മലയാളം ക്ലാസ്സിക്കൽ ഭാഷയല്ല

താരതമ്യേന പ്രായം കുറഞ്ഞ മലയാള ഭാഷയെ എങ്ങിനെയെങ്കിലും ‘ക്ലാസ്സിക്കല്‍ആക്കി മാറ്റാനുള്ള ശ്രമം കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത് തന്നെ കേരളം തുടങ്ങിയതാണ്‌. കണക്കു പറഞ്ഞു വന്നാല്‍ ‘ക്ലാസ്സിക്കൽ’ ആകാന്‍ പറ്റില്ലെങ്കില്‍ ഒരു ‘ശ്രേഷ്ഠ’ പദവിയെങ്കിലും വേണമെന്ന വാശിയില്‍ ഇപ്പോള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരും അത് തന്നെ തുടരുന്നു. ഭാഷകളുടെ ‘ക്ലാസ്സിക്കൽ’ പദവിയെ സംബന്ധിച്ച ഒരവലോകനമാണീ ലേഖനം.

ഭാഷയും രാഷ്ട്രീയവും:
കാലാകാലങ്ങളില്‍ അക്കാദമിക വൃത്തങ്ങള്‍ തമിഴ് ഭാഷയെ ‘ക്ലാസ്സിക്കൽ’ എന്ന് തന്നെയാണ് കണക്കാക്കിയിരുന്നതെങ്കിലും തമിഴ് രാഷ്ട്രീയം യൂണിയന്‍ ഗവര്‍മ്മെന്റില്‍ നിന്നും ഇതിനൊരു ഔദ്യോഗിക പദവി എന്നും ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ പുനര്‍നിര്‍ണ്ണയിച്ചതിനു ശേഷം ഭാഷകളുടെ ‘പദവി’ എന്നത് പ്രധാനമായി മാറുന്നത് പ്രാദേശിക കക്ഷികള്‍ക്ക് ദേശീയ രാഷ്ട്രീയത്തില്‍ അവഗണിക്കാനാകാത്ത സ്ഥാനം ലഭിച്ചപ്പോഴാണ്. ഭാഷയെ അതി വൈകാരികമായി കൈകാര്യം ചെയ്യുന്ന തമിഴര്‍ തന്നെയാണ് ഇക്കാര്യത്തില്‍ കണക്കുപറയാന്‍ മുന്‍പന്തിയില്‍ നിലകൊണ്ടത്. ഇന്നും ഭാഷയെക്കുറിച്ചുള്ള ഏതു ചര്‍ച്ചയിലും തങ്ങളുടെ തായ്മൊഴിക്കു വേണ്ടി കൈമെയ് മറന്നു പോരാടാന്‍ തമിഴ് മക്കള്‍ക്ക്‌ തന്നെയാണ് ഉശിര് കൂടുതല്‍.  2004-ലെ പൊതു തിരഞ്ഞെടുപ്പില്‍ ഡി എം കെ മുന്നണി തമിഴ് നാട്ടില്‍ വന്‍ വിജയം കൊയ്തപ്പോള്‍ കേന്ദ്ര മന്ത്രിസഭയില്‍ അവര്‍ക്ക് ഉയര്‍ന്ന വിലപേശാനുള്ള അവസരം ലഭിച്ചു. അങിനെ തമിഴിനു ‘ക്ലാസ്സിക്കൽ’ പദവി എന്നത് ഡി എം കെ യ്ക്ക് ആ വര്‍ഷം തന്നെ എളുപ്പം നേടിയെടുക്കാന്‍ സാധിക്കുകയും ചെയ്തു. ‘തമിഴ് ‘ ഭാഷ ‘ക്ലാസ്സിക്കല്‍ ‘ പദവി ലഭിക്കാന്‍ അര്‍ഹമാണെങ്കിലും ഇതൊരു രാഷ്ട്രീയ നീക്കം മാത്രമായിരുന്നു. ഈ ‘നേട്ട’ത്തെക്കുറിച്ച് ഡി എം കെ യും കരുണാനിധിയും നാട് നീളെ കൊട്ടിഘോഷിച്ചപ്പോള്‍ അന്ന് തമിഴ് നാട് ഭരിച്ചു കൊണ്ടിരുന്ന എ ഐ എ ഡി എം കെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിശബ്ദമായിരുന്നു.

