ്ഭാഷയുടെ ലക്ഷണങ്ങള്‍ നിലനിര്‍ത്തുന്നു. ഇന്ന് ഭാരതത്തില്‍ ഉപയോഗത്തിലുള്ള ഭാഷകളുടെ പ്രാഗ് രൂപങ്ങള്‍ രണ്ടെണ്ണമാണ് – ‘പ്രോട്ടോ ഇന്തോ-യൂറോപ്യ’നും ‘പ്രോട്ടോ ദ്രാവിഡ’വും. സംസ്കൃതവും അത് വഴി മറ്റ് വടക്കെ ഇന്ത്യന്‍ ഭാഷകളും ‘പ്രോട്ടോ ഇന്തോ-യൂറോപ്യനിൽ’ നിന്നും ഉരുത്തിരിഞ്ഞെങ്കില്‍ തെന്നിന്ത്യന്‍ ഭാഷകള്‍ ‘പ്രോട്ടോ ദ്രാവിഡ’ത്തില്‍ നിന്നും വഴി പിരിഞ്ഞു വന്നവയാണ്.

ദ്രാവിഡ ഗോത്രത്തിലെ നാല് പ്രധാന ഭാഷകളില്‍ ഏറ്റവും പ്രാചീനം തമിഴ് തന്നെ. തമിഴില്‍ ഇതുവരെ ലഭ്യമായിട്ടുള്ളതില്‍ വെച്ച ഏറ്റവും പഴക്കം ചെന്ന കൃതി ‘തോല്‍ക്കാപ്പിയം’ ( കര്‍ത്താവ് : തോല്‍ക്കാപ്പിയര്‍ – കാലഘട്ടത്തെ കുറിച്ചഭിപ്രായൈക്യം ഇല്ല. പൊതുവെ അംഗീകരിക്കപ്പെടുന്നത് A.D 3 ആം നൂറ്റാണ്ട് ) ആണ്. വ്യാകരണത്തിന്റെയും കാവ്യശാസ്ത്രനിയമത്തിന്റെയും പഠനഗ്രന്ഥമാണ് തൊല്‍ക്കാപ്പിയം. അക്കാലത്തെ മറ്റു കൃതികളൊന്നും ലഭ്യമല്ലെങ്കിലും അന്ന് നിലനിന്നിരുന്ന കാവ്യ സംസ്കാരത്തിന്റെ തെളിവായി നമുക്ക് ‘തോല്‍ക്കാപ്പിയ’ത്തെ കണക്കാക്കാവുന്നതാണ്. ആദ്യകാല സംസ്കൃത വ്യാകരണങ്ങളുടെ സ്വാധീനം കാണാമെങ്കിലും ‘തൊല്‍ക്കാപ്പിയം’ മൌലികത നിറഞ്ഞ കൃതിയായി തന്നെയാണ് ഭാഷാ പണ്ഡിതര്‍ കണക്കാക്കുന്നത്. സാഹിത്യ ഭാഷയ്ക്കുപയോഗിക്കുന്ന തമിഴിനെ ‘ചെന്തമിഴെ’ന്നും വ്യവഹാര ഭാഷയെ ‘കൊടുന്തമിഴെ’ന്നും ‘തോല്‍ക്കാപ്പിയം’ തരം തിരിച്ചിരിക്കുന്നു.

കന്നഡ ലിഖിതങ്ങളില്‍ ഏറ്റവും പഴക്കമുള്ളവ 5 ആം നൂറ്റാണ്ടിലേതാണെന്നാണ് ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നത്. ആദ്യ സാഹിത്യ കൃതി 9 ആം നൂറ്റാണ്ടിലേതെന്നു കരുതപ്പെടുന്ന ‘കവിരാജമാര്‍ഗ്ഗ’മാണ് (കര്‍ത്താവ് : അമോഘവര്‍ഷന്‍ – A.D. 850). കേസിരാജന്റെ ‘ശബ്ദമണിദര്‍പ്പണ’മാണ് (13 ആം നൂറ്റാണ്ട്) കന്നഡയിലെ ആദ്യ വ്യാകരണ ഗ്രന്ഥം. തെലുങ്കിലാകട്ടെ ആദ്യ ലിഖിതങ്ങള്‍ ആറാം നൂറ്റാണ്ടിലേതാണെങ്കില്‍  പ്രഥമ സാഹിത്യ കൃതി നന്നയ്യഭട്ടന്റെ ‘മഹാഭാരത’ പരിഭാഷയാണ് (A.D 11ആം നൂറ്റാണ്ട്). അദ്ദേഹത്തിന്റെ തന്നെ ‘തെലുഗുശബ്ദചിന്താമണി’യാണ് (സംസ്കൃതത്തില്‍ രചിക്കപ്പെട്ടതാണെങ്കിലും) തെലുങ്കിലെ ആദ്യ വ്യാകരണ ഗ്രന്ഥം.

ഇവ കൂടാതെ ഗോത്ര വര്‍ഗ്ഗക്കാര്‍ക്കിടയില്‍ പ്രചാരത്തിലുള്ള ധാരാളം സാഹിത്യേതര ഭാഷകള്‍ ദ്രാവിഡ ഗോത്രത്തില്‍ നിന്നുരുത്തിരിഞ്ഞിട്ടുണ്ട്. ‘തുളു’, ‘കുടക് ‘, ‘ഇരുള’, ‘കുരുംബ’, ‘തോട’, ‘കൊട’, ‘ബടഗ’, ‘കൊരഗ’, ‘ഗോണ്ടി’, ‘കുയി’, ‘കുവി’, ‘കൊണ്ട’, ‘പെന്ഗോ’, ‘മണ്ട’, ‘നൈക്രി’, ‘നൈകി’, ‘പര്‍ജി’, ‘ഒല്ലാരി’, ‘ഗടബ’, ‘മാള്ടോ’, ‘ബ്രഹുവി’ മുതലായവ. ഇവയില്‍ ‘ബ്രഹുവി’ ഇന്നത്തെ പാക്കിസ്ഥാനിലെ ബാലൂചിസ്ഥാനിലാണ് സംസാരിച്ചു കാണുന്നത്. ഏതാണ്ട് ഒന്നര മില്യന്‍ ജനങ്ങള്‍ സംസാരിക്കുന്ന ഈ ഭാഷയില്‍ പത്തു ശതമാനം മാത്രമേ ഇന്ന് ദ്രാവിഡ പദങ്ങള്‍ നിലനില്‍ക്കുന്നുള്ളൂ. തുടര്‍ച്ചയായ സാഹിത്യ പാരമ്പര്യം അവകാശപ്പെടാനാകില്ലെങ്കിലും ഏതാണ്ട് ഒന്നര മില്യണ്‍ തന്നെ ജനങ്ങള്‍ സംസാരിക്കുന്ന ‘തുളു’ ഭാഷയില്‍ ആധുനിക സാഹിത്യം വളര്‍ച്ച പ്രാപിക്കുന്നുണ്ട്.

തെന്നിന്ത്യന്‍ ഭാഷകളില്‍ ഇളയതെന്നു സാമാന്യേന എല്ലാവരും അംഗീകരിച്ചിട്ടുള്ള മലയാളം തമിഴിന്റെ പുത്രിയാണെന്നും അല്ല സഹോദരിയാണെന്നുമുള്ള രണ്ടഭിപ്രായം പണ്ഡിതര്‍ക്കിടയില്‍ എന്നും നിലനിന്നിരുന്നു. മലയാളത്തിന്റെ ആദ്യ നിഘണ്ടു നിര്‍മ്മിച്ച ഡോ: ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടാണ്  (1814-1893) മലയാളം മൂല ദ്രാവിഡത്തിന്റെ സ്വതന്ത്ര ശാഖ (അഥവാ തമിഴിന്റെ സഹോദരി) എന്ന വാദം ആദ്യം ഉന്നയിക്കുന്നത്. മഹാകവി ഉള്ളൂർ, ഡോ: ഗോദവര്‍മ്മ, ഡോ: കെ. എം. ജോര്‍ജ്ജ്, പ്രൊഫ: സി. എൽ. ആന്റണി എന്നിവര്‍ ഈ വാദത്തെ പിന്താങ്ങുന്നു. പുരാതന കാലത്ത് ദക്ഷിണേന്ത്യയൊന്നാകെ മൂല ദ്രാവിഡ ഭാഷയാണ്‌ പ്രയോഗത്തിലിരുന്നത്. കാലക്രമത്തില്‍ ഇത് ഉത്തരദ്രാവിഡമെന്നും ദക്ഷിണ ദ്രാവിഡമെന്നും രണ്ടായി പിരിഞ്ഞപ്പോള്‍ ചോള, ചേര, പാണ്ഡ്യ രാജാക്കന്മാരുടെ പ്രോത്സാഹനത്താല്‍ ദക്ഷിണ ദ്രാവിഡ ഭാഷ പ്രചരിച്ചു. ബി. സി മൂന്നാം നൂറ്റാണ്ടോടു കൂടി ഈ ഭാഷ സാഹിത്യ യോഗ്യമായപ്പോള്‍ സാഹിത്യ നിര്‍മ്മാണത്തിന് വേണ്ടി വ്യവഹാര ഭാഷ പരിഷ്കരിക്കേണ്ടി വന്നു. അപ്പോള്‍ വ്യവഹാര ഭാഷയെ ‘കൊടുന്തമിഴെ’ന്നും സാഹിത്യ ഭാഷയെ ‘ചെന്തമിഴെ’ന്നും വിളിച്ചു. ഇത് വ്യാകരണ നിയമങ്ങള്‍ക്ക് വിധേയമായി ഒരു പരിഷ്കൃത ഭാഷയായപ്പോള്‍ പണ്ഡിതന്മാര്‍ ഈ ഭാഷയില്‍ ഗ്രന്ഥനിര്‍മ്മാനം തുടങ്ങി. മഥുര ആസ്ഥാനമാക്കി (ബി സി രണ്ടിനും എ ഡി നാലിനും ഇടയിൽ പുരോഗമിച്ച ഈ ഗ്രന്ഥ നിര്‍മ്മാണം ‘സംഘം കൃതികൾ’ എന്ന പേരില്‍ പ്രശസ്തമാണ്. അവര്‍ കാവ്യ രചനയ്ക്കുപയോഗിച്ചുപോന്ന ഭാഷയെ ‘ദ്രമിഡസംഘപാഠം’ എന്ന് വിളിച്ചു പോന്നു.

കാലക്രമേണ പാണ്ടി നാട്ടിലെ (ഇന്നത്തെ തമിഴ് നാട്) സംസാര ഭാഷയില്‍ വരമൊഴിയുടെ സ്വാധീനം വര്‍ദ്ധിക്കുകയും വരമൊഴിക്കും വാമൊഴിക്കും പൊതുവായി ഇന്ന് ഉപയോഗത്തിലിരിക്കുന്ന തമിഴ് ഭാഷ രൂപപ്പെടുകയും ചെയ്തു. ചേര രാജ്യത്തിലെ (ഇന്നത്തെ കേരളം അടങ്ങുന്ന പ്രദേശം) വാമൊഴിയാകട്ടെ ഏറെക്കാലം ദക്ഷിണ ദ്രാവിഡ ഭാഷയുടെ സ്വാധീനം നിലനിര്‍ത്തിപ്പോന്നു. ക്രമേണ ചേര രാജ്യത്തിലെ തമിഴ് പാണ്ടി രാജ്യത്തിലെ തമിഴുമായി അകല്‍ച്ച പ്രാപിച്ച് സ്വതന്ത്ര ഭാഷയായി രൂപം കൊണ്ടു – ഇതാണ് മലയാളം തമിഴിന്റെ സഹോദരി എന്ന വാദത്തിനാധാരം.

സംഘ കാലത്തെ ലക്ഷണ ഗ്രന്ഥമായ ‘തോല്‍ക്കാപ്പിയത്തി’ലെ വ്യാകരണ നിയമങ്ങളില്‍ പലതും മലയാളം ഇന്നും സംരക്ഷിച്ചു പോകുന്നതിനാല്‍ (തമിഴില്‍ ഇവ സംരക്ഷിക്കപ്പെട്ടിട്ടില്ല) മലയാളം മൂല ദ്രാവിഡത്തിന്റെ സ്വതന്ത്ര ശാഖയായി കണക്കാക്കാം എന്നും ഈ വാദത്തെ പിന്തുണയ്ക്കുന്നവര്‍ കരുതുന്നു. ഇത് കൂടാതെ മലയാളം ഇന്നും നിലനിര്‍ത്തുന്ന മൂല ദ്രാവിഡത്തിന്റെ ചില പ്രാചീന പദങ്ങള്‍ (അളിയൻ, കളരി മുതലായവ), പ്രയോഗ വിശേഷണങ്ങള്‍ (ഉദാ: ‘പഴകിയ’ പോലുള്ള ‘ചേരച്ച’ രൂപങ്ങൾ) എന്നീ കാരണങ്ങളാല്‍ മലയാളം തമിഴിന്റെ സഹോദരി മാത്രമാണെന്ന് ഇവര്‍ വാദിക്കുന്നു. മണിപ്രവാളത്തിന്റെ ലക്ഷണ ഗ്രന്ഥമായ ‘ലീലാതിലകം’ മലയാളത്തെ കേരള ഭാഷയെന്നും തമിഴിനെ ചോള ഭാഷയെന്നും വിളിക്കുന്നതിനെ ചൂണ്ടിക്കാണിച്ച്  ‘ലീലാതിലകം’ രചിക്കുന്നതിന് മുന്‍പ് തന്നെ മലയാളം വ്യക്തിത്വമുള്ള ഒരു സ്വതന്ത്ര്യ ഭാഷയായി വളര്‍ന്നു കഴിഞ്ഞിരുന്നുവെന്നും ഇവര്‍ സ്ഥാപിക്കുന്നു.

എന്നാല്‍ വ്യാകരണ പണ്ഡിതനായ കാന്റ്വല്‍ (1814-1891) മലയാളം  തമിഴിന്റെ പുത്രിയാണെന്ന നിഗമനത്തിലാണെത്തുന്നത്. ദ്രാവിഡ ഭാഷകളുടെ ആന്തരിക ഘടനയില്‍ സമാനതകളുണ്ടെന്ന് ആദ്യമായി ചൂണ്ടിക്കാട്ടിയത് കാന്റ്വല്‍ തന്നെ. തെലുങ്ക്, കന്നഡ എന്നീ ഭാഷകളേക്കാള്‍ ഘടനയില്‍ മലയാളത്തിനു തമിഴിനോട് ബന്ധമുണ്ട്. ഇക്കാര്യത്തെ ചരിത്രപരവും ഭാഷാപരവുമായ തെളിവുകള്‍ നിരത്തി കേരളപാണിനി എ. ആര്‍ രാജരാജവര്‍മ്മ പിന്താങ്ങുന്നുമുണ്ട്. സഹ്യനിപ്പുറമുള്ള ഭാഷ തമിഴിന്റെ ഒരുപഭാഷയായിരുന്നുവെന്നും ചില പ്രത്യേക സാഹചര്യങ്ങള്‍ കൊണ്ട് അതൊരു സ്വതന്ത്ര ഭാഷയായിത്തീര്‍ന്നുവെന്നും കേരളപാണിനി അഭിപ്രായപ്പെടുന്നു.

മലനാട്ടിലെ ജനങ്ങള്‍ക്ക് ആര്യന്മാരുമായുള്ള സംസര്‍ഗ്ഗം വളര്‍ന്നപ്പോള്‍ സംസ്കൃത സമ്പര്‍ക്കം മൂലം മലനാട്ടിലെ തമിഴ് അക്ഷര സംഖ്യ വര്‍ധിച്ച് ഒരു സ്വതന്ത്ര ഭാഷയായിത്തീര്‍ന്നു. തമിഴ് സംസാരിക്കുന്ന മറ്റു പ്രദേശങ്ങളുമായുള്ള ബന്ധം സഹ്യപര്‍വ്വതം തടസ്സപ്പെടുത്തിയതും സഹ്യനിരുപുറവും വത്യസ്ത രാജാക്കന്മാര്‍ ഭരിക്കുമ്പോള്‍ ജനങ്ങള്‍ക്കിടയിലുള്ള സമ്പര്‍ക്കം കുറഞ്ഞതും മലയാളം സ്വതന്ത്രഭാഷയായി വളരാന്‍ സഹായിച്ചു. ഇത്തരം ബാഹ്യത്തെളിവുകള്‍ കൂടാതെ ഭാഷയ്ക്കുള്ളിലേക്കിറങ്ങിച്ചെന്നുള്ള ചില നിര്‍ണ്ണായക വാദമുഖങ്ങളും പാണിനി നിരത്തുന്നുണ്ട്. ഇവ ‘പാണിനിയുടെ ആറു നയങ്ങൾ’ എന്ന പേരില്‍ പ്രസിദ്ധമാണ്. ‘അനുനാസികാതിപ്രസരം’, ‘താലവ്യാദേശം’, ‘സ്വരസംവരണം’, ‘പുരുഷഭേദനിരാസം’, ‘ഖിലോപസംഗ്രഹം’, ‘അംഗഭംഗം’ എന്നിവയാണവ. പൊതുവെ പിന്നീടുള്ള ഭാഷാശാസ്ത്ര (ചരിത്ര) പണ്ഡിതന്മാര്‍ക്കിടയില്‍ ഇക്കാലമത്രയും സമ്മതി നേടാന്‍ പാണിനിയുടെ യുക്തിഭദ്രമായ നയങ്ങള്‍ക്കും മലയാളം തമിഴിന്റെ പുത്രി എന്ന വാദത്തിനും കഴിഞ്ഞിട്ടുണ്ട്.

കേരള സംസ്കാരം തമിഴ് സംസ്കാരത്തില്‍ നിന്നും വിഭിന്നമായി നിലകൊള്ളുവാന്‍ ഒരു കാരണം മലയാള ബ്രാഹ്മണരാണ്‌. എട്ടാം ശതകത്തിന്റെ ആരംഭം മുതല്‍ തുളുനാട്ടിലെയും കേരളത്തിലെയും ബ്രാഹ്മണരുടെ സംഖ്യ ക്രമാതീതമായി വര്‍ധിച്ചു. വടക്കെ ഇന്ത്യന്‍ പ്രവിശ്യകളില്‍ (വിശേഷിച്ച് സിന്ധ് മുതലായിടങ്ങളിൽ) വിദേശാക്രമണങ്ങള്‍ ഉണ്ടായത് ഇതിനൊരു കാരണമാകാം. ഇങ്ങിനെയുള്ള ബ്രാഹ്മണാഗമനം പതിനൊന്നാം ശതകം വരെയും തുടര്‍ന്നു. ഇവരിലൂടെ കേരളത്തിലും തുളുനാട്ടിലും മുപ്പത്തി രണ്ടു വീതം ബ്രാഹ്മണ ഗ്രാമങ്ങള്‍ സ്ഥാപിക്കപ്പെടുകയുണ്ടായി.ഈ ബ്രാഹ്മണര്‍ക്കറിയാമായിരുന്ന ഭാഷകള്‍ സംസ്കൃത പ്രാകൃതങ്ങളും ഒരു പരിധി വരെ കന്നഡവുമായിരുന്നു. അവര്‍ തമിഴ് മാത്രമറിയാവുന്ന കേരളീയരോടിടപെട്ടപ്പോള്‍ ഭാഷയില്‍ പരിണാമങ്ങള്‍ സംഭവിക്കുക സ്വാഭാവികം മാത്രം. എന്നാല്‍ ഇത് നാട്ടു ഭാഷയെ എങ്ങിനെയൊക്കെ മാറ്റിമറിച്ചു എന്നറിയാന്‍ ഇന്ന് തെളിവുകളൊന്നും അവശേഷിക്കുന്നില്ല. അതിനു കുറച്ചെങ്കിലും സഹായിക്കുന്നത് ഒന്‍പതാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനം വരെയുള്ള ക്ഷേത്ര സംബന്ധിയായ ശാസനങ്ങള്‍ മാത്രമാണ്. ഈ ശാസനങ്ങള്‍ മുഴുവനായി കണ്ടു കിട്ടാതിരുന്ന കാലത്താണ് പാണിനി തന്റെ നയങ്ങള്‍ രൂപപ്പെടുത്തി, തമിഴ് മലയാളമായി രൂപപ്പെട്ട കാലത്തെ കരിന്തമിഴ്ക്കാലമെന്നു (800-1300) വിളിച്ചത്.