ഏറെ  വിചിത്രമായ വസ്തുത തമിഴിനു ശേഷമാണ് സംസ്കൃതത്തിനു ക്ലാസ്സിക്കല്‍ പദവി നല്‍കപ്പെട്ടത്‌ എന്നതാണ്. ഇതിനര്‍ത്ഥം ഗവര്‍മെന്റ് ഓര്‍ഡര്‍ പ്രകാരം ഇതിനു മുന്പ് ഒരു ഭാഷയ്ക്കും ഇത്തരമൊരു പദവി നല്‍കപ്പെട്ടിരുന്നില്ല എന്ന് തന്നെ. എങ്കിലും ഭരണഘടനയുടെ 351ആം വകുപ്പ് പ്രകാരം ഔദ്യോഗിക ഭാഷകളിലൊന്നായ ഹിന്ദിയുടെ മൂല ഭാഷ എന്ന നിലയില്‍ സംസ്കൃതത്തിനു പ്രത്യേക പരിഗണന സ്വാതന്ത്ര്യാനന്തരം നല്‍കി വരുന്നുണ്ടായിരുന്നു. ‘പാലി’, ‘അറബി’, ‘പേര്‍ഷ്യന്‍’ തുടങ്ങിയവ ‘ക്ലാസ്സിക്കൽ’ ഭാഷകള്‍ ആണെങ്കിലും അവയ്ക്ക് ഇത്തരം പദവി നല്‍കിയതായുള്ള രേഖകളൊന്നും നിലവിലില്ല. എങ്കിലും ഇവയ്ക്കൊക്കെ പരിഗണനാപൂര്‍ണ്ണമായ സ്ഥാനം കാലാകാലങ്ങളായി നല്‍കപ്പെട്ടുപോന്നിരുന്നു. എന്നാല്‍ 2004 നു ശേഷം ഭാവിയില്‍ മറ്റു ഭാഷകളില്‍ നിന്നുമുണ്ടായേക്കാവുന്ന അവകാശ വാദങ്ങളെ മുന്നില്‍ കണ്ടു കൊണ്ട് രണ്ടു തവണയെങ്കിലും ‘ക്ലാസ്സിക്കൽ’ പദവിയുടെ മാനദന്ഡങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ വെള്ളം ചേര്‍ത്തിട്ടുമുണ്ട്. തമിഴിനു പിറകെ തെലുങ്കും കന്നടയും ‘ക്ലാസ്സിക്കൽ’ കിരീടം വാശി പിടിച്ചു വാങ്ങിയപ്പോള്‍ വല്യേട്ടന്മാരുടെ കൂടെ കരഞ്ഞു നോക്കിയിട്ടും കളിപ്പാട്ടം കിട്ടാതെ പോയ ഇളയ കുട്ടിയുടെ അവസ്ഥയായി മലയാളത്തിന്. ഭാഷയുടെ രാഷ്ട്രീയം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഈ അവസരത്തില്‍ എന്താണ് ഈ ഭാഷകളുടെ ചരിത്രം എന്ന് നമുക്ക് പരിശോധിക്കാം.

പ്രോട്ടോ ദ്രാവിഡ ഭാഷ:

ഭാഷകളുടെ ഗോത്രബന്ധം എന്ന ആശയം ആദ്യമായി അവതരിപ്പിക്കുന്നത് സർ. വില്ല്യം ജോണ്‍സ് ആണ് (റോയല്‍ എഷ്യാറ്റിക്ക് സൊസൈറ്റി – 1786). സംസ്കൃതം, ഗ്രീക്ക്, ലാറ്റിന്‍ എന്നീ ഭാഷകള്‍ രൂപത്തിലും ഭാവത്തിലും സാദൃശ്യം പ്രകടിപ്പിക്കുന്നതിനാല്‍ ഇവയെല്ലാം ഒരിടത്തുനിന്നും വികസിച്ചതാകാമെന്നതാണ് ഈ നിഗമനത്തിനടിസ്ഥാനം. ഇതോടെയാണ് ‘പ്രാഗ് ഭാഷ’ അഥവാ ‘മൂല ഭാഷ’ (Proto Language) എന്ന സങ്കല്‍പ്പത്തിന് പ്രചാരം കൈവരുന്നത്. ഒരേ മൂല ഭാഷയില്‍ നിന്നും വികസിച്ചു വരുന്ന ഭാഷകള്‍ പ്രാഗ്ഭാഷയുടെ ലക്ഷണങ്ങള്‍ നിലനിര്‍ത്തുന്നു. ഇന്ന് ഭാരതത്തില്‍ ഉപയോഗത്തിലുള്ള ഭാഷകളുടെ പ്രാഗ് രൂപങ്ങള്‍ രണ്ടെണ്ണമാണ് – ‘പ്രോട്ടോ ഇന്തോ-യൂറോപ്യ’നും ‘പ്രോട്ടോ ദ്രാവിഡ’വും. സംസ്കൃതവും അത് വഴി മറ്റ് വടക്കെ ഇന്ത്യന്‍ ഭാഷകളും ‘പ്രോട്ടോ ഇന്തോ-യൂറോപ്യനിൽ’ നിന്നും ഉരുത്തിരിഞ്ഞെങ്കില്‍ തെന്നിന്ത്യന്‍ ഭാഷകള്‍ ‘പ്രോട്ടോ ദ്രാവിഡ’ത്തില്‍ നിന്നും വഴി പിരിഞ്ഞു വന്നവയാണ്.

ദ്രാവിഡ ഗോത്രത്തിലെ നാല് പ്രധാന ഭാഷകളില്‍ ഏറ്റവും പ്രാചീനം തമിഴ് തന്നെ. തമിഴില്‍ ഇതുവരെ ലഭ്യമായിട്ടുള്ളതില്‍ വെച്ച ഏറ്റവും പഴക്കം ചെന്ന കൃതി ‘തോല്‍ക്കാപ്പിയം’ ( കര്‍ത്താവ് : തോല്‍ക്കാപ്പിയര്‍ – കാലഘട്ടത്തെ കുറിച്ചഭിപ്രായൈക്യം ഇല്ല. പൊതുവെ അംഗീകരിക്കപ്പെടുന്നത് A.D 3 ആം നൂറ്റാണ്ട് ) ആണ്. വ്യാകരണത്തിന്റെയും കാവ്യശാസ്ത്രനിയമത്തിന്റെയും പഠനഗ്രന്ഥമാണ് തൊല്‍ക്കാപ്പിയം. അക്കാലത്തെ മറ്റു കൃതികളൊന്നും ലഭ്യമല്ലെങ്കിലും അന്ന് നിലനിന്നിരുന്ന കാവ്യ സംസ്കാരത്തിന്റെ തെളിവായി നമുക്ക് ‘തോല്‍ക്കാപ്പിയ’ത്തെ കണക്കാക്കാവുന്നതാണ്. ആദ്യകാല സംസ്കൃത വ്യാകരണങ്ങളുടെ സ്വാധീനം കാണാമെങ്കിലും ‘തൊല്‍ക്കാപ്പിയം’ മൌലികത നിറഞ്ഞ കൃതിയായി തന്നെയാണ് ഭാഷാ പണ്ഡിതര്‍ കണക്കാക്കുന്നത്. സാഹിത്യ ഭാഷയ്ക്കുപയോഗിക്കുന്ന തമിഴിനെ ‘ചെന്തമിഴെ’ന്നും വ്യവഹാര ഭാഷയെ ‘കൊടുന്തമിഴെ’ന്നും ‘തോല്‍ക്കാപ്പിയം’ തരം തിരിച്ചിരിക്കുന്നു.

കന്നഡ ലിഖിതങ്ങളില്‍ ഏറ്റവും പഴക്കമുള്ളവ 5 ആം നൂറ്റാണ്ടിലേതാണെന്നാണ് ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നത്. ആദ്യ സാഹിത്യ കൃതി 9 ആം നൂറ്റാണ്ടിലേതെന്നു കരുതപ്പെടുന്ന ‘കവിരാജമാര്‍ഗ്ഗ’മാണ് (കര്‍ത്താവ് : അമോഘവര്‍ഷന്‍ – A.D. 850). കേസിരാജന്റെ ‘ശബ്ദമണിദര്‍പ്പണ’മാണ് (13 ആം നൂറ്റാണ്ട്) കന്നഡയിലെ ആദ്യ വ്യാകരണ ഗ്രന്ഥം. തെലുങ്കിലാകട്ടെ ആദ്യ ലിഖിതങ്ങള്‍ ആറാം നൂറ്റാണ്ടിലേതാണെങ്കില്‍  പ്രഥമ സാഹിത്യ കൃതി നന്നയ്യഭട്ടന്റെ ‘മഹാഭാരത’ പരിഭാഷയാണ് (A.D 11ആം നൂറ്റാണ്ട്). അദ്ദേഹത്തിന്റെ തന്നെ ‘തെലുഗുശബ്ദചിന്താമണി’യാണ് (സംസ്കൃതത്തില്‍ രചിക്കപ്പെട്ടതാണെങ്കിലും) തെലുങ്കിലെ ആദ്യ വ്യാകരണ ഗ്രന്ഥം.