മേല്‍ വിസ്തരിച്ച സിദ്ധാന്തങ്ങളുടെ തണലില്‍ നിന്നുകൊണ്ട് മലയാള ഭാഷക്ക്  ‘ക്ലാസ്സിക്കൽ’ പദവി അവകാശപ്പെടാമോ എന്ന് നമുക്ക് പരിശോധിക്കാം. അതിനു മുന്പായി എന്താണ് ‘ക്ലാസ്സിക്കൽ’ എന്ന പദം (അല്ലെങ്കില്‍ പദവി) കൊണ്ടുദ്ദേശിക്കുന്നത് എന്നതിനെ കുറിച്ച് വ്യക്തതയുണ്ടാകണം.

സാഹിത്യം ക്ലാസ്സിക്കാണ് ഭാഷ ക്ലാസ്സിക്കല്ല:

‘ക്ലാസ്സിക്ക് ‘ എന്നാല്‍ പ്രാചീന മെഡിറ്റെറെനിയന്‍ മേഘലകളിലെ (വിശേഷിച്ച് പൌരാണിക ഗ്രീക്ക്, റോമന്‍) ഭാഷ, സാഹിത്യം, തത്ത്വശാസ്ത്രം, ചരിത്രം, കല, പുരാവസ്തു ഗവേഷണം തുടങ്ങിയ   സാമൂഹ്യശാസ്ത്ര ശാഖകളെയെയാണ് സൂചിപ്പിക്കുന്നത്. ക്ലാസ്സിക്കല്‍ യുഗമെന്നാല്‍ പാശ്ചാത്യ സംസ്കാരത്തിന്റെ ‘സുവര്‍ണ്ണ യുഗ’മെന്ന് വിശേഷിപ്പിക്കുന്ന B.C 600 മുതല്‍ A.D 600 വരെയുള്ള കാലഘട്ടമാണ്. ഉയര്‍ന്ന ചിന്തയുടെയും സംസ്കാരത്തിന്റെയും അത് വഴി ഒരു സുവര്‍ണ്ണ കാലഘട്ടത്തിന്റെയും ഭാഗമെന്ന രീതിയിലാണ് സര്‍ഗ്ഗ സൃഷ്ടികളെ, പ്രക്രിയകളെ, അല്ലെങ്കില്‍ വസ്തുക്കളെ ‘ക്ലാസ്സിക്കൽ’ എന്ന് വിളിക്കുന്നത്. അതിനു മുന്‍പോ ശേഷമോ ഉള്ള വിസ്തൃതവും കാലുഷ്യങ്ങള്‍ നിറഞ്ഞതും ഒതുക്കമില്ലാത്തതുമായ കാലഘട്ടത്തില്‍ നിന്നും ഇക്കാലഘട്ടം സ്വയം വത്യസ്തമാകുകയും ചെയ്യുന്നു. പ്രധാനമായും മെഡിറ്റെറെനിയന്‍ പ്രദേശത്തെ ആധാരമാക്കിയുള്ള സാംസ്കാരിക ചരിത്രത്തെയാണ് ഇത് കൊണ്ട് വിവക്ഷിക്കുന്നത്. ഇക്കാര്യത്തില്‍ നിന്നും ഇതൊരു യൂറോ കേന്ദ്രിത സംജ്ഞയാണെന്ന് നമുക്ക് മനസ്സിലാക്കാം. പൌരസ്ത്യ സംസ്കാരങ്ങളെ സംബന്ധിച്ചിടത്തോളം (ഭാരത, ചൈനീസ് മുതലായവ) അതേ കാലഘട്ടത്തിനു ഈ വിശേഷണം തന്നെ നല്‍കുന്നതു ചിലപ്പോള്‍ അസ്ഥാനത്തായേക്കാം. ഭാരതത്തില്‍ 3 ആം നൂറ്റാണ്ടു മുതല്‍ 6 ആം നൂറ്റാണ്ടു വരെ (ഗുപ്ത കാലഘട്ടം) ആണ് ‘സുവര്‍ണ്ണ കാലഘട്ടം’ എന്ന് ചരിത്രകാരന്മാര്‍ വിളിക്കുന്നത്. അതിനര്‍ഥം അതിലും മികച്ച സര്‍ഗ്ഗ സൃഷ്ടികള്‍ അതിനു മുന്‍പോ പിന്‍പോ ഉണ്ടായിട്ടില്ലെന്നല്ല, കാരണം ക്രിസ്തുവിനു മുന്പ് തന്നെ ഭാരതീയ ദര്‍ശനങ്ങളുടെ ഉത്തുംഗശൃംഗങ്ങളായ ‘ഉപനിഷത്തു’ക്കള്‍ രൂപം കൊണ്ടിരുന്നുവല്ലോ.

ഭാഷകളെ സംബന്ധിച്ച് പ്രത്യേകം പറയുകയാണെങ്കില്‍ സ്വതന്ത്ര പാരമ്പര്യമുള്ളതും പുരാതനവും സ്വയം ആവിര്‍ഭവിച്ചതും ബൃഹത്തായ പ്രാചീന സാഹിത്യമുള്‍ക്കൊള്ളൂന്നതുമായ ഭാഷകളെയാണ് ‘ക്ലാസിക്കൽ’  ഭാഷകള്‍ എന്ന് വിളിക്കേണ്ടത്. ചിലപ്പോള്‍ അവ മൃത ഭാഷകളാവാം (ഉദാ. ‘ലാറ്റിൻ,’ മറ്റു ചിലപ്പോള്‍ അവയുടെ സംസാര ഭാഷ സാഹിത്യഭാഷയില്‍ നിന്നും ഏറെ വത്യസ്തവുമാകാം (ഉദാ. ‘ഗ്രീക്ക്,’ ‘തമിഴ്’ മുതലായവ). ക്ലാസ്സിക്കല്‍ ഭാഷകള്‍ക്ക് അവയെ ഉപജീവിച്ച മറ്റു ഭാഷകളുടെ മേല്‍ വിപുലമായ സ്വാധീനം ഗണ്യമായ കാലത്തോളം ഉണ്ടായിരിക്കണം, അവയ്ക്ക് പ്രാഗ് രൂപങ്ങള്‍ പ്രദാനം ചെയ്യണം. കാവ്യത്തിനും ഗദ്യത്തിനും ശൈലി പ്രദാനം ചെയ്യണം, വ്യാകരണ വിശദീകരണം, സാഹിത്യ വര്‍ഗീകരണം, ഉച്ചാരണം, ഉപയോഗം തുടങ്ങിയവ പ്രദാനം ചെയ്യണം. കയ്യെഴുത്ത് പ്രതികളായും അല്ലാതെയും സാഹിത്യം സംരക്ഷിക്കപ്പെട്ടിട്ടുണ്ടാകണം ഇത്തരം മാനദണ്ഡങ്ങള്‍ എല്ലാം പുലര്‍ത്തുന്ന 5 ഭാഷകളെയാണ് പാശ്ചാത്യ ലോകം പൊതുവെ ‘ക്ലാസ്സിക്കൽ’ എന്ന് വിശേഷിപ്പിക്കാറുള്ളത്. ‘ചൈനീസ്’, ‘അറബി’, ‘ലാറ്റിന്‍’, ‘ഗ്രീക്ക്’, ‘സംസ്കൃതം’ എന്നിവയാണവ. ദ്രാവിഡ ഭാഷകളുടെ പ്രാചീനതയ്ക്ക് തെളിവുകള്‍ (പാശ്ചാത്യ ചരിത്ര സാഹിത്യത്തിൽ) ലഭ്യമല്ലാത്തത് കൊണ്ട് മാത്രം ‘തമിഴ് ‘ ഇതില്‍ നിന്ന് പുറത്തായെന്നെ ഉള്ളൂ. കൊളോണിയല്‍ ഭാരണാധികാരികളുടെ ദ്രാവിഡ ഭാഷകളോടുള്ള അവഗണനയും ഇതിനൊരു പരിധി വരെ കാരണമായിട്ടുണ്ട്. എന്നാല്‍ ഇവയില്‍ ഏത് അളവുകോല്‍ വെച്ചായാലും ഇന്ന് ലഭ്യമായ തെളിവുകള്‍ വഴി ‘തമിഴ്’ ഒരു ക്ലാസ്സിക്കല്‍ ഭാഷ ആണെന്ന് കാണാന്‍ കഴിയും.

സാഹിത്യത്തില്‍ എന്താണ് ‘ക്ലാസ്സിക്ക് ‘എന്നതിനെ കുറിച്ച് പല വ്യാഖ്യാനങ്ങളുമുണ്ട്. പ്രധാനമായി സാര്‍വജനീനതയും സാര്‍വ്വകാലികതയും ക്ലാസ്സിക്കിന്റെ ലക്ഷണങ്ങളാണ്; ഓരോരുത്തരോടും വൈയക്തികമായി സംവദിക്കുന്നതും, സ്നേഹം, ദ്വേഷം, ജീവിതം, മരണം, വിശ്വാസം, സദാചാരം തുടങ്ങി മനുഷ്യ ജീവിതത്തെ ആഴത്തില്‍ സ്വാധീനിക്കുന്ന വൈകാരിക പ്രതികരണങ്ങളെ പ്രതിപാദിക്കുന്ന വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നതും എഴുതുന്ന കാലഘട്ടത്തെ പ്രതിനിധാനം ചെയ്യുമ്പോഴും കാലത്തെ അതിജീവിക്കുന്നതും ഏതു വായനക്കാരനും സമകാലികത അനുഭവപ്പെടുത്തുന്നതെന്ന് അംഗീകാരം ലഭിച്ചിട്ടുള്ളതും നിലനില്‍ക്കുന്നതുമായ കൃതികളെ ക്ലാസ്സിക്കുകള്‍ എന്ന് വിളിക്കാം  (അതിനാല്‍ തന്നെ സമീപകാല കൃതികളെ ക്ലാസ്സിക് എന്ന് വിളിക്കുക സാധ്യമല്ല). കഥാകൃത്തായ ഇറ്റാലോ കാല്‍വിനോ (1923-1985) യുടെ അഭിപ്രായത്തില്‍ ‘പറയാനുദ്ദേശിക്കുന്നത് ഒരിക്കലും പറഞ്ഞു തീരാത്ത കൃതികളെ’യാണ് ‘ക്ലാസ്സിക്ക്’ എന്ന് വിളിക്കേണ്ടത് (Italo Calvino – ‘Why Read the Classics’).

സാഹിത്യ രൂപങ്ങള്‍ അഭിവൃദ്ധി പ്രാപിച്ച ലോക ഭാഷകളില്‍ പലതിലും ക്ലാസ്സിക്കുകള്‍ ഉണ്ടായിട്ടുണ്ട്. അത് ക്ലാസ്സിക്കല്‍ ഭാഷകളില്‍ തന്നെ ആയിക്കൊള്ളണമെന്നില്ല. ഉദാഹരണത്തിന് ‘ഇംഗ്ലീഷ് ‘, ‘റഷ്യന്‍’, ‘ഫ്രഞ്ച് ‘ പോലുള്ള ആധുനിക ഭാഷകളില്‍ പല ക്ലാസ്സിക്ക് കൃതികളും പുറത്ത് വന്നിട്ടുണ്ട്. (ഉദാ: മില്‍ട്ടന്റെ ‘പറുദീസാ നഷ്ടം’, ടോള്‍സ്ട്രോയുടെ ‘അന്ന കരാനീന’, ഹ്യുഗോയുടെ ‘പാവങ്ങൾ’) മലയാളത്തിലും ക്ലാസ്സിക്കുകള്‍ (എഴുത്തച്ഛന്റെ ‘രാമായണം’, ‘മഹാഭാരതം’ കിളിപ്പാട്ടുകൾ, ചെറുശ്ശേരിയുടെ ‘കൃഷ്ണഗാഥ’ തുടങ്ങിയവ) ഉണ്ടെന്നുള്ളത് നേരാണ്. അതിനര്‍ത്ഥം മലയാള ഭാഷയില്‍ ക്ലാസ്സിക്കല്‍ കൃതികള്‍ ഉണ്ടെന്നെയുള്ളൂ, ഭാഷ ക്ലാസ്സിക്കല്‍ ആകുന്നില്ല. ഇവ കൂട്ടിക്കുഴച്ചുള്ള അവകാശ വാദങ്ങളാണ് മലയാളത്തെ സംബന്ധിച്ചിടത്തോളം നമ്മെ തെറ്റിദ്ധരിപ്പിക്കുന്നത്.

സാഹിത്യ പൂര്‍വ്വ മലയാളം:

മലയാളത്തിലെ ആദ്യത്തെ സാഹിത്യ കൃതിയെന്ന് പരക്കെ അംഗീകരിച്ചുപോന്നിട്ടുള്ളത് ‘രാമചരിത’മാണ് (ചീരാമന്‍ – 14 ആം നൂറ്റാണ്ട് ). അതിനു മുമ്പുണ്ടായിട്ടുള്ള കൃതികളൊന്നും ഇതുവരെ ലഭ്യമല്ല.
തനതു സാഹിത്യരൂപങ്ങള്‍ ആവിര്‍ഭവിക്കുന്നതിനു മുമ്പുള്ള മലയാള ഭാഷയെക്കുറിച്ച് ‘കൈരളിയുടെ കഥ’യില്‍ എന്‍ കൃഷ്ണപിള്ള പറയുന്നതെന്താണെന്ന് കാണാം :

“സാഹിത്യപൂര്‍വ്വ മലയാള ഭാഷയുടെ സ്വരൂപ നിര്‍ണ്ണയത്തിനു ശിലാഫലകത്തിലും ചെപ്പേടുകളിലും രേഖപ്പെട്ടു കിടക്കുന്ന ശാസനങ്ങളേക്കാള്‍ വിശ്വാസയോഗ്യമായ മറ്റൊരുപാധിയും ലഭ്യമല്ല തന്നെ. 12 ആം നൂറ്റാണ്ടാകുമ്പോഴേക്കും പ്രാചീന തമിഴ് സന്ധി നിയമങ്ങളില്‍ നിന്നും ആധുനിക മലയാള സന്ധി നിയമങ്ങളിലേക്കുള്ള പരിവര്‍ത്തനം കാണാം. ഇത് ശാസനങ്ങളില്‍ പ്രകടമാണ്. എന്നാല്‍ ശാസന ഭാഷ സാധാരണ ജനങ്ങളുടെ വ്യവഹാര ഭാഷയെയല്ല പ്രതിനിധാനം ചെയ്യുന്നത്. അവയില്‍ ഒരു തരം ആധാരമെഴുത്ത് രീതിയാണ് കടന്നുകൂടിയിട്ടുള്ളത്. കേരളത്തിലെ ശാസനങ്ങള്‍ക്ക് തമിഴ് ചട്ടക്കൂടാണുള്ളത്. കേരളത്തില്‍ ആധിപത്യം പുലര്‍ത്തിയ രാഷ്ട്രീയ അധികാരികളുടെ ഔദ്യോഗിക ഭാഷയാണ്‌ ഇവയില്‍ കാണുന്നത്. ഒന്‍പതാം ശതകം മുതല്‍ പത്തൊന്‍പതാം ശതകം വരെ എഴുതപ്പെട്ട നിരവധി ശാസനങ്ങള്‍ നമുക്ക് ലഭ്യമായിട്ടുണ്ട്. അവയില്‍ പലതിന്റെയും ഭാഷയും ലിപിയും വ്യത്യസ്തമാണ്. ചിലത് തമിഴിലും മറ്റു ചിലത് സംസ്കൃതത്തിലുമാണ്. (യഥാക്രമം തമിഴ്, ദേവനാഗിരി ലിപികളിൽ). വിദേശികളുമായുള്ള സമ്പര്‍ക്കമുള്ളിടങ്ങളില്‍ അവരുടെ ഭാഷകളുടെ സ്വാധീനവും ഉണ്ടായി. അതിനാല്‍ മാനകമായ ഒരു ശാസന ഭാഷ നമുക്കുണ്ടായിട്ടില്ല എന്നാല്‍ മലയാള ഭാഷ ക്രമാനുഗതമായി വളര്‍ന്നു വരുന്നത് കാണാനാകുകായും ചെയ്യും.”

ശാസനങ്ങളെ കുറിച്ച് പ്രൊഫ. സി. എൽ. ആന്റണിയുടെ അഭിപ്രായം ഇതാണ് :
“രാജ ഭാഷയായ ചെന്തമിഴിലേക്ക് കേരളത്തിലെ വ്യവഹാര ഭാഷയുടെ തള്ളിക്കയറ്റമാണ് 9 മുതല്‍ 13 വരെയുള്ള നൂറ്റാണ്ടുകളിലെ ശാസനങ്ങളില്‍ കാണുന്നത്. അത് സാഹിത്യഭാഷയുടെ വികാസ പരിണാമങ്ങളല്ല മറിച്ച് വ്യവഹാര ഭാഷയുടെ സംക്രമണം മൂലം രാജ ഭാഷയായ ചെന്തമിഴിനു കേരളത്തില്‍ വന്നുകൂടിയ ശൈഥില്യമാണ് ശാസനങ്ങൾ വ്യക്തമാക്കുന്നത്.” (‘സാഹിത്യ ചരിത്രം – പ്രസ്ഥാനങ്ങളിലൂടെ‘).

‘വാഴപ്പള്ളി ചെപ്പേട് ‘ (AD 820-844), ‘തരിസാപ്പള്ളി ചെപ്പേട് ‘ (AD 844-885), ‘തിരുനെല്ലി ശാസനം’ (AD 1009), ‘പെരുന്ന ശാസനം’ (AD 1080), ‘തിരുവമ്പാടി ശാസനം’ (AD 1196), ‘കിളിമാനൂര്‍ ശാസനം’ (AD 1441), ഇവയാണ് ലഭ്യമായിടുള്ള പ്രധാന ശാസനങ്ങൾ. ഇവയ്ക്കു സമാന്തരമായി മലനാട്ടു തമിഴിലുണ്ടായ ഒരു ഗദ്യ കൃതിയാണ് ‘ഭാഷാകൌടിലീയം’ (കൌടില്യന്റെ അര്‍ത്ഥ ശാസ്ത്രത്തിന്റെ പരിഭാഷ). ലിഖിത ഭാഷ അതതു കാലത്തിന്റെ സാഹിത്യ ഭാഷയുമായി സാമ്യമുണ്ടാകണമെന്നില്ല. ഉദാ: ‘കൃഷ്ണഗാഥ’യുടെ ഭാഷയും (15 ആം നൂറ്റാണ്ട്) അക്കാലത്തെ ലിഖിതങ്ങളും തമ്മില്‍ ഏറെ വത്യാസമുണ്ട്. അതിനാല്‍ ലിഖിതങ്ങളെ മാത്രം അടിസ്ഥാനമാക്കി ഭാഷയുടെ വളര്‍ച്ചയെക്കുറിച്ചോ സാഹിത്യ ഗുണത്തെക്കുറിച്ചോ ചെന്നെത്തിയേക്കാവുന്ന തീര്‍പ്പുകള്‍ നമ്മെ ചിലപ്പോഴെങ്കിലും വഴിതെറ്റിച്ചേക്കാം. അതിനാല്‍ ഭാഷയെ അറിയുമ്പോള്‍ സാഹിത്യത്തെയും അറിയാന്‍ ശ്രമിക്കുന്നതാണ് ആശാസ്യം.