ഇവ കൂടാതെ ഗോത്ര വര്‍ഗ്ഗക്കാര്‍ക്കിടയില്‍ പ്രചാരത്തിലുള്ള ധാരാളം സാഹിത്യേതര ഭാഷകള്‍ ദ്രാവിഡ ഗോത്രത്തില്‍ നിന്നുരുത്തിരിഞ്ഞിട്ടുണ്ട്. ‘തുളു’, ‘കുടക് ‘, ‘ഇരുള’, ‘കുരുംബ’, ‘തോട’, ‘കൊട’, ‘ബടഗ’, ‘കൊരഗ’, ‘ഗോണ്ടി’, ‘കുയി’, ‘കുവി’, ‘കൊണ്ട’, ‘പെന്ഗോ’, ‘മണ്ട’, ‘നൈക്രി’, ‘നൈകി’, ‘പര്‍ജി’, ‘ഒല്ലാരി’, ‘ഗടബ’, ‘മാള്ടോ’, ‘ബ്രഹുവി’ മുതലായവ. ഇവയില്‍ ‘ബ്രഹുവി’ ഇന്നത്തെ പാക്കിസ്ഥാനിലെ ബാലൂചിസ്ഥാനിലാണ് സംസാരിച്ചു കാണുന്നത്. ഏതാണ്ട് ഒന്നര മില്യന്‍ ജനങ്ങള്‍ സംസാരിക്കുന്ന ഈ ഭാഷയില്‍ പത്തു ശതമാനം മാത്രമേ ഇന്ന് ദ്രാവിഡ പദങ്ങള്‍ നിലനില്‍ക്കുന്നുള്ളൂ. തുടര്‍ച്ചയായ സാഹിത്യ പാരമ്പര്യം അവകാശപ്പെടാനാകില്ലെങ്കിലും ഏതാണ്ട് ഒന്നര മില്യണ്‍ തന്നെ ജനങ്ങള്‍ സംസാരിക്കുന്ന ‘തുളു’ ഭാഷയില്‍ ആധുനിക സാഹിത്യം വളര്‍ച്ച പ്രാപിക്കുന്നുണ്ട്.