മലയാള സാഹിത്യ ചരിത്രം:

ആദ്യകാല കേരള സാഹിത്യത്തില്‍ നിലനിന്ന രണ്ടു വത്യസ്ഥ ധാരകളാണ് ‘പാട്ടും’ ‘മണിപ്രവാളവും’. മണിപ്രവാള ലക്ഷണ ഗ്രന്ഥമായ ‘ലീലാതിലക’ത്തിലാണ് പാട്ടിനെക്കുറിച്ചുള്ള ആദ്യ പരാമര്‍ശം ഉള്ളത്. “ദ്രമിഡസംഘാതാക്ഷര നിബദ്ധമെതുകമോന വൃത്തവിശേഷയുക്തം പാട്ട് ” എന്നാണ് ലീലാതികം (ശില്‍പം1 സൂത്രം 11) ‘പാട്ടി’നെ വിശേഷിപ്പിക്കുന്നത്. ‘ദ്രമിഡ സംഘാത പാദം’ എന്ന തമിഴ് അക്ഷരമാല (30 വര്‍ണ്ണങ്ങള്‍ ഉള്ളത്) മാത്രമാണ് പാട്ടില്‍ ഉപയോഗിക്കുകയെന്ന് ഇത് വ്യക്തമാക്കുന്നു. ഇത് ഇന്നത്തെ മലയാളത്തെക്കാള്‍ തമിഴിനോടടുത്തു നില്‍ക്കുന്നു. തമിഴ് പ്രാസങ്ങളായ ‘യതുക’ (ദ്വിതീയാക്ഷരപ്രാസം), ‘മോന’ (അന്താക്ഷരം) എന്നിവയോടു കൂടി ദ്രാവിഡ വൃത്തങ്ങളില്‍ രചിക്കുന്ന കൃതിയെന്നാണ് പാട്ടിന്റെ നിര്‍വചനത്തിന്റെ സാരം.

‘ഭാഷാ സംസ്കൃത യോഗോ മണിപ്രവാളം’ എന്നാണു ‘ലീലാതിലകം’ (ശില്‍പം 1 സൂത്രം 1) ‘മണിപ്രവാള’ത്തിനു ലക്ഷണം കല്‍പ്പിക്കുന്നത്. കേരള ഭാഷയും വിഭക്ത്യന്ത സംസ്കൃതവും സഹൃദയഹൃദയാഹ്ലാദകരമായി ചേരുന്നതാണ് മണിപ്രവാളമെന്നു പറയുന്നത്. തമിഴ്നാട്ടിലും ആന്ധ്രയിലുമെല്ലം പ്രാദേശിക ഭാഷയും സംസ്കൃതവുമായി ചേര്‍ന്നുള്ള മണിപ്രവാളങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും വ്യക്തിത്വമുള്ള ഒരു സാഹിത്യരൂപമായി കേരളത്തില്‍ മാത്രമാണ് അത് വികസിച്ചിട്ടുള്ളത്. കൂത്ത്, കൂടിയാട്ടം എന്നിവയുടെ വികാസവും പരിണാമവും ‘മണിപ്രവാള’ ഭാഷയെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. കണ്ടു കിട്ടിയ ‘മണിപ്രവാള’ കൃതികളില്‍ ഏറ്റവും പഴക്കം ‘വൈശിക തന്ത്ര’ത്തിനാണ്, പുതിയതാകട്ടെ ‘ചന്ദ്രോത്സവ’വും.

ഒരു പക്ഷെ ഭാഷയുടെ ആവിര്‍ഭാവത്തോടടുത്ത് തന്നെ ‘പാട്ട്’ പ്രസ്ഥാനവും രൂപം കൊണ്ടിട്ടുണ്ടാകാം, ‘രാമചരിത’മെന്ന ബ്രഹദ് കാവ്യം തന്നെ ആദ്യമുണ്ടാവുകയെന്നത് അസ്വാഭാവികമായതിനാല്‍ ആദ്യ കാല കൃതികള്‍ നഷ്ടപ്പെട്ടുപോയതായി അനുമാനിക്കാം. സംസ്കൃത പരിചയമില്ലാത്ത സാമാന്യ ജനങ്ങള്‍ക്ക്‌ വേണ്ടിയാണ് ‘രാമചരിതം’ രചിചിട്ടുള്ളതെന്നു കവി (ചീരാമന്‍) കാവ്യാരംഭത്തില്‍ സൂചിപ്പിക്കുന്നുണ്ട്. അക്കാലം വരെയുള്ള സാമാന്യ കാവ്യാസ്വാദകര്‍ വായിച്ചു കൊണ്ടിരുന്നത് ലളിത ചെന്തമിഴ് കൃതികളായിരുന്നുവന്നു ഇതില്‍ നിന്നനുമാനിക്കാം.

രാമചരിതത്തിന്റെ ഭാഷ:

“തുനയെനക്കിതിനു മിക്കവരു, മുള്‍ക്കനമേറ-
ച്ചുരുങ്കി നോരകുതിയെന്ററിഞ്ഞു നല്ലവരെല്ലാം,
പണിയിതര്‍ക്കിവനെനക്കരുതി നൊയ്യവര്‍കളും,
പകയരാവതിനറപ്പരെന്നോടൊപ്പമുടയോര്‍,
പിനങ്ങുവോരില്ലയെന്നും പോഴുതുപോയിടയിട-
പ്പിഴമുഴുക്കിലും, എനത്തെളിഞ്ഞരക്കരെ മുന്നം
മണിവര്‍ണ്ണന്‍ മനുചനായ്പ്പൊരുത പോര്‍ക്കുടമതന്‍
വഴിയുരൈപ്പതിനു കോലിനതെന്‍ മേതകൊടു ഞാന്‍” (Sic)
(പടലം 1, പാട്ട് 8 – ‘രാമചരിതം’)

തമിഴാണ് എന്ന് തോന്നിക്കുന്ന ഭാഷയാണ്‌ ‘രാമചരിത’ത്തിലുള്ളത്. ‘പാട്ടി’ന്റെ ലക്ഷണം കണിശമായി പിന്തുടരുകയാണിതിൽ. (1980 കളില്‍ കണ്ണൂര്‍ ജില്ലയിലെ വെള്ളൂര്‍ ചാമക്കാവില്‍ നിന്നും കണ്ടെടുക്കപ്പെട്ട ‘തിരുനിഴല്‍മാലയും’ ഒരു പരിധിവരെ പാട്ടിന്റെ ലക്ഷണങ്ങള്‍ അനുസരിക്കുന്നു. 1200-1300 കാലഘട്ടത്തിലെ കൃതിയാണിതെന്നാണ് കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ഡോ: പുരുഷോത്തമന്‍ നായര്‍ ‘തിരുനിഴല്‍മാല’യെക്കുറിച്ച് അഭിപ്രായപ്പെടുന്നത്. – ‘മലയാള കവിതാ സാഹിത്യ ചരിത്രം’, ‘കവിതയുടെ അടിവേരുകൾ’ – P 26). എന്നാല്‍ പ്രമേയത്തിലും കാവ്യസന്ദര്‍ഭത്തിലും ‘രാമചരിതം’ സംസ്കൃതത്തെ അനുകരിക്കുകയും ചെയ്യുന്നുണ്ട്. വാല്മീകി രാമായണത്തെ അവലംബിച്ചാണ് രചിക്കപ്പെട്ടതെങ്കിലും ‘രാമചരിത’ത്തിനു കമ്പ രാമായണത്തോടുള്ള കടപ്പാടും നാം കണക്കാക്കേണ്ടതാണ്. കമ്പരാമായണം രണ്ടു കവികള്‍ ചേര്‍ന്നെഴുതി എന്നാണു പറയപ്പെടുന്നത്. ബാലകാണ്ഡം മുതല്‍ സുന്ദരകാണ്ഡം വരെ ഓട്ടക്കൂത്തനും (ചോള രാജാവിന്റെ ആസ്ഥാന കവി) യുദ്ധം മുതല്‍ പട്ടാഭിഷേകം വരെ കമ്പരും. (കമ്പര്‍ക്ക് വേണ്ടി സരസ്വതി ദേവിയാണ് രചന നടത്തിയതെന്നാണ്‌ തമിഴര്‍ വിശ്വസിക്കുന്നത്. കമ്പര്‍ ശ്രീ പരമേശ്വരന്‍ തന്നെയാണെന്നും ഐതിഹ്യം). കമ്പര്‍ എഴുതിയ യുദ്ധകാണ്ഡം തന്നെയാണ് തമിഴിലെ കമ്പരാമായണം. അതിനാലാണ് ചീരാമന്‍ യുദ്ധകാണ്ഡം എഴുതിയതെന്നു കണക്കാക്കാം.

ഇതില്‍ നിന്ന് വ്യക്തമാകുന്നത് ‘രാമചരിത’ കാലത്ത് പോലും മലയാളം വളര്‍ച്ച പ്രാപിച്ച ഒരു സ്വതന്ത്ര ഭാഷയായി രൂപപ്പെട്ടിട്ടില്ല എന്നത് തന്നെയാണ്. രാമചരിതം തമിഴാണോ മലയാളമാണോ അതോ മിശ്ര രൂപമാണോ എന്നതിനെ പറ്റി പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായ വത്യാസം ഇന്നും നിലനില്‍ക്കുന്നു. മലയാളത്തിലെ ആദ്യത്തെ സാഹിത്യ കൃതിയുടെ അവസ്ഥ ഇതാണ്. അപ്പോള്‍ ക്ലാസ്സിക്കല്‍ പദവി ലഭിക്കാനുള്ള ‘കൃതികളുടെ 1500 മുതല്‍ 2000 വര്‍ഷം വരെയുള്ള പ്രാചീനത’ എങ്ങിനെയാണ് നമുക്ക് അവകാശപ്പെടാനാകുക? എങ്കിലും രാമചരിതത്തിന്റെ സാഹിത്യ പ്രാധാന്യത്തെ ഇത് കുറച്ചു കളയുന്നില്ലെന്നു സൂചിപ്പിക്കേണ്ടിയിരിക്കുന്നു. ഭാഷാ പരിണാമത്തിലെ സുപ്രധാനമായ ഒരേടാണ് ‘രാമചരിതം’. രാമചരിതകാരനായ ചീരാമനെക്കുറിച്ച് മഹാകവി ഉള്ളൂര്‍ ‘മലയാളത്തിന്റെ ചൌസർ’ എന്നാണഭിപ്രായപ്പെട്ടത്.

‘രാമചരിത’ത്തിനു ശേഷം:
‘രാമചരിത’ത്തിനു ശേഷം മലയാള സാഹിത്യത്തെ അടയാളപ്പെടുത്തുന്നത് കണ്ണശ്ശ കവികളാണ് (നിരണം കവികൾ). പതിന്നാലാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തിലോ പതിനഞ്ചാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ധത്തിലോ ആകാം കണ്ണശ്ശന്‍മാരുടെ കാലഘട്ടം. കരുണേശന്‍, പുത്രന്മാരായ മാധവപ്പണിക്കർ, ശങ്കരപ്പണിക്കർ, പൌത്രനായ രാമപ്പണിക്കര്‍ എന്നിവരെയാണ് കണ്ണശ്ശന്മാര്‍ എന്ന പേര് കൊണ്ട് വിശേഷിപ്പിക്കുന്നത് (എന്നാല്‍ കണ്ണശ്ശന്മാര്‍ ബന്ധുക്കളല്ലെന്ന് കരുതുന്നവരുമുണ്ട്). കരുണേശന്റെ  കൃതികളൊന്നും ലഭ്യമല്ലാത്തതിനാല്‍ ‘കണ്ണശ്ശ പ്രസ്ഥാന’ത്തില്‍ മറ്റു മൂന്നു പേരുടെ കൃതികളാണ് ഉള്‍ക്കൊള്ളുന്നത്. ‘ഭാഷാഭഗവദ്ഗീത’ (മാധവപ്പണിക്കർ), ‘രാമായണം’, ‘ഭാഗവതം’, ‘മഹാഭാരതം’, ‘ശിവരാത്രിമാഹാത്മ്യം’ (രാമപ്പണിക്കർ) എന്നിവയാണ് കണ്ണശ്ശന്മാരുടെ പ്രധാന കൃതികൾ. മണിപ്രവാളത്തിന്റെ പ്രഭാവം നിലനിന്ന കാലത്ത് (12 മുതല്‍ 15 വരെ നൂറ്റാണ്ടുകളിൽ തന്നെയാണ് കണ്ണശ്ശന്മാര്‍ കാവ്യ രചന നടത്തിയത്. ലിപി ദാരിദ്ര്യമാണ് ഭാഷയുടെ പുരോഗതിക്ക് തടസ്സമെന്ന് തിരിച്ചറിഞ്ഞ കണ്ണശ്ശന്മാര്‍ മണിപ്രവാളത്തിന്റെ ഭാഷയെ മന:പൂര്‍വ്വം സ്വീകരിച്ചു (അങ്ങിനെ ‘ദ്രമിഡ സംഘാതാക്ഷരം’ എന്ന നിയമത്തെ തിരസ്കരിച്ചു).

തമിഴ് പാരമ്പര്യത്തില്‍ നിന്നുള്ള വ്യക്തമായ അകല്‍ച്ച ഈ കാലഘട്ടം സൂചിപ്പിക്കുന്നു. ഇന്നത്തെ മലയാളികള്‍ക്ക് ആശയഗ്രഹണത്തിനു തടസ്സമുണ്ടാക്കാത്ത ഭാഷയാണ് കണ്ണശ്ശന്മാരുടെത്. അതിനാല്‍ കേരള ഭാഷ സ്വതന്ത്ര പ്രാദേശിക ഭാഷയായി രൂപം കൊള്ളൂന്നത് കണ്ണശ്ശ കൃതികളില്‍ കാണാം. കേരള ഭാഷയിലെ ആദ്യ സമ്പൂര്‍ണ്ണ രാമായണം രാമപ്പണിക്കരുടെതാണ്. വര്‍ണ്ണപരമായും വ്യാകരണപരമായും കണ്ണശ്ശ കൃതികളില്‍ നിലനിന്ന അവ്യവസ്ഥിതത്വങ്ങള്‍ ഭാഷയുടെ അക്കാലത്തെ പരിണാമത്തെയാണ് സൂചിപ്പിക്കുന്നത്.

കണ്ണശ്ശന്മാര്‍ക്ക് ശേഷം വന്ന ചെറുശ്ശേരി നമ്പൂതിരിയാണ് (1375-1475) ലക്ഷണമൊത്ത ഒരു മഹാകാവ്യം മലയാളത്തില്‍ എഴുതിയത്. കൊലത്തുനാടു രാജാവിന്റെ (ഉദയവര്‍മ്മ രാജ) ആശ്രിതനെന്ന് കരുതപ്പെടുന്ന ഇദ്ദേഹം ഭാഗവതം ദശമസ്കന്ദത്തെ ആസ്പദമാക്കിയാണ് ‘കൃഷ്ണഗാഥ’ രൂപപ്പെടുത്തിയത്. പതിനഞ്ചാം നൂറ്റാണ്ടില്‍ വടക്കന്‍ കേരളത്തില്‍ നിലനിന്നിരുന്ന വാമൊഴി കലര്‍ന്ന ലളിതവും മധുരവുമായ ഭാഷയില്‍ ‘മഞ്ജരി’ വൃത്തത്തിലാണ് കൃഷ്ണഗാഥ രചിച്ചിരിക്കുന്നത്.

“മാണ്‍പെഴുന്നോ ചില മാന്‍പേടകളെല്ലാം
ചാമ്പി മയങ്ങിയ കണ്മിഴിയും
ഒട്ടൊട്ടു ചിമ്മിക്കൊണ്ടിഷ്ടത്തിലമ്പോടു
വട്ടത്തില്‍ മേവീതെ പെട്ടെന്നപ്പോള്‍”
ഇങ്ങനെ ഇന്നത്തെ മലയാളികള്‍ക്ക് അര്‍ത്ഥം ഗ്രഹിക്കാന്‍ ഏറെ ബുദ്ധിമുട്ടേണ്ടാത്ത ഭാഷയാണ്‌ ‘കൃഷ്ണഗാഥ’യിൽ

ചെറുശ്ശേരിക്കും എഴുത്തച്ഛനുമിടയില്‍ അയ്യിപ്പിള്ള ആശാന്‍ രചിച്ച ‘രാമകഥപ്പാട്ട് ‘എന്ന ഒരു കൃതി കൂടിയുണ്ട്. പതിനഞ്ച് പതിനാറു നൂറ്റാണ്ടുകളില്‍ തെക്കന്‍ കേരളത്തില്‍ (വിഴിഞ്ഞം തുടങ്ങിയ സ്ഥലങ്ങളിൽ) നായന്മാര്‍ സംസാരിച്ചിരുന്ന തമിഴ് കലര്‍ന്ന ദേശ്യ ഭാഷയിലാണ് ഈ കൃതി രചിക്കപ്പെട്ടിരിക്കുന്നത്. ചന്ദ്രവാദ്യം എന്ന ലഘുവാദ്യമുപയോഗിച്ച് പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഉത്സവകാലത്ത് ഈ കൃതി പാടിയിരുന്നു (‘കൈരളിയുടെ കഥ’ – 129). എഴുത്തച്ഛന്റെ രാമായണത്തെക്കാള്‍ വലിപ്പമുള്ള ഈ കൃതി വാല്മീകി രാമായണത്തെ തന്നെയാണ് അനുവര്‍ത്തിക്കുന്നത്. തെക്കന്‍ ദേശങ്ങളില്‍ അപ്പോഴും (വടക്ക് ‘കൃഷ്ണഗാഥ’ വന്നു കഴിഞ്ഞ ശേഷവും) ഭാഷാ പരിണാമം പൂര്‍ണ്ണമായിരുന്നില്ലെന്നു ‘രാമകഥാപാട്ടി’ലെ വരികള്‍ വ്യക്തമാക്കുന്നു.

“വേട്ടപെണ്ണൈക്കളവാണ്ട കള്ളനങ്കിരിക്ക
ചെറുതാവിലെ  നാനും കിടന്തിങ്കെ മരിക്ക!
ചാറ്റമറ്റ കുരങ്കൈ ചെരുമ്പരിക്കതമ്മൈ –
ത്തരം കെടുത്ത രാവണനുമങ്കിരുന്തു ചിരിക്ക!”