തെന്നിന്ത്യന്‍ ഭാഷകളില്‍ ഇളയതെന്നു സാമാന്യേന എല്ലാവരും അംഗീകരിച്ചിട്ടുള്ള മലയാളം തമിഴിന്റെ പുത്രിയാണെന്നും അല്ല സഹോദരിയാണെന്നുമുള്ള രണ്ടഭിപ്രായം പണ്ഡിതര്‍ക്കിടയില്‍ എന്നും നിലനിന്നിരുന്നു. മലയാളത്തിന്റെ ആദ്യ നിഘണ്ടു നിര്‍മ്മിച്ച ഡോ: ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടാണ്  (1814-1893) മലയാളം മൂല ദ്രാവിഡത്തിന്റെ സ്വതന്ത്ര ശാഖ (അഥവാ തമിഴിന്റെ സഹോദരി) എന്ന വാദം ആദ്യം ഉന്നയിക്കുന്നത്. മഹാകവി ഉള്ളൂർ, ഡോ: ഗോദവര്‍മ്മ, ഡോ: കെ. എം. ജോര്‍ജ്ജ്, പ്രൊഫ: സി. എൽ. ആന്റണി എന്നിവര്‍ ഈ വാദത്തെ പിന്താങ്ങുന്നു. പുരാതന കാലത്ത് ദക്ഷിണേന്ത്യയൊന്നാകെ മൂല ദ്രാവിഡ ഭാഷയാണ്‌ പ്രയോഗത്തിലിരുന്നത്. കാലക്രമത്തില്‍ ഇത് ഉത്തരദ്രാവിഡമെന്നും ദക്ഷിണ ദ്രാവിഡമെന്നും രണ്ടായി പിരിഞ്ഞപ്പോള്‍ ചോള, ചേര, പാണ്ഡ്യ രാജാക്കന്മാരുടെ പ്രോത്സാഹനത്താല്‍ ദക്ഷിണ ദ്രാവിഡ ഭാഷ പ്രചരിച്ചു. ബി. സി മൂന്നാം നൂറ്റാണ്ടോടു കൂടി ഈ ഭാഷ സാഹിത്യ യോഗ്യമായപ്പോള്‍ സാഹിത്യ നിര്‍മ്മാണത്തിന് വേണ്ടി വ്യവഹാര ഭാഷ പരിഷ്കരിക്കേണ്ടി വന്നു. അപ്പോള്‍ വ്യവഹാര ഭാഷയെ ‘കൊടുന്തമിഴെ’ന്നും സാഹിത്യ ഭാഷയെ ‘ചെന്തമിഴെ’ന്നും വിളിച്ചു. ഇത് വ്യാകരണ നിയമങ്ങള്‍ക്ക് വിധേയമായി ഒരു പരിഷ്കൃത ഭാഷയായപ്പോള്‍ പണ്ഡിതന്മാര്‍ ഈ ഭാഷയില്‍ ഗ്രന്ഥനിര്‍മ്മാനം തുടങ്ങി. മഥുര ആസ്ഥാനമാക്കി (ബി സി രണ്ടിനും എ ഡി നാലിനും ഇടയിൽ പുരോഗമിച്ച ഈ ഗ്രന്ഥ നിര്‍മ്മാണം ‘സംഘം കൃതികൾ’ എന്ന പേരില്‍ പ്രശസ്തമാണ്. അവര്‍ കാവ്യ രചനയ്ക്കുപയോഗിച്ചുപോന്ന ഭാഷയെ ‘ദ്രമിഡസംഘപാഠം’ എന്ന് വിളിച്ചു പോന്നു.

കാലക്രമേണ പാണ്ടി നാട്ടിലെ (ഇന്നത്തെ തമിഴ് നാട്) സംസാര ഭാഷയില്‍ വരമൊഴിയുടെ സ്വാധീനം വര്‍ദ്ധിക്കുകയും വരമൊഴിക്കും വാമൊഴിക്കും പൊതുവായി ഇന്ന് ഉപയോഗത്തിലിരിക്കുന്ന തമിഴ് ഭാഷ രൂപപ്പെടുകയും ചെയ്തു. ചേര രാജ്യത്തിലെ (ഇന്നത്തെ കേരളം അടങ്ങുന്ന പ്രദേശം) വാമൊഴിയാകട്ടെ ഏറെക്കാലം ദക്ഷിണ ദ്രാവിഡ ഭാഷയുടെ സ്വാധീനം നിലനിര്‍ത്തിപ്പോന്നു. ക്രമേണ ചേര രാജ്യത്തിലെ തമിഴ് പാണ്ടി രാജ്യത്തിലെ തമിഴുമായി അകല്‍ച്ച പ്രാപിച്ച് സ്വതന്ത്ര ഭാഷയായി രൂപം കൊണ്ടു – ഇതാണ് മലയാളം തമിഴിന്റെ സഹോദരി എന്ന വാദത്തിനാധാരം.

സംഘ കാലത്തെ ലക്ഷണ ഗ്രന്ഥമായ ‘തോല്‍ക്കാപ്പിയത്തി’ലെ വ്യാകരണ നിയമങ്ങളില്‍ പലതും മലയാളം ഇന്നും സംരക്ഷിച്ചു പോകുന്നതിനാല്‍ (തമിഴില്‍ ഇവ സംരക്ഷിക്കപ്പെട്ടിട്ടില്ല) മലയാളം മൂല ദ്രാവിഡത്തിന്റെ സ്വതന്ത്ര ശാഖയായി കണക്കാക്കാം എന്നും ഈ വാദത്തെ പിന്തുണയ്ക്കുന്നവര്‍ കരുതുന്നു. ഇത് കൂടാതെ മലയാളം ഇന്നും നിലനിര്‍ത്തുന്ന മൂല ദ്രാവിഡത്തിന്റെ ചില പ്രാചീന പദങ്ങള്‍ (അളിയൻ, കളരി മുതലായവ), പ്രയോഗ വിശേഷണങ്ങള്‍ (ഉദാ: ‘പഴകിയ’ പോലുള്ള ‘ചേരച്ച’ രൂപങ്ങൾ) എന്നീ കാരണങ്ങളാല്‍ മലയാളം തമിഴിന്റെ സഹോദരി മാത്രമാണെന്ന് ഇവര്‍ വാദിക്കുന്നു. മണിപ്രവാളത്തിന്റെ ലക്ഷണ ഗ്രന്ഥമായ ‘ലീലാതിലകം’ മലയാളത്തെ കേരള ഭാഷയെന്നും തമിഴിനെ ചോള ഭാഷയെന്നും വിളിക്കുന്നതിനെ ചൂണ്ടിക്കാണിച്ച്  ‘ലീലാതിലകം’ രചിക്കുന്നതിന് മുന്‍പ് തന്നെ മലയാളം വ്യക്തിത്വമുള്ള ഒരു സ്വതന്ത്ര്യ ഭാഷയായി വളര്‍ന്നു കഴിഞ്ഞിരുന്നുവെന്നും ഇവര്‍ സ്ഥാപിക്കുന്നു.