16 ആം നൂറ്റാണ്ടാണ് എഴുത്തച്ഛന്റെ കാലഘട്ടം. മലയാള ഭാഷക്ക് ഒരു മാനക രൂപം കൈവരുന്നത് എഴുത്തച്ഛനിലൂടെയാണ്. വര്‍ണ്ണത്തിലും പദങ്ങളിലുമുള്ള മാറ്റങ്ങൾ, പാട്ടിനെയും മണിപ്രവാളത്തെയും സമന്വയിപ്പിക്കുന്ന രീതി എന്നിവ കണ്ണശ്ശന്മാരും ചെറുശ്ശേരിയും തുടങ്ങി വെച്ചെങ്കില്‍ അവ പൂര്‍ത്തിയാക്കിയത് എഴുത്തച്ഛനാണ്. ഒരു തരത്തില്‍ പറഞ്ഞാല്‍ കേരള സമൂഹത്തില്‍ നൂറ്റാണ്ടുകളായി തുടര്‍ന്നു വന്ന നവീകരണത്തിന്റെ സാംസ്കാരിക ഫലമായിരുന്നു എഴുത്തച്ഛന്‍ കവിത. കിളിപ്പാട്ട് രൂപത്തില്‍ രചിക്കപ്പെട്ട ‘അദ്ധ്യാത്മ രാമായണം’, ‘ഭാരതം’ എന്നിവയാണ് എഴുത്തച്ഛന്‍ കൃതികൾ. ‘ഭാഗവതം കിളിപ്പാട്ട് ‘, ‘ഹരിനാമകീര്‍ത്തനം’, ‘ദേവീമാഹാത്മ്യം’, ‘ചിന്താരത്നം’ എന്നിവയും എഴുത്തച്ഛന്റേതാണെന്ന് പറയപ്പെടാറുണ്ടെങ്കിലും അവ തര്‍ക്കരഹിതമല്ല. ഭോഗാലസവും സാംസ്കാരികമായി ജീര്‍ണ്ണിച്ചതുമായ ഒരു സമൂഹത്തെ ഉദ്ധരിക്കുവാന്‍ ഭക്തിയുടെ വഴികള്‍ സ്വീകരിക്കണമെന്നും അത് നിലനിര്‍ത്തുവാന്‍ തത്ത്വചിന്തയുടെ അടിത്തറ വേണമെന്നും എഴുത്തച്ഛന്‍ തിരിച്ചറിഞ്ഞു. മണിപ്രവാള കാവ്യങ്ങള്‍ അന്നോളം കൈകാര്യം ചെയ്തു വന്നിരുന്ന മഹിളാളി വിഷയങ്ങളെ ബോധപൂര്‍വ്വം അകറ്റി ഭക്തിപ്രസ്ഥാനത്തിന് അടിത്തറ പാകുകയായിരുന്നു എഴുത്തച്ഛന്‍ ചെയ്തത്.

വൈകാരികാംശത്തെ മാറ്റി നിര്‍ത്തി സത്യസന്ധമായി വിലയിരുത്തുകയാണെങ്കില്‍ എഴുത്തച്ഛനു മുന്‍പുള്ള മലയാള സാഹിത്യം (‘കൃഷ്ണഗാഥ’ ഒഴിച്ച് നിര്‍ത്തിയാൽ) ശുഷ്കമാണെന്നു കാണാം. എഴുത്തച്ഛനു ശേഷമാണ് കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍ കൃതികളും ആട്ടക്കഥകളും പാനയും പച്ചമലയാള (വെണ്മണി) പ്രസ്ഥാനവുമൊക്കെ മലയാള ഭാഷയില്‍ ഉയര്‍ന്നു വരുന്നത്. തുടര്‍ന്ന് പാശ്ചാത്യ ശീലങ്ങളുടെ ചുവടു പിടിച്ച് ‘റൊമാന്റിസിസ’വും ‘സോഷ്യലിസ്റ്റ്‌ ഹ്യുമനിസ’വും പുരോഗമന സാഹിത്യ പ്രസ്ഥാനങ്ങളും ‘ആധുനികത’യും ഒക്കെ മലയാളത്തില്‍ ആവിര്‍ഭാവം ചെയ്തു. ഇന്ന് കാണുന്ന ‘ഉത്തരാധുനികത’യിലേക്കുള്ള മലയാള സാഹിത്യത്തിന്റെ വളര്‍ച്ചയുടെ പാത ഇങ്ങിനെയാണ്‌. ആധുനിക മലയാള സാഹിത്യം ഇന്ന് ചില വിഭാഗങ്ങളിലെങ്കിലും ലോകോത്തരം തന്നെയാണെന്നതില്‍ സംശയമില്ല (ഉദാ: ചെറുകഥ). എങ്കിലും ഈ പുരോഗതി കൈവരിക്കുന്നത് കഴിഞ്ഞ ഒരു നൂറ്റാണ്ടിലാണെന്നോര്‍ക്കണം. സാമൂഹിക നവോദ്ധാനം ഭാഷയില്‍ സൃഷ്ടിച്ച ചലനങ്ങളുടെ പ്രതിഫലനങ്ങളായിരുന്നു കാലക്രമത്തില്‍ ഉയര്‍ന്നുവന്ന ഓരോ സാഹിത്യ പ്രവണതയും. പ്രതിഭാധനരായ ഒരു പറ്റം എഴുത്തുകാര്‍ തങ്ങളുടെ സര്‍ഗാത്മകതയും സാമൂഹിക പ്രതിബദ്ധതയും സാഹിത്യ സൃഷ്ടികളായി ആവിഷ്കരിക്കുകയായിരുന്നു. ഈ സാഹിത്യ പാരമ്പര്യം സജീവമായി നിലനിര്‍ത്താന്‍ എന്ത് ചെയ്യണമെന്നാണ് നാം ഇപ്പോള്‍ ചിന്തിക്കേണ്ടത്. അല്ലാതെ വെറുമൊരു പദവിയുടെ പേരില്‍ മറ്റു ഭാഷകളുമായി മത്സരത്തില്‍ ഏര്‍പ്പെടുകയല്ല.

സാഹിത്യ അക്കാദമിയുടെ ‘ക്ലാസ്സിക്കല്‍ ‘ മാനദണ്ഡങ്ങള്‍ :

1 ആദ്യകാല കൃതികളുടെ പ്രാചീനത (1500 മുതല്‍ 2000 വര്‍ഷങ്ങള്‍ വരെ)
2 തലമുറകളായി സംസാരിക്കുന്നവര്‍ വിലപ്പെട്ട പൈതൃകമായി കണക്കാക്കുന്ന കൃതികള്‍
3 മറ്റു സംഭാഷണ വര്‍ഗ്ഗങ്ങളില്‍ നിന്നും കടം കൊള്ളാത്ത യഥാര്‍ത്ഥ സാഹിത്യ പാരമ്പര്യം
4 ക്ലാസ്സിക്കല്‍ ഭാഷയും സാഹിത്യവും മറ്റുള്ളവയില്‍ നിന്നും വത്യസ്തമായിരിക്കണം

കേന്ദ്ര സര്‍ക്കാരും അത് വഴി കേന്ദ്രസാഹിത്യ അക്കാദമിയും സ്വയം തീരുമാനിച്ചതായ ഇവയല്ലാതെ അന്തര്‍ദ്ദേശീയ തലത്തില്‍ ‘ക്ലാസ്സിക്കൽ’ പദവി നിര്‍ണ്ണയിക്കാന്‍ മാനദണ്ഡങ്ങള്‍ ഒന്നുമില്ല, ചില സ്ഥാപിത താല്പര്യക്കാര്‍ യുനെസ്കോ അംഗീകരിച്ച ലിസ്റ്റ് ഉണ്ടെന്നൊക്കെ പറഞ്ഞു പരത്തുന്നുണ്ടെങ്കിലും അതൊക്കെ വെറും പ്രചാരണങ്ങള്‍ മാത്രമാണ്. മുന്‍പേ പറഞ്ഞ വിവിധ കാരണങ്ങള്‍ കൊണ്ട് തന്നെ ഒന്നാമത്തെയും മൂന്നാമത്തെയും മാനദണ്ഡങ്ങള്‍ മലയാള ഭാഷ പാലിക്കുന്നില്ലെന്ന് സുവ്യക്തമാണ്. ആദ്യകാല കൃതികള്‍ക്ക് 700 ഓ 800ഓ വര്‍ഷത്തെ പഴക്കം മാത്രമേ ഉള്ളൂ എന്ന് മാത്രമല്ല സാഹിത്യ പാരമ്പര്യം അതിന്റെ പ്രാരംഭ ഘട്ടങ്ങളില്‍ സംസ്കൃതത്തില്‍ നിന്നും തമിഴില്‍ നിന്നും ധാരാളമായി കടം കൊണ്ടിട്ടുള്ളതുമാണ്. ഇതൊക്കെ കണ്ടില്ലെന്നു നടിക്കുന്നത് കണ്ണടച്ചിരുട്ടാക്കല്‍ മാത്രമാണ്. വോട്ടു ബാങ്കില്‍ നൊട്ടമിട്ടാണ് ഇത്തരം നീക്കങ്ങളെങ്കില്‍ മലയാളികള്‍ക്ക് അത്തരമൊരു ഭാഷാ തീവ്രവാദം തൊട്ടു തീണ്ടിയിട്ടില്ലെന്നു രാഷ്ട്രീയക്കാര്‍ തിരിച്ചറിയുന്നത് നന്ന്. നമ്മുടെ മാതൃ ഭാഷയല്ലെങ്കിലും ലോകത്തെല്ലാമുള്ള  ഭാഷകള്‍ മാനവരാശിയുടെ പൊതു പൈതൃകമാണ്. അവയുടെ വികാസവും പരിണാമവുമായി ബന്ധപ്പെട്ട വസ്തുനിഷ്ഠമായ ചരിത്ര ബോധം ജനങ്ങള്‍ക്കിടയില്‍ മുന്‍വിധികളില്ലാത്ത വിദ്യാഭ്യാസത്തിലൂടെ ഉണര്‍ത്തേണ്ടത് രാഷ്ട്രത്തിന്റെ കടമയാണ്. അല്ലാതെ ഭാഷകളുടെ പേരില്‍ അനാവശ്യമായ പ്രാദേശികതയും അത് വഴി പരസ്പര ദ്വേഷവും മത്സരവും സമൂഹത്തില്‍ വളര്‍ത്തുകയല്ല വേണ്ടത്. തമിഴിനു ക്ലാസ്സിക്കല്‍ പദവി നല്കപ്പെട്ടപ്പോള്‍ ലോകമെങ്ങുമുള്ള ഭാഷാ സ്നേഹികള്‍ ഈ നീക്കത്തെ ആത്മാര്‍ഥമായി സ്വാഗതം ചെയ്തു. അതോടൊപ്പം നൂറു കോടി രൂപ തമിഴ് നാടിനു ഗവേഷണത്തിനും വികസനത്തിനുമായി നല്കപ്പെട്ടപോള്‍ പലര്‍ക്കും ഇത് ദഹിക്കാനാകാതെ പോയി. പ്രതീക്ഷിച്ചതുപോലെ ആന്ധ്രയില്‍ നിന്നും കര്‍ണ്ണാടകത്തില്‍ നിന്നും ഇതിനെതിരെ എതിര്‍പ്പ് ഉയരുകയും ശക്തമായ ലൊബീയിങ്ങിന്റെ ഫലമായി 2008ല്‍ തന്നെ ഈ രണ്ടു ഭാഷകള്‍ക്ക് കൂടി ക്ലാസ്സിക്കല്‍ പദവി നല്‍കപ്പെടുകയും ചെയ്തു. നാമെന്തിനു ഈ മണ്ടന്‍ മാതൃക പിന്തുടരണം?

കേരളത്തിന്റെ യുക്തികൾ :

‘ചിലപ്പതികാര’ത്തില്‍ (കര്‍ത്താവ് : ഇളങ്കോ അടികള്‍ – കാലഘട്ടം തര്‍ക്കരഹിതമായി തെളിയിക്കപ്പെട്ടിട്ടില്ല, AD 3 ആം നൂറ്റാണ്ടോടെ എന്ന് വിശ്വസിക്കുന്നു) ചിലയിടങ്ങളില്‍ മലയാള പദങ്ങള്‍ കാനുന്നുണ്ടെന്നത് ‘ക്ലാസ്സിക്ക് ‘പദവി നേടാന്‍ വേണ്ടി മാത്രം നിരത്തുന്ന പുതിയ ഒരു യുക്തിയാണ്. ‘ചിലപ്പതികാരം’ ഇന്നത്തെ കേരളത്തില്‍ വെച്ചാണ് (കൊടുങ്ങല്ലൂർ) രചിക്കപ്പെട്ടത് എന്നത് ശരിയായിരിക്കാം, എങ്കിലും ഇത്രയും കാലം ഇതൊരു തമിഴ് കൃതി തന്നെയായാണ്‌ കണക്കാക്കപ്പെട്ടത്. മലയാളത്തെ കുറിച്ചുള്ള ചരിത്രപരമായ പഠനങ്ങളില്‍ ഒരിക്കലും ‘ചിലപ്പതികാരം’ കടന്നു വന്നിട്ടേ ഇല്ല. മലയാളികള്‍ ഇന്ന് ഇന്ത്യയില്‍ തന്നെ ഉയര്‍ന്ന സാക്ഷരത നേടിയിട്ടുണ്ടെന്നതോ മലയാളത്തില്‍ ധാരാളം ജ്ഞാനപീഠ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നതോ ഭാഷാകാര്യത്തില്‍ മലയാളികള്‍ ഉയര്‍ന്ന സഹിഷ്ണുത പുലര്‍ത്തുന്നുണ്ടെന്നതോ മലയാളത്തെ ക്ലാസ്സിക്കല്‍ പദവി ലഭിക്കാന്‍ പ്രാപ്തമാക്കുന്നില്ല. സാഹിത്യ അക്കാദമി പറയുന്ന മാനദന്ഡങ്ങളില്‍ ഇവയൊന്നുമില്ല. നമ്മള്‍ ഇവിടെ കൂട്ടിച്ചേര്‍ക്കാന്‍ പറ്റാത്ത കാര്യങ്ങളെ ചേര്‍ത്ത് വെച്ച് വാദിക്കുക ആണ്. ഇത് അപഹാസ്യമാണ്. തെലുങ്കരും കന്നഡക്കാരും യഥാര്‍ത്ഥത്തില്‍ അനര്‍ഹമായ ഒരു പദവിയാണ്‌ നേടിയിട്ടുള്ളത്. അതിലൂടെ നേടാവുന്ന തുച്ഛമായ (100 ഓ 300 ഓ കോടി രൂപ ഒരു ചെറിയ സംഖ്യയല്ലെന്നു സമ്മതിക്കുമ്പോള്‍ തന്നെ) സാമ്പത്തിക വിഹിതത്തില്‍ കണ്ണുടക്കി കിടക്കുന്നത് ആശാസ്യകരമല്ല. ഭാഷയുടെ പുരോഗതിക്ക് ചെയ്യാവുന്ന ധാരാളം കാര്യങ്ങള്‍ കേന്ദ്ര സഹായമില്ലാതെ തന്നെ നമുക്ക് ചെയ്യാനുണ്ട്. നമ്മുടെ ഊര്‍ജ്ജവും ക്രിയാത്മകതയും അതിനായി വിനിയോഗിക്കുകയാണ്‌ വേണ്ടത്.

ലിഖിതങ്ങളില്‍ നിന്നുള്ള തെളിവുകൾ :

1 വയനാട്ടിലെ ഇടക്കല്‍ ഗുഹയില്‍ നിന്നുള്ള അഞ്ചാമത്തെ ലിഖിതം ഈയിടെയാണ് കണ്ടെത്തിയത്. ‘ബ്രഹ്മി’ ലിപിയില്‍ ലഭ്യമായിട്ടുള്ള ഒരേയൊരു മലയാള ലിഖിതമാണിത് (മറ്റെല്ലാം ‘വട്ടെഴുത്തി’ലുള്ളതാണ്). ലിഖിതം കണ്ടെടുത്ത പ്രൊഫ. രാഘവ വാരിയര്‍ അതിനെ ‘ശ്രീ വാഴുമി’ എന്നാണു വായിച്ചിട്ടുള്ളത് (‘ദഹിന്ദു’ – ഫിബ്രുവരി 9, 2012). എന്നാല്‍ ‘ഈ പഴമ’ എന്നാണു ലിഖിതത്തില്‍ കാണുന്നത് എന്നാണു ശ്രീ. ഇരാവതം മഹാദേവന്‍ പറയുന്നത് (‘ദഹിന്ദു’ – ജൂണ്‍ 7, 2012). ലിപിയില്‍ തന്നെ പല വിധ മിശ്രണം ഉണ്ടെന്നാണ് വിദഗ്ധര്‍ കരുതുന്നത്. തെക്കന്‍ ബ്രഹ്മി, തമിഴ് ബ്രഹ്മി എന്നിവ ഇതില്‍ കൂടിക്കലര്‍ന്നിരിക്കുന്നു (‘ഴ’ എന്ന അക്ഷരം ‘തമിഴ് ബ്രഹ്മി’യിലും മറ്റു മൂന്നക്ഷരങ്ങള്‍ ‘തെക്കന്‍ ബ്രഹ്മി’യിലുമാണ്). ‘ഇ’ എന്ന അക്ഷരം അറബി സംഖ്യ യായ 3 നോട്  സാദൃശ്യമുള്ളതും പിന്നീട് തമിഴ് ലിപി സ്വീകരിച്ചതുമാണ്. ‘മ’ യാകട്ടെ പിന്നീട് ‘പല്ലവ-ഗ്രന്ഥ’ ലിപിയിലേക്കും അത് വഴി മലയാളത്തിലേക്കും കടന്നു വന്നിട്ടുള്ളതാണ്.

ഇടക്കല്‍ ഗുഹ കേരളം, കര്‍ണ്ണാടകം, തമിഴ് നാട് എന്നിവ കൂടിച്ചേരുന്നിടത്തായതിനാല്‍ ഈ മിശ്രണത്തില്‍ ആശ്ചര്യപ്പെടാനില്ല. ക്രിസ്തുവിനു ശേഷം നാലാം നൂറ്റാണ്ടോ അഞ്ചാം നൂറ്റാണ്ടോ ആകാം ഇതിന്റെ കാലം എന്ന് കരുതുന്നു. അഞ്ചാം നൂറ്റാണ്ടോടു കൂടി കേരളത്തില്‍ മലയാള ഭാഷയിലെ വ്യവഹാരങ്ങള്‍ തുടങ്ങിയിരുന്നു എന്ന് ഇതില്‍ നിന്നനുമാനിക്കാം. എന്നാല്‍ ഉപരി വര്‍ഗ്ഗം സാഹിത്യത്തിനായി തമിഴ് ആയിരുന്നു അപ്പോഴും ഉപയോഗിച്ചു കൊണ്ടിരുന്നത്. ഇതേ കാലത്തോ അതിനു മുന്‍പോ കേരളത്തില്‍ വെച്ച് തന്നെ രചിച്ച ‘ചിലപ്പതികാരം’ ഇതാണ് വെളിവാക്കുന്നത്. വ്യവഹാര ഭാഷയില്‍ മലയാളം സമ്പൂര്‍ണ്ണ പ്രചാരം നേടുന്നത്  9 ആം നൂറ്റാണ്ടോടു കൂടിയായിരിക്കാം.

2 തേനി ജില്ലയിലെ പുളിമാങ്കൊമ്പില്‍ നിന്നും 2006ല്‍ കണ്ടെടുത്ത (ബ്രഹ്മി ലിപിയിലുള്ള) ലിഖിതത്തില്‍ കാണുന്നത് “കുടല്‍ ഊര്‍ അകോല്‍പെടു തീയ്യന്‍ അന്തവന്‍ കല്‍ ” (തമിഴ് – ‘പടു’) (കുടല്‍ ഊരില്‍ പശുവിനു വേണ്ടിയുള്ള യുദ്ധത്തില്‍ മരിച്ച അന്തവന്‍ എന്ന തിയ്യന്റെ കല്ല്‌ )എന്നാണ്. ഇത് ക്രിസ്തുവിനു മുന്പ് ഒന്നാം നൂറ്റാണ്ടിലെയോ രണ്ടാം നൂറ്റാണ്ടിലെയോ ലിഖിതമാണ്. തമിഴില്‍ തന്നെ ലഭ്യമായ ലിഖിതങ്ങളില്‍ ഏറ്റവും പഴക്കം ഇതിനാണ്. ഇതില്‍ ‘പെടു’ എന്നത് മലയാളമാണെന്നാണ് വാദം. തമിഴായിരുന്നെങ്കില്‍ ‘പടു’ ആയിരിക്കുമെന്ന്. കുടല്‍ ഊര്‍ എന്നിവ ചേര്‍ത്തെഴുതാത്തത്തില്‍ നിന്നും ഇത് പ്രാചീന തമിഴാണെന്ന് അനുമാനിക്കാമെന്ന് വിദഗ്ദ്ധര്‍ കരുതുന്നു. ആധുനിക തമിഴില്‍ ഇവ ചേര്‍ത്തെഴുതുകയാണ് പതിവ്.

3 അഞ്ചാം നൂറ്റാണ്ടിലേതെന്നു തിരിച്ചറിഞ്ഞ ഒരു എഴുത്തുകല്ല്‌ നിലമ്പൂര്‍ കാടുകളിലെ ചെറുപുഴ നദിയില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. ‘മകക്കൊടു നീറണവായി’ എന്നാണു ഇതില്‍ എഴുതിയിരിക്കുന്നത്. (മലയാളത്തില്‍ ‘അണ’ എന്നെഴുതുമ്പോള്‍ തമിഴില്‍  ‘അണൈ’ എന്നാണ് ഉപയോഗിക്കുന്നത്).

4 ഇടക്കല്‍ ഗുഹയിലെ – ‘പല് പുലി താന്തകാരി’ (പല പുലികളെ കൊന്നവന്‍), ‘വെങ്കോമലൈ കച്ചവനു ചത്തി’ (വെങ്കോമലയിലെ കശ്യപന് ശക്തി) തുടങ്ങിയവ.

ഇത്തരം തെളിവുകളുടെ മാത്രം അടിസ്ഥാനത്തില്‍ ഭാഷയുടെ പഴക്കം സ്ഥാപിക്കാനാണ് കേരളം ശ്രമിക്കുന്നത്. ചരിത്രകാരന്മാര്‍ക്കിടയില്‍ തന്നെ ചില ലിഖിതങ്ങളുടെ അര്‍ത്ഥത്തെ ചൊല്ലി അഭിപ്രായ സമന്വയം ഇപ്പോഴും സാധിച്ചിട്ടില്ല. അപ്പോള്‍ ഭാഷയുടെ പഴമ വലിച്ചു പിറകോട്ടു നീട്ടാന്‍ എന്തിനാണ് നാം വൃഥാ സമയം പാഴാക്കുന്നത്?

എന്റെ ഭാഷയും നിങ്ങളുടെ ഭാഷയും:

ഭാഷകള്‍ക്ക് പദവികള്‍ പ്രത്യേകം നല്കിത്തുടങ്ങിയപ്പോള്‍ അനാവശ്യമായ കിടമത്സരമാണ് സംസ്ഥാനങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്നത്. തമിഴിനു പിറകെ കന്നഡയും തെലുങ്കും ക്ലാസ്സിക്കല്‍ പദവി വാശി പിടിച്ചു നേടിയപ്പോള്‍ കേരളത്തിനു പുറമേ ഒറിയയും മറാത്തിയും പൗരാണികത്വം അവകാശപ്പെട്ട് ‘ക്ലാസ്സിക്കൽ’ വാദവുമായി രംഗത്തുണ്ട്. ബംഗാളികള്‍ക്കും തങ്ങളുടെ ഭാഷ പഴക്കമുള്ളതാണെന്ന തോന്നല്‍ ഈയിടെയായി തുടങ്ങിയിട്ടുണ്ട്. ഇതൊരു ‘ചെയിന്‍ റിയാക്ഷ’നായി മാറുകയാണ് ചെയ്യുന്നത്. പഴക്കം സമര്‍ത്ഥിക്കാനായി തെളിവുകള്‍ ഉണ്ടാക്കി എടുക്കാനും പണ്ഡിതരെ സ്വാധീനിക്കാനും ഉദ്യോഗസ്ഥരുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താനും സംസ്ഥാന രാഷ്ട്രീയ കക്ഷികള്‍ തുനിയുന്നതാണ് നമുക്ക് കാണാന്‍ കഴിയുന്നത്. ‘ക്ലാസ്സിക്കൽ’ പദവി കിട്ടിയില്ലെങ്കില്‍ ‘ശ്രേഷ്ഠ പദവി’ എങ്കിലും ആയാല്‍ മതി അത് വഴി കിട്ടുന്ന പണം ഇങ്ങോട്ട പോരട്ടെ എന്നാണു ഇപ്പോള്‍ കേരളത്തിന്റെ സ്ഥിതി.

പദവികള്‍ വഴി ലഭ്യമാകാവുന്ന സാമ്പത്തിക സഹായത്തിന്റെയും അവാര്‍ഡുകളുടെയും അക്കാദമിക സൌജന്യങ്ങളുടെയും മേലെയാണ് എല്ലാവരുടെയും കണ്ണ് എന്ന് വ്യക്തമാണ്. ഒരു ഭാഷ ‘ക്ലാസ്സിക്ക് ‘പദവി നേടുമ്പോള്‍ രണ്ട്  അന്താരാഷ്‌ട്ര പുരസ്കാരങ്ങള്‍ ഭാഷക്ക് വേണ്ടി വര്‍ഷം തോറും നല്‍കപ്പെടുകയും കേന്ദ്ര സര്‍വ്വകലാശാലകളില്‍ യു ജി സി ക്ക് കീഴില്‍ ആ ഭാഷയുടെ ചെയറുകള്‍ സ്ഥാപിക്കപ്പെടുകയും ചെയ്യുന്നു. ഒ എന്‍ വി യെപ്പോലുള്ള തലമുതിര്‍ന്ന കവികള്‍ തന്നെ ഇത്തരം നീക്കങ്ങള്‍ക്ക്‌ സംസ്ഥാന സര്‍ക്കാരിന്റെ അനുഗ്രഹാശിസ്സുകളോടെ മുന്നിട്ടിറങ്ങുന്നത് ദൌര്‍ഭാഗ്യകരമാണ്. ഭാഷയുടെ ശ്രേഷ്ഠത യൂണിയന്‍ അനുവദിച്ചു നല്‍കുന്ന ഒരു പേരിലല്ല വ്യക്തമാകേണ്ടത്. ആധുനിക ജീവിതത്തിന്റെ വഴക്കങ്ങളെ ഭാഷ എത്ര കണ്ട് സ്വാംശീകരിക്കുന്നുവെന്നതിനെയും സംവേദനക്ഷമമാക്കുന്നുവെന്നതിനെയും അശ്രയിച്ചായിരിക്കുമത്. വെറുമൊരു സാംസ്കാരിക ചിഹ്നമെന്നതിലുപരി ഭാഷ ഓരോ ജനതയുടെയും ജൈവികമായ പുരോഗതിയുടെ പ്രതിഫലനം കൂടിയാണ്. എല്ലാ ഭാഷകളും ശ്രേഷ്ഠമാണെന്നു മാത്രമല്ല ഭാവി തലമുറകള്‍ക്കായി ഓരോ സമൂഹവും നീക്കിയിരുത്തുന്ന സാംസ്കാരിക മൂലധനം കൂടിയാണ്. ഇതില്‍ പഴമയുടെ അനാവശ്യ വാശികള്‍ക്ക് പ്രസക്തിയില്ല.

ഭാഷകള്‍ ‘ക്ലാസ്സിക്ക് ‘ആണെങ്കിലുമല്ലെങ്കിലും മാനവ വിജ്ഞാനത്തിന്റെ ശേഖരങ്ങളാണ്. അവ നമ്മുടെയെല്ലാം പൈതൃകധനമാണ്. ക്ലാസ്സിക്കല്‍ ഭാഷയെക്കുറിച്ചുള്ള അവകാശവാദങ്ങള്‍ ഭാഷ നേരിടുന്ന യഥാര്‍ത്ഥ പ്രശ്നങ്ങളെ അവഗണിക്കുകയാണ്. വിശ്രുത അമേരിക്കന്‍ സംസ്കൃത പണ്ഡിതനായ ശ്രീ ഷെല്‍ഡണ്‍ പൊള്ളോക്ക് ഭാരതത്തില്‍ ഇന്ന് ചില ഭാഷാ പാരമ്പര്യങ്ങള്‍ വിസ്മരിക്കപ്പെടുന്നതിനെക്കുറിച്ച് ശബ്ദിച്ചിരുന്നു. ക്ലാസ്സിക്ക് കൃതികളിലുള്ള ബഹുഭാഷാ പാണ്ഡിത്യം കുറഞ്ഞു വരുന്ന കാലമാണിത്. ഇംഗ്ലീഷിലൂടെയല്ലാതെ ഒരു പ്രാദേശിക ഭാഷയില്‍ നിന്നും മറ്റൊന്നിലേക്ക് അനായാസേന സഞ്ചരിക്കുവാന്‍ പോന്ന വൈദഗ്ദ്ധ്യം ഭാഷാ പണ്ഡിതര്‍ക്കിടയില്‍ കുറഞ്ഞു വരുന്നു. മിടുക്കരായ പഠിതാക്കള്‍ ഭാഷയെ കൈയ്യൊഴിയുന്നതാണ് പ്രശ്നം. ആ മനോഭാവം ഇല്ലാതായാല്‍ തന്നെ ആരുടെയും സാക്ഷ്യപത്രമില്ലാതെ ഭാഷ തനിയെ പുരോഗതി പ്രാപിച്ചു കൊള്ളും. അതിനു ‘ക്ലാസ്സിക്കല്‍ ‘ കിരീടത്തിന്റെ ആവശ്യമില്ല, നമ്മുടെ ഭാഷ അത്തരമൊരു പദവിക്ക് അര്‍ഹമല്ല, അത് നാം സര്‍വ്വാത്മനാ അംഗീകരിച്ചേ തീരൂ.

References:

The Dravidian Languages’ – Bhadriraju Krishnamurti – Cambridge Language Surveys
A short History of Malayalam Literature’ (Edited by Dr. K Ayyappa Paniker, Information and Public Relation Dept., Govt. of Kerala – April 2006)
Kerala Sahithya Academy – Literary Survey, April – Sept 2010.
‘The Classical Language Issue’, A. R Venkatachalapathy, ‘Economic and Political Weekly’ – January 2009
‘Declaring Language Classical’, Language in India Website – M S Thirumalai
Ministry of Tourism and Culture Press Information Bureau Release (Dec 23, 2008)
‘Crisis in the Classics’ – Sheldon Pollock, Columbia University
‘The Hindu’ Daily – Dated Feb 9 and June 7, 2012

കൈരളിയുടെ കഥ‘ – എന്‍ കൃഷ്ണ പിള്ള
ആധുനിക മലയാള സാഹിത്യ ചരിത്രം – പ്രസ്ഥാനങ്ങളിലൂടെ‘ (എഡിറ്റര്‍ – ഡോ: കെ എം ജോര്‍ജ്, ‘ഡി സി’ ബുക്സ്)
ലീലാതിലകം’, പ്രാചീന സാഹിത്യ പഠനം (വ്യാഖ്യാനം – പ്രൊഫ. ഗോപിക്കുട്ടന്‍, കറന്റ് ബുക്സ്)
മലയാള ഭാഷാ ചരിത്രം‘ (എഡിറ്റര്‍ – ഡോ: എസ്.വി. വേണുഗോപന്‍ നായര്‍, ‘മാളുബന്‍’ പബ്ലിക്കേഷന്‍സ്)
‘പ്രാചീന മധ്യകാല മലയാള ഗദ്യം’ – ഡോ എന്‍. സാം
‘രാമചരിതം’ വ്യാഖ്യാനം – പ്രൊഫ. ഇളങ്കുളം കുഞ്ഞന്‍പിള്ള
‘രാമചരിതത്തിന്റെ സാഹിതീയ മൂല്യം’ – ഡോ. പി സേതുനാഥന്‍

Advertisements
Posted in ഭാഷ, രാഷ്ട്രീയം | Tagged | 1 Comment

ഗാഡ്ഗില്‍ റിപ്പോര്‍ട്ടും ചില പരിസ്ഥിതി ചിന്തകളും

കുന്തിപ്പുഴക്ക് അണകെട്ടി വൈദ്യുതിയുണ്ടാക്കാമെന്നു കേരള വൈദ്യുതി ബോര്‍ഡ് പറഞ്ഞു തുടങ്ങുന്നത് 1970കളുടെ തുടക്കത്തിലായിരുന്നു. സ്റ്റോക്ക്‌ഹോം കൊണ്‍ഫറന്‍സ് (1972) അന്ന് നടന്നുകഴിഞ്ഞിട്ടില്ല,  ‘ജൈവവൈവിധ്യം‘ എന്ന പദം തന്നെ പ്രചാരത്തില്‍ വരുന്നതേയുള്ളൂ. എന്നാല്‍ കുന്തിപ്പുഴയില്‍ അണകെട്ടുമ്പോള്‍ ചുറ്റിനും മുങ്ങുന്ന ചെറു ജീവനുകളില്‍ പലതും അതീവ വിലപ്പെട്ടതാണെന്ന തിരിച്ചറിവ് ഒരു ചെറു ന്യൂനപക്ഷം മലയാളികൾക്കെങ്കിലും അന്ന് തന്നെ ഉണ്ടായിരുന്നു. കഥ പറഞ്ഞും കവിത ചൊല്ലിയും നാടൊട്ടുക്ക് ഓടി നടന്നു പരിസ്ഥിതി ക്ലബ്ബുകള്‍ക്ക് ആളെ കൂട്ടിയും ഇതിനെതിരെ തങ്ങളാലാവും വിധം ശബ്ദമുയര്‍ത്തിയ ഒരു പറ്റം ആവേശക്കാർ. സാഹിത്യകാരന്മാരും സാംസ്കാരിക പ്രവര്‍ത്തകരും കലാലയ വിദ്യാര്‍ഥികളും തൊഴിലാളികളും അവര്‍ക്കിടയില്‍ ഉണ്ടായിരുന്നു. അവരുടെ എണ്ണം അതീവ തുച്ഛമായിരുന്നു. എങ്കിലും അവര്‍ കേരള പൊതു ബോധത്തില്‍ ഉയര്‍ത്തിയ ഊര്‍ജ്ജം ചെറുതായിരുന്നില്ല. നിയമയുദ്ധങ്ങള്‍ക്കും രാഷ്ട്രീയ നാടകങ്ങള്‍ക്കുമൊടുവില്‍ 80 കളുടെ തുടക്കത്തില്‍ തന്നെ പദ്ധതി ഉപേക്ഷിക്കപ്പെട്ടു.

ശരാശരി മലയാളിക്ക് അതുവരെ സഹ്യനെന്നാല്‍ സാഹിത്യ ബിംബവും സ്വകാര്യ അഹങ്കാരമായ കിഴക്കന്‍ തലയെടുപ്പുമൊക്കെ ആയിരുന്നെങ്കില്‍ ഈ ചെറു പ്രക്ഷോഭങ്ങള്‍ സഹ്യന്‍ അപൂര്‍വ്വ ജീവന്റെ വിളനിലമാണെന്നു കൂടി പഠിപ്പിച്ചു. മലയില്‍ മരമുണ്ടെന്നും മലയാണ്മയുടെ ജലസമൃദ്ധിയുടെ രഹസ്യം അവിടെയാണെന്നും കുറച്ചുപേരെയെങ്കിലും ഇത് ബോധ്യപ്പെടുത്തി. ഇന്ത്യ ‘ഉദാര’മാകുന്നതിനും മുന്‍പാണ്, സോവിയറ്റ് റഷ്യ അന്ന് നിലവിലുണ്ട്. ഇന്ന് കാണും പോലുള്ള ‘അതിവേഗ വികസനങ്ങൾ’ അചിന്ത്യമായിരുന്നെങ്കിലും രാഷ്ട്രീയക്കാരും കുടിയേറ്റ കോണ്ട്രാക്ടര്‍മാരും അടങ്ങുന്ന ചെറു ലോബികള്‍ തങ്ങങ്ങളാലാവും വിധം വടക്കന്‍ പര്‍വ്വതങ്ങള്‍ കാര്‍ന്നു തിന്നു കൊണ്ടിരുന്ന കാലം – 1980 കൾ  

1987ല്‍ വീണ്ടുമൊരുകൂട്ടം ആവേശക്കാര്‍ വടക്കന്‍ മലകളെ രക്ഷിക്കണമെന്ന മുദ്രാവാക്യവുമായി (Save Western Ghats) ഒരു യാത്ര നടത്തി. രണ്ടു സംഘങ്ങളായി കന്യാകുമാരിയില്‍ നിന്നും നവാപ്പുരില്‍ (മഹാരാഷ്ട്ര) നിന്നും ഒരേസമയം യാത്ര തിരിച്ച് 100 ദിവസത്തോളം പശ്ചിമഘട്ടത്തിലൂടെ സഞ്ചരിച്ച് ഗോവയിലെ രാംനാഥയില്‍ സന്ധിക്കുകയാണിവര്‍ ചെയ്തത്. കേരളത്തില്‍ പശ്ചിമഘട്ടം ഒരു സാംസ്കാരിക സ്വത്വമായി രൂപപ്പെടുന്നത് ഇങ്ങിനെയൊക്കെയാണ്. രാംനാഥയില്‍ 1988 ഫിബ്രവരിയില്‍ നടന്ന പ്രതിനിധി സമ്മേളനത്തില്‍ ഭാവി പ്രവര്‍ത്തനങ്ങളുടെ രൂപരേഖ അവതരിപ്പിച്ചത് (അന്ന് പ്രധാനമന്ത്രിയുടെ ശാസ്ത്രകാര്യ ഉപദേഷ്ടാവായിരുന്ന) മാധവ് ഗാഡ്ഗില്‍ ആയിരുന്നു. പശ്ചിമഘട്ട യാത്രയുടെ 25ആം വാര്‍ഷികം ആചരിച്ച 2012 ല്‍ തന്നെ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നത് കൌതുകകരമായ യാദൃശ്ചികതയാണ്.

എന്താണ് പശ്ചിമഘട്ടം?

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കിഴക്കന്‍ ഹിമാലയം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ജൈവവൈവിധ്യം നിലനില്‍ക്കുന്നത് പശ്ചിമഘട്ടത്തിലാണ്. ഇവയില്‍ ഒരു വലിയ അളവ് നാശോന്മുഖവുമാണ്. അറബിക്കടലിനു സമാന്തരമായി ‘തപി’ നദി മുതല്‍ കന്യാകുമാരി വരെ അനസ്യൂതം വ്യാപിച്ചു കിടക്കുന്ന (പാലക്കാട് ഗ്യാപ്പ് ഒഴിച്ചുനിര്‍ത്തിയാല്‍) മലനിരകളെയാണ് പശ്ചിമഘട്ടം എന്ന് വിളിക്കുന്നത്. സ്ഥല ലക്ഷണ ഭിന്നജാതീയതയും മഴലഭ്യതയിലെ വത്യാസങ്ങളും കാരണം അതി ബൃഹത്തായ ജൈവവൈവിധ്യം ഇവിടം നമുക്ക് സമ്മാനിക്കുന്നു. 645 ഓളം നിത്യ ഹരിത വന വര്‍ഗങ്ങളില്‍ 56% ത്തോളം പശ്ചിമഘട്ടത്തില്‍ മാത്രം കാണുന്നവയാണ്. 4000 വത്യസ്ഥ ഗണങ്ങളില്‍ പെടുന്ന പുഷ്പിക്കുന്ന സസ്യങ്ങള്‍, 139 സ്ഥന്യപ ജന്തുക്കള്‍, 508 പക്ഷി വര്‍ഗങ്ങള്‍, 179 ഉഭയചര ജീവികള്‍, ഇവ ഈ മലനിരളുടെ പ്രത്യേകതയാണ്. സിംഹവാലന്‍ കുരങ്ങ്, വരയാട് തുടങ്ങി ഇവിടെയുള്ള ചില ജന്തു വര്‍ഗങ്ങള്‍ മറ്റെങ്ങും കാണപ്പെടാത്തതാണെങ്കില്‍ ഏഷ്യന്‍ ആന, കടുവ, ചെന്നായ, കാട്ടുപോത്ത്, നീലഗിരി കുരങ്ങ് തുടങ്ങിയവ ലോകത്ത് ഏറ്റവും കൂടുതല്‍ കാണപ്പെടുന്നതും ഇവിടെ തന്നെ. കാര്‍ഷിക സസ്യങ്ങളുടെ അപൂര്‍വ്വ വന്യ ഉപ വര്‍ഗങ്ങള്‍ – കുരുമുളക്, പ്ലാവ്, മാവ്, വാഴ, ഏലം – ഇവയും പശ്ചിമ ഘട്ടത്തിന്റെ സവിശേഷതയാണ്.