എന്നാല്‍ വ്യാകരണ പണ്ഡിതനായ കാന്റ്വല്‍ (1814-1891) മലയാളം  തമിഴിന്റെ പുത്രിയാണെന്ന നിഗമനത്തിലാണെത്തുന്നത്. ദ്രാവിഡ ഭാഷകളുടെ ആന്തരിക ഘടനയില്‍ സമാനതകളുണ്ടെന്ന് ആദ്യമായി ചൂണ്ടിക്കാട്ടിയത് കാന്റ്വല്‍ തന്നെ. തെലുങ്ക്, കന്നഡ എന്നീ ഭാഷകളേക്കാള്‍ ഘടനയില്‍ മലയാളത്തിനു തമിഴിനോട് ബന്ധമുണ്ട്. ഇക്കാര്യത്തെ ചരിത്രപരവും ഭാഷാപരവുമായ തെളിവുകള്‍ നിരത്തി കേരളപാണിനി എ. ആര്‍ രാജരാജവര്‍മ്മ പിന്താങ്ങുന്നുമുണ്ട്. സഹ്യനിപ്പുറമുള്ള ഭാഷ തമിഴിന്റെ ഒരുപഭാഷയായിരുന്നുവെന്നും ചില പ്രത്യേക സാഹചര്യങ്ങള്‍ കൊണ്ട് അതൊരു സ്വതന്ത്ര ഭാഷയായിത്തീര്‍ന്നുവെന്നും കേരളപാണിനി അഭിപ്രായപ്പെടുന്നു.

മലനാട്ടിലെ ജനങ്ങള്‍ക്ക് ആര്യന്മാരുമായുള്ള സംസര്‍ഗ്ഗം വളര്‍ന്നപ്പോള്‍ സംസ്കൃത സമ്പര്‍ക്കം മൂലം മലനാട്ടിലെ തമിഴ് അക്ഷര സംഖ്യ വര്‍ധിച്ച് ഒരു സ്വതന്ത്ര ഭാഷയായിത്തീര്‍ന്നു. തമിഴ് സംസാരിക്കുന്ന മറ്റു പ്രദേശങ്ങളുമായുള്ള ബന്ധം സഹ്യപര്‍വ്വതം തടസ്സപ്പെടുത്തിയതും സഹ്യനിരുപുറവും വത്യസ്ത രാജാക്കന്മാര്‍ ഭരിക്കുമ്പോള്‍ ജനങ്ങള്‍ക്കിടയിലുള്ള സമ്പര്‍ക്കം കുറഞ്ഞതും മലയാളം സ്വതന്ത്രഭാഷയായി വളരാന്‍ സഹായിച്ചു. ഇത്തരം ബാഹ്യത്തെളിവുകള്‍ കൂടാതെ ഭാഷയ്ക്കുള്ളിലേക്കിറങ്ങിച്ചെന്നുള്ള ചില നിര്‍ണ്ണായക വാദമുഖങ്ങളും പാണിനി നിരത്തുന്നുണ്ട്. ഇവ ‘പാണിനിയുടെ ആറു നയങ്ങൾ’ എന്ന പേരില്‍ പ്രസിദ്ധമാണ്. ‘അനുനാസികാതിപ്രസരം’, ‘താലവ്യാദേശം’, ‘സ്വരസംവരണം’, ‘പുരുഷഭേദനിരാസം’, ‘ഖിലോപസംഗ്രഹം’, ‘അംഗഭംഗം’ എന്നിവയാണവ. പൊതുവെ പിന്നീടുള്ള ഭാഷാശാസ്ത്ര (ചരിത്ര) പണ്ഡിതന്മാര്‍ക്കിടയില്‍ ഇക്കാലമത്രയും സമ്മതി നേടാന്‍ പാണിനിയുടെ യുക്തിഭദ്രമായ നയങ്ങള്‍ക്കും മലയാളം തമിഴിന്റെ പുത്രി എന്ന വാദത്തിനും കഴിഞ്ഞിട്ടുണ്ട്.