1600 കി.മീ. ദൈര്‍ഘ്യം, ഒരു ലക്ഷത്തി ഇരുപത്തിയൊന്‍പതിനായിരത്തി മുപ്പത്തേഴു ചതുരശ്ര കി.മീ. വിസ്തൃതി, ലോകത്തില്‍ തന്നെ 35 ‘ജൈവസമ്പുഷ്ട’ (hotspots) മേഖലകളിലൊന്ന് (അവയില്‍ പശ്ചിമഘട്ടമടക്കം 8 എണ്ണം ‘അതീവ ജൈവസമ്പുഷ്ട’ മേഖലകളാണ്), 6 സംസ്ഥാനങ്ങളിലെ 25 കോടിയോളം ജനങ്ങളുടെ കുടിവെള്ളം, ജലസേചനം തുടങ്ങി പ്രത്യക്ഷവും പരോക്ഷവുമായ നിരവധി ആവശ്യങ്ങള്‍ നിറവേറ്റുന്ന ഒരു അത്ഭുതസ്തംഭവും പ്രകൃതിയുടെ തെക്കന്‍ ഭാരതത്തിനുള്ള വരദാനവുമാണ് പശ്ചിമഘട്ടം.

എന്തൊക്കെയാണ് പശ്ചിമ ഘട്ടം നേരിടുന്ന വെല്ലുവിളികൾ?

തോട്ടവിള കൃഷി, ഘനനം, അണക്കെട്ടുകള്‍, കുടിയേറ്റം, ടൂറിസം, റെയില്‍വേ, റോഡുകള്‍, തീര്‍ഥാടനം, മണല്‍വാരല്‍, മലിനീകരണം തുടങ്ങി മനുഷ്യ സാധ്യമായ ഇടപെടലുകളെല്ലാം  – പശ്ചിമഘട്ട മലനിരകളില്‍ ഇവയുടെ സമന്വിതാഘാതം ഇതുവരെ സത്യസന്ധമായി വിലയിരുത്തപ്പെട്ടിട്ടില്ല. മലനിരകള്‍ പങ്കിടുന്ന സംസ്ഥാനങ്ങളെല്ലാം തങ്ങളുടെ ഫണ്ട്‌ ചെലവാക്കാനുള്ള ഒരുപാധിയായും വിഭവങ്ങളുടെ അക്ഷയ ഘനിയായും മാത്രം പശ്ചിമഘട്ടത്തെ കാലാകാലങ്ങളായി കണ്ടു കൊണ്ടിരുന്നു. അതീവ ലോലമായ ആവസവ്യവസ്ഥയുടെ സങ്കീര്‍ണ്ണതകളോ നാശോന്മുഖമായ ജീവ വര്‍ഗ്ഗങ്ങളോ പാരിസ്ഥിതിക ബോധം തൊട്ടു തീണ്ടാത്ത ഭരണകൂടങ്ങളെ ഒരിക്കലും അലട്ടിയിരുന്നില്ല. ഇടവിട്ടിടവിട്ട്  കേരളത്തില്‍ മുഴങ്ങി കേള്‍ക്കുന്ന അതിരപ്പള്ളി-പാത്രക്കടവ് പദ്ധതിയെക്കുറിച്ചുള്ള വൈദ്യുത വകുപ്പിന്റെ ജല്‍പ്പനങ്ങള്‍ തന്നെ പാരിസ്ഥിതിക വിഷയങ്ങളില്‍ നാം ഇപ്പോഴും എത്ര മാത്രം നിരക്ഷരരാണെന്ന വസ്തുത വിളിച്ചോതുന്നു. പദ്ധതിയുടെ പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാണിക്കുന്നവരെ സിംഹാവലന്‍ കുരങ്ങിനും പൂമ്പാറ്റക്കും വേണ്ടി വാദിക്കുന്നവര്‍ എന്നു പരിഹാസിക്കാന്‍ ഇന്നുമിവിടെ ആളുണ്ട്. ആശ്ചര്യമില്ല – ‘അറബിക്കടലില്‍ മരമുണ്ടായിട്ടാണോ മഴ പെയ്യുന്നത് ‘എന്ന് ചോദിച്ച നിയമസഭാസാമാജികന്‍ നമുക്കുണ്ടായിരുന്നല്ലോ!

വന വിഭവങ്ങളുടെ അപൂര്‍വ്വ ഘനിയായ പശ്ചിമഘട്ട മലനിരകളെ കൊളൊണിയല്‍ കാലത്ത് ബ്രിട്ടീഷുകാരായിരുന്നു ചൂഷണം ചെയ്തുകൊണ്ടിരുന്നതെങ്കില്‍ സ്വാതന്ത്ര്യ ശേഷം വിപണി മൂല്യമുള്ള തോട്ട വിളകളുടെ കയറ്റുമതി നാണ്യത്തില്‍ കണ്ണുവെച്ച കുടിയേറ്റ കര്‍ഷകര്‍ വെട്ടിയും ഒതുക്കിയും റബ്ബറും ഏലവും വിളയുന്ന തോട്ടങ്ങളാക്കി മാറ്റുകയായിരുന്നു. വിശ്വാസ സഭയുടെയും പ്രാദേശിക രാഷ്ട്രീയ നേതൃത്വങ്ങളുടെയും ചുമലിലിരിക്കുന്ന ഇവരുടെ പിന്‍മുറക്കാര്‍ തന്നെയാണ് ഘനന നിയന്ത്രണമാണെങ്കിലും രാത്രി യാത്രാ നിരോധനമാണെങ്കിലും പശ്ചിമഘട്ട വനമേഖലകളില്‍ വരുന്ന ഒരോ നിയന്ത്രണത്തെയും എതിര്‍ത്ത് തോല്‍പ്പിക്കുവാന്‍ ഇന്നും മുന്നിട്ടിറങ്ങുന്നത്.

നാശോന്മുഖമായ ജൈവ വൈവിധ്യത്തില്‍ ചിലത് പരമ്പരാഗത പരിരക്ഷണ മാര്‍ഗങ്ങളിലൂടെ (ആചാരാനുഷ്ടാനങ്ങളുമായി ബന്ധപ്പെട്ടുള്ള വിശുദ്ധ വനങ്ങള്‍, ജല സംഭരണികള്‍, പുഴയിടങ്ങള്‍ മുതലായവ – കേരളത്തില്‍ ഇന്ന് അപ്രത്യക്ഷമാകാന്‍ തുടങ്ങിയിരിക്കുന്ന കാവും കുളങ്ങളും ഇക്കൂട്ടത്തില്‍ പെടും) ചിലയിടങ്ങളില്‍ ഇന്നും കാര്യക്ഷമമായി പരിരക്ഷിച്ചു വരുന്നുണ്ടെന്ന മാധവ് ഗാഡ്ഗില്‍ കമ്മിറ്റി നിരീക്ഷണം2 ഈയവസരത്തില്‍ ശ്രദ്ധേയമാണ്.

എന്താണ് ഗാഡ്ഗില്‍ കമ്മിറ്റി?

വികസനം എന്നതിനെ കുറിച്ച വികലമായ സങ്കല്‍പ്പങ്ങളാണ് സ്വാതന്ത്ര്യാനന്തര ഭാരതം കൈക്കൊണ്ടു പോന്നത്. ബൃഹദാശയങ്ങളോടുള്ള അതിര് കടന്ന പ്രേമവും വികസനം മുകളില്‍ നിന്ന് താഴോട്ടുതന്നെ ഒഴുകേണ്ടതാണെന്ന തെറ്റിദ്ധരണയും മൂലം നിലനില്‍ക്കാത്ത വികസന മാതൃകകളാണ് വിഭവ വിനിയോഗങ്ങളില്‍ നാം കാലാകാലങ്ങളായി കൈക്കൊണ്ടു വന്നത്. ശ്രീ ജയറാം രമേശ്‌ കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയായിരുന്ന കാലത്ത് (2010) പശ്ചിമഘട്ട സംരക്ഷണ ജനകീയ പ്രസ്ഥാനത്തിന്റെ ക്ഷണം സ്വീകരിച്ച് കോത്തഗിരി (തമിഴ് നാട്)യില്‍ നടന്ന ഒരു പ്രകൃതി സംരക്ഷണ കൂട്ടായ്മയില്‍ വെച്ചാണ് പശ്ചിമഘട്ട പഠനത്തിനായി ഒരു പാനല്‍ രൂപീകരിക്കാന്‍ തീരുമാനമായത്. ആധുനിക നാഗരികതയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പശ്ചിമഘട്ടങ്ങളുടെ സവിശേഷ സാഹചര്യം കൂടി കണക്കിലെടുത്തുകൊണ്ട് വേണം വിലയിരുത്താനെന്ന പ്രകൃതി സ്നേഹികളുടെ ഏറെ നാളത്തെ മുറവിളിയോടുള്ള പ്രതികരണമായിരുന്നു പ്രസ്തുത പാനലിന്റെ രൂപീകരണം.

സമിതിയുടെ പരിഗണനയിലുണ്ടായിരുന്ന ഉദ്ദേശങ്ങള്‍ ഇവയായിരുന്നു:

  1. മലനിരകളുടെ ഇപ്പോഴത്തെ പാരിസ്ഥിതിക സ്ഥിതി വിലയിരുത്തുക.
  2. പരിസ്ഥിതി സംരക്ഷണ നിയമം അനുശാസിക്കും പ്രകാരം ‘പരിസ്ഥിതിവിലോല’ (Ecologically Sensitive) പ്രദേശങ്ങളെ വേര്‍തിരിക്കുക.
  3. പശ്ചിമ ഘട്ട സംരക്ഷണത്തിനും പുനരുജ്ജീവനത്തിനും ഉള്ള വഴികള്‍ കണ്ടെത്തുക – ഇക്കാര്യത്തില്‍ മൂല്യ ഉപഭോക്താകളുടെയും പൊതുസമൂഹത്തിന്റെയും പങ്കാളിത്തവും സഹകരണവും ചര്‍ച്ചകളിലൂടെ ഉറപ്പുവരുത്തുക.
  4. പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി രൂപീകരിക്കാനുള്ള മാര്‍ഗരേഖകള്‍ തയ്യാറാക്കുക.
  5. ആവശ്യമെങ്കില്‍, (പശ്ചിമഘട്ട സംബന്ധിയായ) മറ്റ് പാരിസ്ഥിതിക വിഷയങ്ങള്‍ പരിഗണിക്കുക.
  6. ആതിരപ്പള്ളി ജല വൈദ്യുത പദ്ധതി, ഗിണ്ടിയ (കര്‍ണ്ണാടക) പദ്ധതി, സിന്ധു ദുര്‍ഗ്-രത്നഗിരി (മഹാരാഷ്ട്ര) പ്രദേശങ്ങളിലെ ഖനനം, താപനിലയങ്ങള്‍, ഗോവയിലെ ഇരുമ്പയിര് ഖനനം – ഇവ ഉയര്‍ത്തുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ അവലോകനം ചെയ്യുക.

ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‌സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ പാരിസ്ഥിതിക ശാസ്ത്ര കേന്ദ്രം മുന്‍ മേധാവിയും നാഷണല്‍ അദ്വൈസരി കമ്മിറ്റി (National Advisory Committee – NAC) അംഗവുമായിരുന്ന പ്രൊഫ. മാധവ് ഗാഡ്ഗില്‍ ആയിരുന്നു കമ്മിറ്റി അധ്യക്ഷന്‍. മലയാളിയായ ഡോ. വി എസ് വിജയന്‍ അടക്കം കമ്മറ്റിയില്‍ മറ്റ് പതിമൂന്നംഗങ്ങള്‍. ആറു സംസ്ഥാനങ്ങളില്‍ ഒന്നര വര്‍ഷത്തോളം വിശദമായ തെളിവെടുപ്പ് നടത്തിയും പരിസ്ഥിതി സംഘടനകളും തദ്ദേശജനങ്ങളുമടങ്ങുന്ന പൊതുസമൂഹത്തിനോട് തുടര്‍ച്ചയായി സംവദിച്ചും ശാസ്ത്രവൃത്തങ്ങള്‍ക്കിടയില്‍ ചര്‍ച്ചകള്‍ സംഘടിപ്പിച്ചും സര്‍ക്കാരുകളുടെ വികസന വകുപ്പുകളുമായി കൂടിക്കാഴ്ചകള്‍ ചെയ്തും വിസ്തരിച്ചു തന്നെയാണ് ഈ പാനല്‍ 522 പേജ് വരുന്ന റിപ്പോര്‍ട്ട് നിര്‍മ്മിച്ചത്. ഇതിനായി ഉപയോഗിച്ച ശാസ്ത്രീയ നടപടിക്രമങ്ങള്‍ ജനുവരി 2011 ന്റെ ‘കറന്റ് സയന്‍സ് ‘മാസികയില്‍3 പൊതുജനങ്ങളുടെ അഭിപ്രായമാരാഞ്ഞ് പ്രസിദ്ധപ്പെടുത്തിയതുമാണ്.

എന്നാല്‍ 2011 ആഗസ്തില്‍ പരിസ്ഥിതി മന്ത്രാലയത്തിനു സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ട് വെളിച്ചം കാണുന്നത് ഏതാണ്ട് ഒന്‍പതു മാസങ്ങള്‍ക്ക് ശേഷം മാത്രമാണ്. കേന്ദ്രസര്‍ക്കാര്‍ തന്നെ സ്വന്തം മന്ത്രാലയങ്ങളിലൊന്നില്‍ സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ട് പൂഴ്ത്തി വെക്കാന്‍ ശ്രമിച്ചുവെന്നതാണ് ഏറ്റവും വിചിത്രം. സ്വയം ഒരു പാനല്‍ രൂപീകരിക്കുക, എന്നിട്ട് പാനല്‍ റിപ്പോര്‍ട്ട്‌ തങ്ങളുടെ തന്നെ സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കും നിക്ഷിപ്ത വ്യവസായ, കച്ചവട താല്പര്യങ്ങള്‍ക്കും ദഹിക്കുന്നതല്ലെന്നു കാണുമ്പോള്‍ അത് മറച്ചു പിടിക്കുക – ഇതാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൈക്കൊണ്ട അപലപനീയവും പരിഹാസ്യവുമായ നിലപാട്. റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്ന മുഖ്യ വിവരാവകാശ കമ്മീഷണരുടെ ഉത്തരവിനെതിരെ പരിസ്ഥിതി മന്ത്രാലയം തന്നെ ദല്‍ഹി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. എന്നാല്‍ അപ്പീല്‍ തിരസ്കരിക്കപ്പെടുകയായിരുന്നു. ഇങ്ങനെയാണ് ‘ഗാഡ്ഗില്‍ റിപ്പോര്‍ട്ട്‌ ‘പൊതുജനസമക്ഷം പ്രത്യക്ഷപ്പെടുന്നത്.

ഇനി എന്താണ് ഗാഡ്ഗില്‍ കമ്മറ്റി നിര്‍ദ്ദേശിച്ചിരിക്കുന്നതെന്ന് നോക്കാം:

പ്രധാനമായി രണ്ടു കാര്യങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത് :
1 പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക പ്രാധാന്യത്തെ തിരിച്ചറിഞ്ഞു കൊണ്ട് മലനിരകളെയാകെ മൂന്നു വിഭാഗങ്ങളാക്കി (മേഖലകളാക്കി) വിഭജിച്ചു കൊണ്ട് വേണം ഭാവിയില്‍ നടത്തുന്ന ഒരോ മാനുഷിക ഇടപെടലുമെന്നാണ് കമ്മിറ്റി വിഭാവനം ചെയ്തത്. ഈ മേഖലകളെ മൂന്നു തരം ഇക്കോളജിക്കലി സെന്‍സിറ്റിവ്  സോണുകള്‍ (ESZ) അഥവാ ‘പരിസ്ഥിതി വിലോല മേഖലകള്‍’ ആയി തിരിക്കാനാനാണ് കമ്മറ്റി നിര്‍ദ്ദേശിക്കുന്നത്. ESZ-1 ല്‍ പെടുന്ന മേഖലകള്‍ക്ക് അതീവ പരിസ്ഥിതി പ്രാധാന്യം നല്‍കുകയും അവിടെ വികസനമല്ല മറിച്ച് സംരക്ഷണമാണ് വേണ്ടതെന്നു നിര്‍ദ്ദേശിക്കുന്ന കമ്മറ്റി ESZ-2 ലാകട്ടെ കടുത്ത നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടുള്ള വികസനപ്രവര്‍ത്തനങ്ങള്‍ അനുവദനീയമാണെന്ന് പറയുന്നു. ESZ-3 ലാണെങ്കില്‍ അല്‍പ്പം കൂടെ നിയന്ത്രണങ്ങളില്‍ അയവു വരുത്തി മനുഷ്യ ഇടപെടലുകള്‍ ആകാം എന്നും പാനല്‍ നിര്‍ദ്ദേശിക്കുന്നു. ഓരോ ESZ ലും ചെയ്യാവുന്നതും ചെയ്യാന്‍ പാടില്ലാത്തതുമായ പ്രവര്‍ത്തനങ്ങള്‍ തരം തിരിച്ചു നല്‍കിയിട്ടുമുണ്ട്.

പശ്ചിമഘട്ടത്തെ വിവേക പൂര്‍വ്വം സംരക്ഷിച്ചുകൊണ്ട് വികസനം ഉറപ്പാക്കണം എന്ന വ്യക്തമായ സന്ദേശമാണ് ഇതിലൂടെ ഗാഡ്ഗില്‍ കമ്മിറ്റി നല്‍കുന്നത്.