കേരള സംസ്കാരം തമിഴ് സംസ്കാരത്തില്‍ നിന്നും വിഭിന്നമായി നിലകൊള്ളുവാന്‍ ഒരു കാരണം മലയാള ബ്രാഹ്മണരാണ്‌. എട്ടാം ശതകത്തിന്റെ ആരംഭം മുതല്‍ തുളുനാട്ടിലെയും കേരളത്തിലെയും ബ്രാഹ്മണരുടെ സംഖ്യ ക്രമാതീതമായി വര്‍ധിച്ചു. വടക്കെ ഇന്ത്യന്‍ പ്രവിശ്യകളില്‍ (വിശേഷിച്ച് സിന്ധ് മുതലായിടങ്ങളിൽ) വിദേശാക്രമണങ്ങള്‍ ഉണ്ടായത് ഇതിനൊരു കാരണമാകാം. ഇങ്ങിനെയുള്ള ബ്രാഹ്മണാഗമനം പതിനൊന്നാം ശതകം വരെയും തുടര്‍ന്നു. ഇവരിലൂടെ കേരളത്തിലും തുളുനാട്ടിലും മുപ്പത്തി രണ്ടു വീതം ബ്രാഹ്മണ ഗ്രാമങ്ങള്‍ സ്ഥാപിക്കപ്പെടുകയുണ്ടായി.ഈ ബ്രാഹ്മണര്‍ക്കറിയാമായിരുന്ന ഭാഷകള്‍ സംസ്കൃത പ്രാകൃതങ്ങളും ഒരു പരിധി വരെ കന്നഡവുമായിരുന്നു. അവര്‍ തമിഴ് മാത്രമറിയാവുന്ന കേരളീയരോടിടപെട്ടപ്പോള്‍ ഭാഷയില്‍ പരിണാമങ്ങള്‍ സംഭവിക്കുക സ്വാഭാവികം മാത്രം. എന്നാല്‍ ഇത് നാട്ടു ഭാഷയെ എങ്ങിനെയൊക്കെ മാറ്റിമറിച്ചു എന്നറിയാന്‍ ഇന്ന് തെളിവുകളൊന്നും അവശേഷിക്കുന്നില്ല. അതിനു കുറച്ചെങ്കിലും സഹായിക്കുന്നത് ഒന്‍പതാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനം വരെയുള്ള ക്ഷേത്ര സംബന്ധിയായ ശാസനങ്ങള്‍ മാത്രമാണ്. ഈ ശാസനങ്ങള്‍ മുഴുവനായി കണ്ടു കിട്ടാതിരുന്ന കാലത്താണ് പാണിനി തന്റെ നയങ്ങള്‍ രൂപപ്പെടുത്തി, തമിഴ് മലയാളമായി രൂപപ്പെട്ട കാലത്തെ കരിന്തമിഴ്ക്കാലമെന്നു (800-1300) വിളിച്ചത്.

മേല്‍ വിസ്തരിച്ച സിദ്ധാന്തങ്ങളുടെ തണലില്‍ നിന്നുകൊണ്ട് മലയാള ഭാഷക്ക്  ‘ക്ലാസ്സിക്കൽ’ പദവി അവകാശപ്പെടാമോ എന്ന് നമുക്ക് പരിശോധിക്കാം. അതിനു മുന്പായി എന്താണ് ‘ക്ലാസ്സിക്കൽ’ എന്ന പദം (അല്ലെങ്കില്‍ പദവി) കൊണ്ടുദ്ദേശിക്കുന്നത് എന്നതിനെ കുറിച്ച് വ്യക്തതയുണ്ടാകണം.