2 ഇപ്രകാരം വേര്‍തിരിച്ച മേഖലകളെ നിയമപരമായി പരിപാലിക്കാന്‍ കേന്ദ്ര തലത്തില്‍ ഒരു പശ്ചിമ ഘട്ട പരിസ്ഥിതി അതോറിറ്റിയും (WGEA – Western Ghats Ecological Agency) സംസ്ഥാന തലത്തില്‍ ഒരു സംസ്ഥാന അതോറിറ്റിയും (SWEGA – State Western Ghats Ecological Agency) ജില്ലാ തലത്തില്‍ ഒരു ജില്ലാ പരിസ്ഥിതി കമ്മിറ്റിയും (DEC – District Ecological Committee) വേണമെന്ന് പാനല്‍ ശുപാര്‍ശ ചെയ്യുന്നു. WGEA യെ പരിസ്ഥിതി മന്ത്രാലയവും, SWGEA യെ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും കൂടിയാലോചിച്ചും നിയമിക്കണമെന്നാണ് ശുപാര്‍ശ. വിരമിച്ച സുപ്രീം കോടതി ന്യായാധിപനോ പ്രഗല്‍ഭ പരിസ്ഥിതി ശാസ്ത്രജ്ഞനോ അതോറിറ്റികളില്‍ തലവനാകണമെന്നും കൃഷി, പരിസ്ഥിതി, സാമൂഹ്യ ശാസ്ത്രം തുടങ്ങിയ മേഘലകളില്‍ പ്രാവീണ്യമുള്ളവര്‍ അംഗങ്ങളായുണ്ടാകണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു. പൊതുസമൂഹത്തിന്റെയും ആദിവാസികളുടെയും പ്രാതിനിധ്യം അതോറിറ്റിയിലുണ്ടാകണമെന്നും ശുപാര്‍ശയുണ്ട്. ജില്ലാ പരിസ്ഥിതി കമ്മിറ്റി രൂപീകരിക്കേണ്ടതിന്റെ ഉത്തരവാദിത്തം SWGEA കള്‍ക്കാണ് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

പരിസ്ഥിതി സംബന്ധിച്ച നയരൂപീകരണത്തില്‍ പ്രാദേശികതല പങ്കാളിത്തവും വികേന്ദ്രീകരണവുമാണ് കമ്മിറ്റി ലക്ഷ്യമിടുന്നതെന്ന് വ്യക്തം.

പശ്ചിമ ഘട്ട പരിസ്ഥിതി അതോറിറ്റി ഭാവിയില്‍ രൂപീകരിക്കപ്പെട്ടാല്‍ ഈ കമ്മിറ്റി നിര്‍ദ്ദേശിച്ചിരിക്കുന്ന അതിര്‍ത്തി രേഖകള്‍ കൂടുതല്‍ വ്യക്തതയ്ക്ക് വേണ്ടി പുന:പരിശോധിക്കണമെന്ന് കമ്മറ്റി റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുമുണ്ട്.

എന്താണ് ‘പരിസ്ഥിതി വിലോലത’?

2000ല്‍ പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച പ്രണബ് സെന്‍ കമ്മിറ്റി പാരിസ്ഥിതിക വിലോലത കണക്കാക്കാന്‍ വ്യവസ്ഥിതി, ജീവ ഗണങ്ങള്‍, ഭൂ-രൂപ വിജ്ഞാനീയം തുടങ്ങിയ ചില മാനദന്ഡങ്ങള്‍ നിര്‍ദ്ദേശിച്ചിരുന്നു. അതില്‍ പ്രധാനം പ്രാദേശികതയാണ്. ഒരു ജീവ വര്‍ഗ്ഗം ലോകത്തില്‍ ഒരു പ്രദേശത്ത് മാത്രം കാണപ്പെടുന്നുവെങ്കില്‍ ആ പ്രദേശം മുഴുവന്‍ സംരക്ഷിക്കപ്പെടെണ്ടതാകുന്നു. 2000 ത്തിലധികം ഇത്തരം ജീവവര്‍ഗ്ഗങ്ങള്‍ പശ്ചിമ ഘട്ടത്തില്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. അതിനാല്‍ പശ്ചിമഘട്ടം മുഴുവന്‍ ESA (Ecologically Sensitive Area) ആയി കണക്കാക്കണമെന്നാണു കമ്മിറ്റി കരുതുന്നത്. എന്നാല്‍ ഇത്ര വിസ്തൃതമായ ഒരു പ്രദേശത്തെ പൂര്‍ണ്ണമായും ESA ആയി പ്രഖ്യാപിക്കുക പ്രായോഗികമല്ലാത്തതിനാല്‍ വിവിധ തലങ്ങളായുള്ളതും ക്രമാനുഗതവുമായ ഒരു സമീപനമാണ് കമ്മിറ്റി കൈക്കൊണ്ടിരിക്കുന്നത്. അങ്ങിനെയാണ് Ecologically Sensitive Zone ഉകള്‍ മൂന്നു വിഭാഗമായി ക്രമപ്പെടുത്തിയത്.

ESZ നിര്‍ണ്ണയിക്കുന്നതില്‍ പ്രധാനമായും 5 കാര്യങ്ങളാണ് കമ്മിറ്റി കണക്കിലെടുത്തിരിക്കുന്നത് :

1 ജൈവ വൈവിധ്യവും അതിന്റെ സമ്പന്നതയും
2 സാംസ്കാരികവും ചരിത്രപരവുമായ വസ്തുതകള്‍ (വിശേഷിച്ച് പരിണാമവുമായി ബന്ധപ്പെട്ടവ)
3 ഭൌമ കാലാവസ്ഥാ പ്രത്യേകതകള്‍ – ഭൂമിയുടെ ചരിവ്, ഉന്നതി, മഴ ദിനങ്ങളുടെ എണ്ണം മുതലായവ.
4 പാരിസ്ഥിതിക ദുരന്ത സാധ്യതകള്‍
5 മൂല്യ ഉപഭോക്താക്കള്‍

ഇവ കൂടാതെ നദികളുടെ പ്രഭവ സ്ഥാനം, വന്യജീവി സങ്കേതങ്ങള്‍, ദേശീയോദ്യാനങ്ങളുടെ സ്ഥാനം എന്നിവയും ‘പരിസ്ഥിതിവിലോലത’ നിര്‍ണ്ണയിക്കുന്നതില്‍ മാനദന്‌ഡമായി കണക്കാക്കുന്നു. പശ്ചിമ ഘട്ടത്തിലാകെ 134 പരിസ്ഥിതി വിലോല മേഖലകളുള്ളതില്‍ 25 എണ്ണം കേരളത്തിലാണ്. ഇവയില്‍ 15 എണ്ണം ESZ-1ലും 2 എണ്ണം ESZ-2 ലും 8 എണ്ണം ESZ-3 ലും ഉള്‍പ്പെടുന്നു. നിലവിലുള്ള സംരക്ഷിത മേഖലകള്‍ക്ക് (Protected Areas – PAs) പുറമെയാണിതെന്നത് ശ്രദ്ധേയമാണ്. നിലവിലുള്ള സംരക്ഷണ മേഖലകള്‍ വന്യ ജീവി സംരക്ഷണ നിയമത്തിലെ (Environment Act 1986) ഉപാധികള്‍ക്ക് വിധേയമായി തുടരുകയും ചെയ്യും.

ഇവയോടൊപ്പം സിവില്‍ സമൂഹവും തദ്ദേശ ഭരണസ്ഥാപനങ്ങളും പാരിസ്ഥിതികമായി പ്രാധാന്യമര്‍ഹിക്കുന്നതെന്ന് കരുതി കമ്മിറ്റിക്ക് മുന്‍പാകെ സമര്‍പ്പിച്ച മറ്റു ചില പ്രദേശങ്ങളെയും കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. പരിസ്ഥിതി പ്രാമുഖ്യ പ്രദേശങ്ങള്‍ (ESL – Ecologically Sensitive Location) എന്നാണു റിപ്പോര്‍ട്ട് ഇവയെ അടയാളപ്പെടുത്തുന്നത് . കേരളത്തില്‍ ഇത്തരം 17 ESL കളാണുള്ളതെന്നു കണക്കാക്കുന്ന കമ്മിറ്റി ഇവയുടെ വ്യാപ്തിയും അതിര്‍ത്തികളും നിര്‍ണ്ണയിക്കേണ്ടത് സര്‍ക്കാരും ഉപഭോക്താക്കളും ചേര്‍ന്നാണെന്നും വിലയിരുത്തുന്നു.

ESZ കള്‍ നിര്‍ണ്ണയിക്കുന്നതില്‍ ഓരോ സംസ്ഥാനത്തെയും വെവ്വേറെയാണ് കണക്കാക്കിയിരിക്കുന്നത്. മലനിരകള്‍ കടലിനോട്‌ ഏറെ ചേര്‍ന്ന് നില്‍ക്കുന്ന സ്ഥലങ്ങളില്‍ തീരത്ത് നിന്നും 1.5 കി. മീ. ദൂരെ എന്നാണ് പശ്ചിമഘട്ടത്തിന്റെ അതിര്‍ത്തി നിശ്ചയിച്ചിരിക്കുന്നത്. അതിര്‍ത്തികള്‍ നിര്‍ണ്ണയിക്കുന്നതിലും വിവരങ്ങള്‍ ശേഖരിക്കുന്നതിലും സര്‍ക്കാര്‍ സംവിധാനങ്ങളെ ആശ്രയിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ റിപ്പോര്‍ട്ടില്‍ പലയിടത്തും വ്യക്തമാക്കുന്നുണ്ട്. അതിനാല്‍ തദ്ദേശീയരില്‍ നിന്ന് തന്നെ പ്രാദേശികമായ വിവരങ്ങള്‍ വ്യാപകമായി ശേഖരിക്കേണ്ടതാണെന്നു കമ്മിറ്റി എടുത്ത് പറയുന്നുണ്ട്. ആവശ്യമായ വിവരങ്ങള്‍ തൃപ്തികരമായ രീതിയില്‍ ലഭ്യമല്ലാത്തിടത്ത് അവ തുറന്നു സമ്മതിക്കാനുള്ള ബൌദ്ധിക സത്യസന്ധതയും ഗാഡ്ഗില്‍ കമ്മിറ്റി പ്രകടിപ്പിക്കുന്നുണ്ട്. ഇത് സമാനതകള്‍ ഇല്ലാത്തതാണെന്ന് പറഞ്ഞേ തീരൂ.

അതിരപ്പള്ളി പ്രൊജെക്ടിനെ കുറിച്ച്:
ആതിരപ്പള്ളി പ്രോജക്ടിനെ കുറിച്ച് അതിവിശദമായി തന്നെ (ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട് – പേജ് 58) പ്രൊഫ.ഗാഡ്ഗില്‍ പ്രതിപാദിക്കുന്നുണ്ട്. പ്രദേശത്തിന്റെ പാരിസ്ഥിതിക പ്രാധാന്യത്തെക്കുറിച്ചും വനവിഭവങ്ങളെ ഉപജീവിക്കുന്ന തദ്ദേശീയരുടെ ജീവിതത്തില്‍ പദ്ധതിയുണ്ടാക്കാവുന്ന ആഘാതങ്ങളെക്കുറിച്ചുമൊക്കെ ശാസ്ത്രീയ പഠനങ്ങളിലൂടെയും പൊതു സമൂഹവുമായുള്ള ചര്‍ച്ചകളിലൂടെയും ഗാഡ്ഗില്‍ സൂക്ഷ്മമായ നിഗമനങ്ങളിലെത്തുന്നുണ്ട്, ഒരു പക്ഷെ ഈ വിഷയത്തില്‍ ഏറ്റവും സമഗ്രമായ പഠനം ഗാഡ്‌ഗില്‍ കമ്മിറ്റിയുടെതായിരിക്കും. പദ്ധതി പ്രദേശം ESZ-1 ല്‍  പെടുന്നതാകയാല്‍ യാതൊരു മാനുഷിക ഇടപെടലുകളും അവിടെ പാടില്ലെന്നാണ് കമ്മിറ്റിയുടെ കണ്ടെത്തല്‍.

പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രാഥമിക പരിസ്ഥിതി ക്ളിയറന്‍സുകള്‍ (1997ലും 1998ലും) നല്‍കിയത് കേരള ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട പൊതു താല്പ്പര്യ ഹര്ജികളിലൂടെ താല്‍ക്കാലികമായി തടയപ്പെടുകയായിരുന്നു. തുടര്‍ന്നിങ്ങോട്ട് പദ്ധതിക്കായി ക്ളിയറന്‍സുകള്‍ നേടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെയും വൈദ്യുതി ബോര്‍ഡിന്റെയും ശ്രമങ്ങള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളാലും പൊതുജനങ്ങളാലും കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. ‘കേരള ബയോ-ഡൈവേര്‍സിറ്റി ബോര്‍ഡ്‌’ പോലും പദ്ധതിക്കെതിരായ നിലപാടായിരുന്നു കൈക്കൊണ്ടത്. 2008 ലും 2009ലും രണ്ടു തവണ ഈ കേസില്‍ കോടതി വാദം കേള്‍ക്കുകയുണ്ടായെങ്കിലും അന്തിമ വിധി ഇതു വരെ ഉണ്ടായിട്ടില്ല. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വിദഗ്ധസമിതിയോട് (ഗാഡ്‌ഗില്‍ കമ്മിറ്റി) ഈ വിഷയത്തില്‍ പഠനം നടത്താന്‍ ആവശ്യപ്പെട്ടതിന് മുന്നില്‍ ഈയൊരു പശ്ചാത്തലമാണുള്ളത്.

ജൈവ വൈവിധ്യം, പാരിസ്ഥിതിക ആഘാതം, കുടിവെള്ളം/കൃഷി എന്നിവയ്ക്കുണ്ടാകാവുന്ന ആഘാതങ്ങള്‍, പ്രദേശത്തെ ഗോത്ര വര്‍ഗങ്ങളില്‍ ഉണ്ടായേക്കാവുന്ന സ്വാധീനം – പദ്ധതിയുടെ സാങ്കേതിക സാധ്യതകള്‍ കൂടാതെ ഇത്തരം കാര്യങ്ങളാണ് ഗാഡ്‌ഗില്‍കമ്മിറ്റി കണക്കിലെടുത്തത്. ഒടുവില്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ പദ്ധതി നിര്‍ദ്ദിഷ്ട സ്ഥാനത്ത് പാടില്ലെന്ന തീരുമാനമാണ്‌ റിപ്പോര്‍ട്ട് കൈക്കൊള്ളുന്നത്. നിര്‍ദ്ദിഷ്ട പദ്ധതിപ്രദേശത്തെ നദീതീര vegetation അപൂര്‍വ്വമായ സസ്യജാലങ്ങള്‍ നിറഞ്ഞതാണെന്ന് IUCN (International Union for Conservation of Nature) സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.

‘സംയോജിത സഹനിര്‍വ്വഹണം’ (Adaptive Co-management):5

ഒഴിച്ച് നിര്‍ത്തുന്ന വികസനം (Development by exclusion), ഒഴിച്ച് നിര്‍ത്തുന്ന സംരക്ഷണം (Conservation by exclusion) – ഇവയാണ് വികസന സങ്കല്‍പ്പങ്ങളില്‍ പരമ്പരാഗതമായി നമ്മുടെ രാജ്യം സ്വീകരിച്ചു പോകാറുള്ളത്. നേരിട്ട് ബോധ്യം വന്ന ഉദാഹരണങ്ങള്‍ സഹിതം ഇക്കാര്യം പ്രൊഫ. ഗാഡ്ഗില്‍ തന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. പഞ്ചായത്തീ രാജ് സംവിധാനങ്ങള്‍ നിലവില്‍ വന്നതിനു ശേഷവും വികസന കാര്യത്തില്‍ ഇത്തരം മാതൃകകള്‍ തന്നെയാണ് നാം പിന്തുടര്‍ന്നത്. ഭാവിയിലെങ്കിലും എല്ലാ വികസന മാതൃകകളും പ്രാദേശികത കണക്കിലെടുത്ത് അതാത് സമൂഹങ്ങളുടെ കൂട്ടായ പങ്കാളിത്തത്തോടെ മാത്രമേ നടപ്പില്‍വരുത്താവൂ എന്ന് റിപ്പോര്‍ട്ട് വിഭാവനം ചെയ്യുന്നു, ഇതിനെ ‘സംയോജിത സഹനിര്‍വ്വഹണം‘ എന്ന് വിശേഷിപ്പിക്കാം. ഓരോ പ്രാദേശിക സമൂഹത്തിന്റെയും സാമൂഹിക സാമ്പത്തിക പ്രത്യേകതകള്‍, അഭിലാഷങ്ങള്‍ ഇവ കണക്കിലെടുത്ത് വേണം വികസനക്കാര്യത്തില്‍ എന്താകാമെന്നും എന്ത് പാടില്ലെന്നും തീരുമാനിക്കാന്‍.

വിവിധ വിജ്ഞാന ശാഖകളുടെ സമന്വയം, പ്രയോഗത്തിലൂടെയുള്ള പഠനം, ദേശീയ, പ്രാദേശിക തലങ്ങളുടെയും സമൂഹത്തിന്റെയും കൂട്ടുപ്രവര്‍ത്തനവും അധികാരം പങ്കിടലും, നിര്‍വഹണ വഴക്കം അഥവാ എളുപ്പം – ഇവയൊക്കെയാണ് ‘സംയോജിത സഹനിര്‍വ്വഹണം’ എന്ന സമീപനത്തിന്റെ കാതല്‍ – ഈയൊരു തത്ത്വശാസ്ത്രം കമ്മിറ്റി റിപ്പോര്‍ട്ടില്‍ മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ‘കരുതലില്ലാത്ത വികസനം, ചിന്താശൂന്യമായ സംരക്ഷണം’ (Develop recklessly, Conserve thoughtlessly) എന്നതില്‍ നിന്ന് മാറി ‘നിലനില്‍ക്കുന്ന വികസനം, ഭാവനാപൂര്‍ണ്ണമായ സംരക്ഷണം’ (Develop sustainably, Conserve thoughtfully) എന്ന നിലയിലേക്ക് വളരാന്‍ ഇത് രാഷ്ട്രത്തെ ആഹ്വാനം ചെയ്യുന്നു. അരികു ജീവിതങ്ങളെ കണ്ണടച്ചില്ലാതാക്കുന്ന, പൌര ജീവിതത്തിന്റെ സുപ്രധാന തീരുമാനങ്ങള്‍ പോലും വിപണി കൈക്കൊള്ളുന്ന ഇന്നത്തെ ‘മിനിമം സ്റ്റേറ്റില്‍’ ഇതാണ് ഗാഡഗില്‍ റിപ്പോര്‍ട്ടിനെ പ്രതീക്ഷാ നിര്‍ഭരമാക്കുന്നത്.

കേരളം എന്തിനെയാണ് പേടിക്കുന്നത്?

ഔദ്യോഗികമായി തന്നെ റിപ്പോര്‍ട്ടിനെ എതിര്‍ക്കാന്‍ കേരളം മുന്നോട്ട് വെക്കുന്ന ന്യായങ്ങള്‍ എന്താണെന്ന് കാണാം:

1 പരിസ്ഥിതി വിലോല മേഖലകളുടെ അതിര്‍ത്തികള്‍ നിര്‍ണ്ണയിച്ചത് അശാസ്ത്രീയമായാണ്‌; മറ്റു സംസ്ഥാനങ്ങളുമായി കേരളത്തെ താരതമ്യപ്പെടുത്താനാകില്ല  – പരിമിതികള്‍ക്കുള്ളില്‍ തന്നെയാണ് കമ്മിറ്റി വിവധ മേഖലകളുടെ അതിര്‍ത്തികള്‍ തിരിച്ചിട്ടുള്ളത്. ഇത് പൂര്‍ണ്ണമോ ആത്യന്തികമോ ആണെന്ന് പ്രൊഫ. ഗാഡ്ഗില്‍ ഒരിടത്തും അവകാശപ്പെടുന്നില്ല. മറിച്ച് നിയമപരമായി സാധുതയുള്ള ഒരു ഏജന്‍സി രൂപീകരിക്കപ്പെട്ടാല്‍ ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന അതിര്‍ത്തികളെ കൂടുതല്‍ പ്രാദേശിക പങ്കാളിത്തത്തോടെ പുനര്‍നിര്‍ണ്ണയിക്കണം എന്ന് തന്നെയാണ് റിപ്പോര്‍ട്ട് പറയുന്നത്. അതോടൊപ്പം ഓരോ സംസ്ഥാനത്തെയും പ്രത്യേകമായി തന്നെ ആണ് പരിഗണിച്ചിരിക്കുന്നതെന്ന് താഴെ കൊടുത്തിരിക്കുന്നതില്‍ നിന്നും വ്യക്തം.
Western Ghats are a highly heterogeneous region with a marked north-­‐south gradient in terms of rainfall and length of rainy period. There is also much variation in elevation and geology. It is therefore to be expected that there will be substantial variation from state to state in terms of ecological endowments and sensitivity. At the same time, it is proper that ecological protection efforts should be fairly evenly distributed through the Western Ghats region. Hence it is appropriate to look separately at each state to assess relative levels of ecological sensitivity of different areas within the state. The relative and not absolute values of the parameters are pertinent for our purpose. With this in view, we normalized these parameters separately for each state. (‘Report of the Western Ghats Ecology Experts Panel’ – പേജ് 44)
അതിനാല്‍, മറിച്ചൊരു പഠനത്തിന്റെ അഭാവത്തില്‍, അതിര്‍ത്തി നിര്‍ണ്ണയത്തിലെ അശാസ്ത്രീയത എന്നത് അടിസ്ഥാനമില്ലാത്ത ആരോപണം മാത്രമാണ്.

2 പരിസ്ഥിതി സംരക്ഷണത്തിനു കേരളത്തില്‍ നിലവിലുള്ള നിയമങ്ങള്‍ തന്നെ പര്യാപ്തമാണ്. പുതിയ ഒരു സംവിധാനം വ്യവസ്ഥയെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കാനേ ഉപകരിക്കൂ:
നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം 2008, പരിസ്ഥിതി സംരക്ഷണ നിയമം 1986, തീരദേശ നിയന്ത്രണ മേഖല നിയമം 2011 തുടങ്ങിയവയാണ് ഈ അവസരത്തില്‍ പരിഗണനയര്‍ഹിക്കുന്നത്. ഇവ നിലനില്‍ക്കുമ്പോഴും പ്രകൃതി വിഭവങ്ങളുടെ അനിയന്ത്രിതമായ ചൂഷണം കേരള ജീവിതത്തില്‍ നാം നിത്യം കാണുന്നതാണ്. അപ്പോള്‍ ഇവ കാര്യക്ഷമമല്ലെന്നു വേണം കരുതാന്‍. അതിനാല്‍ അവയെ ക്രൊഡികരിച്ച് പോരായ്മകള്‍ തീര്‍ത്ത് നടപ്പാക്കാനുള്ള അവസരമായി പാനല്‍ റിപ്പോര്‍ട്ടിനെ കാണുന്നതാണ് ഉചിതം.

3 വിവിധ നിയമ-നിയന്ത്രണങ്ങള്‍ക്ക് പുറത്ത് 30 ശതമാനം ഭൂമി മാത്രമേ കൃഷിക്കും ജനവാസത്തിനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുമായി ലഭ്യമായുള്ളൂ. അതിനാല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രായോഗികമല്ല.  
പശ്ചിമഘട്ടത്തിന്റെ സമ്പത്ത് മുഴുവന്‍ സ്വീകരിച്ചു കൊണ്ടാണ് ഇത്രയും കാലം ഈ 30 ശതമാനത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നത്. കാറ്റും പുഴയും തണ്ണീര്‍ത്തടങ്ങളും മലനിരകളിലെ ജൈവ വൈവിധ്യവുമെല്ലാം ഇത്രയും നാള്‍ മുന്‍പിന്‍ ആലോചിക്കാതെ ഉപയോഗിച്ച് വികസിച്ച ഈ മേഖലകള്‍ക്ക് നിലവിലുള്ള ആസൂത്രണ പ്രക്രിയയില്‍ ചെറു മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ നിലനില്‍ക്കാവുന്നതേയുള്ളൂ. ഇതിനുപകരിക്കുന്ന നിര്‍ദ്ദേശങ്ങളാണ് കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത്. മുന്‍ധാരണകള്‍ മാറ്റി വെച്ച് റിപ്പോര്‍ട്ട് പഠിക്കുകയാണ് ഇതിനു വേണ്ടത്.

റിപ്പോര്‍ട്ട് പുറത്തു വന്ന ശേഷം ഇത് തീര്‍ത്തും ‘വികസന’ വിരുദ്ധമാണെന്നും കേരളത്തിന്റെ താല്പര്യങ്ങള്‍ക്കെതിരാണെന്നും വരുത്തിത്തീര്‍ക്കുവാനുള്ള ശ്രമം ഒരു വിഭാഗം ഇവിടെ ബോധപൂര്‍വ്വം നടത്തുന്നുണ്ട്. ഇത് വസ്തുനിഷ്ഠമായി കാര്യങ്ങള്‍ മനസ്സിലാക്കാത്തതില്‍ നിന്നുണ്ടാകുന്നതാണ്. ഭരണ തലത്തില്‍ തന്നെ റിപ്പോര്‍ട്ടിനെ തള്ളിപ്പറയാന്‍ ഒരുമ്പെടുന്ന സംസ്ഥാനം പാരിസ്ഥിതിക അജ്ഞ്ഞതയുടെ ഉദാഹരണം തന്നെയാണ്. റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ വയനാട്ടിലും ഇടുക്കിയിലും ജനങ്ങള്‍ വന്‍തോതില്‍ കുടിയോഴിയേണ്ടി വരുമെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായി നിര്‍ത്തി വെക്കേണ്ടി വരുമെന്നുമൊക്കെ തല്‍പരകക്ഷികള്‍ പറഞ്ഞു പരത്തുകയാണ്. ഗാഡഗില്‍ റിപ്പോര്‍ട്ട് മനസ്സിരുത്തി ഒരാവര്‍ത്തി വായിച്ചാല്‍ ഇതെല്ലാം അസത്യമാണെന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.

കേരളത്തില്‍ ധാരാളം വെള്ളമുണ്ടെന്ന ധാരണയാണ് മലയാളികളെ എന്നും നയിച്ച്‌ കൊണ്ടിരുന്നത്. ഇവിടെ 3000 മി.മി. മഴ ഉണ്ട്, അതിനാല്‍ ഒരിക്കലും മലയാളിക്ക് ജല ക്ഷാമം ഉണ്ടാകില്ല. ഉണ്ടായാലും പൈപ്പുണ്ടെങ്കില്‍  വെള്ളം വിതരണം ചെയ്ത് ദൌര്‍ലഭ്യം ഇല്ലാതാക്കാന്‍ സാധിക്കും എന്നാണു നമ്മുടെ പൊതു ധാരണ. പക്ഷെ പൈപ്പിലല്ല മണ്ണിലാണ് ജലം സംരക്ഷിക്കെണ്ടതെന്നു നാം ഇന്നും തിരിച്ചറിയുന്നില്ല. ഇന്ന് കേരളത്തില്‍ ഏതാണ്ടെല്ലാ മുന്‍സിപാലിറ്റികളിലും പഞ്ചായത്തുകളിലും ജലക്ഷാമമുണ്ട്, മണ്ണും മലയുമൊക്കെ മുറിച്ചു വിറ്റാലും മഴ പെയ്ത വെള്ളം വന്നു നിറഞ്ഞു കൊള്ളൂമെന്ന മൂഡ വിശ്വാസത്തിലാണ് നമ്മള്‍.

വയനാടും ഇടുക്കിയും പോലുള്ള മലയോര ജില്ലകളില്‍ ഭൂമാഫിയയും മണല്‍ മാഫിയകളുമാണ് റിപ്പോര്‍ട്ടിന്റെ പേരില്‍ അടിസ്ഥാനമില്ലാത്ത ഭീതികള്‍ ജനങ്ങളില്‍ വളര്‍ത്തുന്നത്. നിര്‍മ്മാണ മേഖലക്ക്  നല്‍കി വരുന്ന അമിതമായ പ്രാധാന്യം ജനപ്രതിനിധികളും ഭരണകൂടവും ഒഴിവാക്കുകയാണ് വേണ്ടത്. മണല്‍ വാരിയും മണ്ണിടിച്ചും പാറ പൊട്ടിച്ചുമൊക്കെ നിര്‍മ്മാണ മേഖലയെ വളര്‍ത്തിയ മധ്യ വര്‍ഗ്ഗ മലയാളിയെ നയിക്കുന്നത് ‘ഒരു വലിയ കേട്ടിടമുണ്ടായാല്‍ വലിയ വികസനം ഉണ്ടായി’ എന്ന വിചിത്രമായ ചിന്തയാണ്. അതിലേക്ക് ചുരുങ്ങിയിരിക്കുന്നു കേരളത്തിന്റെ ഇന്നത്തെ പാരിസ്ഥിതിക അവബോധം. 70 കളില്‍ സൈലന്റ് വാലി പദ്ധതിക്കെതിരെ ജനകീയ സമരമുഖങ്ങള്‍ ഉയര്‍ന്നുവന്നിടത്ത്  ഇന്ന് പ്രകൃതി വിരുദ്ധ വങ്കത്തരങ്ങള്‍ പരസ്യ പ്രസ്താവനകളായി സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന നേതാക്കള്‍ക്കും സംഘടനകള്‍ക്കുമെതിരെ നേരിയ പ്രതിഷേധം പോലും മുഖ്യധാരാ രാഷ്ട്രീയകക്ഷികളില്‍ നിന്നുമുയരുന്നില്ല. ഇത് തീര്‍ത്തും ദൌര്‍ഭാഗ്യകരമാണ്. 2013ന്റെ കേരള രാഷ്ട്രീയത്തില്‍ പാരിസ്ഥിതിക അവജ്ഞ ഭരണ പ്രതിപക്ഷ വത്യാസങ്ങള്‍ ഒന്നുമില്ലാതെ പടര്‍ന്നിരിക്കുന്നു.

എന്തുകൊണ്ട് മാഫിയകൾ?

മണല്‍ മാഫിയയും ഭൂമാഫിയയും എന്ത് കൊണ്ട് കേരളത്തില്‍ കൊഴുക്കുന്നു?
ഒരു വ്യവസ്ഥയില്‍ ഏതു പ്രവര്‍ത്തനത്തെയും നിര്‍ണ്ണയിക്കുന്നത് ആത്യന്തികമായി ആവശ്യകത (demand) തന്നെയാണ്. കാര്യക്ഷമവും കാലോചിതവുമായ നിയമ-ഭരണ-നീതി നിര്‍വഹണ സംവിധാനങ്ങളുടെ അഭാവത്തില്‍ ഏതൊരു സമൂഹത്തിലും സാമ്പത്തിക പ്രക്രിയകള്‍ ആവശ്യകതക്ക് (demand) വഴിപ്പെടുന്നു. മധ്യവര്‍ത്തി സമൂഹത്തില്‍ ഇത് സ്വാഭാവികം മാത്രം. കേരളത്തില്‍ ഇന്ന് മണലിനും കല്ലിനും ആവശ്യക്കാര്‍ ഏറെയാണ്. കേരളത്തിന്‌ വെളിയില്‍ തൊഴില്‍ ചെയ്യുന്ന മധ്യവര്‍ഗ്ഗത്തിന്റെ മിച്ചവരുമാനം വിപണി ഊതിവീര്‍പ്പിച്ച പൊങ്ങച്ചത്തെ തൃപ്തിപ്പെടുത്താനായി മാത്രം തങ്ങളുടെ പാര്‍പ്പിടങ്ങള്‍ മോടി കൂട്ടാന്‍ കണക്കില്ലാതെ ചെലവഴിക്കുകയാണ്. ഈ പൊങ്ങച്ചത്തെ നിലനിര്‍ത്തുന്ന നിര്‍മ്മാണ മേഖല അതിനാല്‍ തന്നെ സജീവമാണ്. അനുദിനം മുഖം മിനുക്കുന്ന മലയാളി സ്വപ്ന സൌധങ്ങള്‍ക്കായി കല്ലും മണലും കയറ്റിയ ടിപ്പറുകളും മല തട്ടി നീക്കുന്ന ബുള്‍ഡോസറുകളും തലങ്ങും വിലങ്ങും കുതിച്ചേ തീരൂ.

പറഞ്ഞു വരുന്നത്.. പശ്ചിമഘട്ടങ്ങളുടെ ദീനത്തിന്റെ കാരണങ്ങള്‍ മലനിരകള്‍ക്കു വെളിയിലാണിരിക്കുന്നത്. വിവേകശൂന്യമായ ഉപഭോഗ പ്രവണതകളിലും ചിന്താഗതികളിലുമാണത്. ഉപഭോഗത്തില്‍ മാറ്റങ്ങള്‍ വരുത്തിയില്ലെങ്കില്‍ കാര്‍ന്നു തീരാറായ കിഴക്കന്‍ മലകളില്‍ നിന്നുള്ള കല്ലും ഇതിനകം ശോഷിച്ചു കൈത്തോടുകളായ നദികളില്‍ നിന്നുള്ള മണലും ഒഴുകിക്കൊണ്ടേയിരിക്കും. ഒന്നോ രണ്ടോ പേര്‍ മാത്രം സ്ഥിര താമസക്കാരായിരുന്നാലും ആധുനിക മലയാളിക്ക് ഇരു നിലക്കെട്ടിടങ്ങള്‍ കൂടിയെ തീരൂ – ഇതിനു മണലും കല്ലും മരവും സ്ഥലവും ആവശ്യമാണ്‌. ഇത് വനം കൊള്ളയടിച്ചും മലയിടിച്ചും പുഴയൂറ്റിയും തന്നെയാണ് സാധ്യമാക്കുന്നത്. ഇതില്‍ അസ്വാഭാവികമായി ഒന്നും തന്നെയില്ല.

അതിനിടയില്‍ അലോസരപ്പെടുത്തുന്ന ഇത്തരം പഠന റിപ്പോര്‍ട്ടുകളെ കൊഞ്ഞനം കുത്താന്‍ സംസ്ഥാന നിയമസഭ തന്നെ പ്രത്യേകം സമ്മേളിക്കും, മന്ത്രിമാര്‍ വേണ്ടപ്പെട്ടവരെ കാണാന്‍ പലകുറി ദില്ലിക്ക് പറക്കും, ഇടയലേഖനങ്ങളും നിവേദനങ്ങളും മാധ്യമങ്ങളില്‍ കൊഴുക്കും. പശ്ചിമഘട്ടം പങ്കിടുന്ന 6 സംസ്ഥാനങ്ങളിലും ഇത്തരം നാടകങ്ങള്‍ കഴിഞ്ഞ അഞ്ചു മാസമായി നടന്നു കൊണ്ടിരിക്കുന്നു. ഇവരുടെ താല്പര്യങ്ങള്‍ക്ക് ദില്ലിയില്‍ പിന്തുണയുണ്ടെന്നു വ്യക്തമാക്കികൊണ്ട് റിപ്പോര്‍ട്ടിനെ വിലയിരുത്താന്‍ വേണ്ടി മറ്റൊരു പാനലിനെ തന്നെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു കഴിഞ്ഞു.! – കസ്തൂരിരംഗന്‍ കമ്മിറ്റി.5

ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടിന്റെ ഭാവി:

ഗാഡ്‌ ഗില്‍ റിപ്പോര്‍ട്ട് പ്രതീക്ഷയുടെ ഒരു ചെറിയ കൈത്തിരിയാണ്. സാങ്കേതികബദ്ധമാകാതെ ലളിതമായ ഭാഷയില്‍ പശ്ചിമ ഘട്ടത്തിന്റെ ഇന്നത്തെ സ്ഥിതി കമ്മിറ്റി സമഗ്രമായി അവലോകനം ചെയ്തിരിക്കുന്നു. സുതാര്യവും സത്യസന്ധവുമായി തയ്യാറാക്കിയ ഈ പഠനത്തെ വെള്ളം ചേര്‍ത്ത് ജീവനില്ലാതാക്കുവാനുള്ള അണിയറ നീക്കങ്ങള്‍ നടക്കുകയാണ്. കൊര്‍പ്പറെറ്റ് താല്‍പ്പര്യങ്ങള്‍ക്ക് അനഭിമതനാകുമെന്നു കണ്ടു ജയറാം രമേഷിനെ പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നും മാറ്റിയപ്പോള്‍ മുതല്‍ കാര്യങ്ങളുടെ കിടപ്പ് വ്യക്തമായിരുന്നു. തിരക്കിട്ട്  ദേശിയ നിക്ഷേപ ബോര്‍ഡ് (NIB – National Investment Board; പുനര്‍നാമകരണം ചെയ്ത് Cabinet Committee on Investment – CCI)6 സ്ഥാപിച്ചതു തന്നെ പരിസ്ഥിതി നിയമങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ബൃഹദ് പദ്ധതികള്‍ക്ക് (10,000 കോടി രൂപയിലധികം നിക്ഷേപമുള്ളവ) പിന്‍വാതില്‍ പ്രവേശനം ഉറപ്പു വരുത്താനാണ്.

കസ്തൂരിരംഗന്‍ കമ്മിറ്റിയെ സംബന്ധിച്ചിടത്തോളം ഗാഡ്‌ ഗില്‍ റിപ്പോര്‍ട്ട് പുനര്‍നിര്‍ണയം എളുപ്പമുള്ള ഒരു കാര്യമല്ല, പുതിയ കമ്മിറ്റി ഒരു രാഷ്ട്രീയ നാടകമല്ല മറിച്ച് ശാസ്ത്രീയ അന്വേഷണമാണെന്നു പൊതു സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ധാര്‍മ്മിക ഉത്തരവാദിത്തം കസ്തൂരിരംഗന്‍ കമ്മിറ്റിക്കുണ്ട്. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം മറ്റൊരു പൊതു തിരഞ്ഞെടുപ്പുവരെ കാര്യങ്ങള്‍ നീട്ടിക്കൊണ്ടു പോകാന്‍ ഇതുകൊണ്ട് ഒരു പക്ഷെ സാധിച്ചേക്കും. ഇന്നത്തെ സ്ഥാപന വ്യവസ്ഥകളുടെ അധികാരത്തെ പുതിയ ഒരു അതോറിറ്റി എങ്ങിനെ ബാധിക്കുമെന്ന ആശങ്കയാണ് ഭരണകര്‍ത്താക്കളിലെങ്കില്‍ തങ്ങള്‍ക്ക് പരിചിതമായ വിഭവ ഉപഭോഗ രീതികളെ പുതിയ നിര്‍ദ്ദേശങ്ങള്‍ എങ്ങിനെ മാറ്റം വരുത്തും എന്നതാണ് ജനങ്ങളുടെ ഇക്കാര്യത്തിലെ താല്‍പ്പര്യം.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തുറന്ന മനസ്സോടെ ചര്‍ച്ച ചെയ്യുകയാണ് വേണ്ടത്, ബിഷപ്പ് കൌണ്‍സിലിനെ (KCBC) പോലെ മുട്ടാപ്പോക്ക് ന്യായങ്ങള്‍ പറയുകയല്ല. അതോടൊപ്പം ഭൌതിക സുഖലോലുപതയിലാണ്ട മലയാളി പൊതു ബോധത്തെ പ്രകൃതിയിലേക്ക് മടക്കിക്കൊണ്ടു വരേണ്ടിയുമിരിക്കുന്നു. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അതിനുള്ള സംവാദ സാധ്യതകള്‍ തുറക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

‘ഗാഡ്ഗില്‍ റിപ്പോര്‍ട്ടും ചില പരിസ്ഥിതി ചിന്തകളും’ –

അവലംബം:
1 Centre for Ecological Sciences, IISc
2 Report of Western Ghats Ecology Expert Panel (Page 51)
3 currentscience.ac.in
4 Report of Western Ghats Ecology Expert Panel (Page 15)
5 ‘Businessline’ dated August 20, 2012
6 ‘TheHindu’ dated December 14, 2012
7 ‘The Hindu’ dated December 14, 2012

 

Posted in പരിസ്ഥിതി, രാഷ്ട്രീയം | Tagged | 1 Comment