സാഹിത്യം ക്ലാസ്സിക്കാണ് ഭാഷ ക്ലാസ്സിക്കല്ല:

‘ക്ലാസ്സിക്ക് ‘ എന്നാല്‍ പ്രാചീന മെഡിറ്റെറെനിയന്‍ മേഘലകളിലെ (വിശേഷിച്ച് പൌരാണിക ഗ്രീക്ക്, റോമന്‍) ഭാഷ, സാഹിത്യം, തത്ത്വശാസ്ത്രം, ചരിത്രം, കല, പുരാവസ്തു ഗവേഷണം തുടങ്ങിയ   സാമൂഹ്യശാസ്ത്ര ശാഖകളെയെയാണ് സൂചിപ്പിക്കുന്നത്. ക്ലാസ്സിക്കല്‍ യുഗമെന്നാല്‍ പാശ്ചാത്യ സംസ്കാരത്തിന്റെ ‘സുവര്‍ണ്ണ യുഗ’മെന്ന് വിശേഷിപ്പിക്കുന്ന B.C 600 മുതല്‍ A.D 600 വരെയുള്ള കാലഘട്ടമാണ്. ഉയര്‍ന്ന ചിന്തയുടെയും സംസ്കാരത്തിന്റെയും അത് വഴി ഒരു സുവര്‍ണ്ണ കാലഘട്ടത്തിന്റെയും ഭാഗമെന്ന രീതിയിലാണ് സര്‍ഗ്ഗ സൃഷ്ടികളെ, പ്രക്രിയകളെ, അല്ലെങ്കില്‍ വസ്തുക്കളെ ‘ക്ലാസ്സിക്കൽ’ എന്ന് വിളിക്കുന്നത്. അതിനു മുന്‍പോ ശേഷമോ ഉള്ള വിസ്തൃതവും കാലുഷ്യങ്ങള്‍ നിറഞ്ഞതും ഒതുക്കമില്ലാത്തതുമായ കാലഘട്ടത്തില്‍ നിന്നും ഇക്കാലഘട്ടം സ്വയം വത്യസ്തമാകുകയും ചെയ്യുന്നു. പ്രധാനമായും മെഡിറ്റെറെനിയന്‍ പ്രദേശത്തെ ആധാരമാക്കിയുള്ള സാംസ്കാരിക ചരിത്രത്തെയാണ് ഇത് കൊണ്ട് വിവക്ഷിക്കുന്നത്. ഇക്കാര്യത്തില്‍ നിന്നും ഇതൊരു യൂറോ കേന്ദ്രിത സംജ്ഞയാണെന്ന് നമുക്ക് മനസ്സിലാക്കാം. പൌരസ്ത്യ സംസ്കാരങ്ങളെ സംബന്ധിച്ചിടത്തോളം (ഭാരത, ചൈനീസ് മുതലായവ) അതേ കാലഘട്ടത്തിനു ഈ വിശേഷണം തന്നെ നല്‍കുന്നതു ചിലപ്പോള്‍ അസ്ഥാനത്തായേക്കാം. ഭാരതത്തില്‍ 3 ആം നൂറ്റാണ്ടു മുതല്‍ 6 ആം നൂറ്റാണ്ടു വരെ (ഗുപ്ത കാലഘട്ടം) ആണ് ‘സുവര്‍ണ്ണ കാലഘട്ടം’ എന്ന് ചരിത്രകാരന്മാര്‍ വിളിക്കുന്നത്. അതിനര്‍ഥം അതിലും മികച്ച സര്‍ഗ്ഗ സൃഷ്ടികള്‍ അതിനു മുന്‍പോ പിന്‍പോ ഉണ്ടായിട്ടില്ലെന്നല്ല, കാരണം ക്രിസ്തുവിനു മുന്പ് തന്നെ ഭാരതീയ ദര്‍ശനങ്ങളുടെ ഉത്തുംഗശൃംഗങ്ങളായ ‘ഉപനിഷത്തു’ക്കള്‍ രൂപം കൊണ്ടിരുന്നുവല്ലോ.

ഭാഷകളെ സംബന്ധിച്ച് പ്രത്യേകം പറയുകയാണെങ്കില്‍ സ്വതന്ത്ര പാരമ്പര്യമുള്ളതും പുരാതനവും സ്വയം ആവിര്‍ഭവിച്ചതും ബൃഹത്തായ പ്രാചീന സാഹിത്യമുള്‍ക്കൊള്ളൂന്നതുമായ ഭാഷകളെയാണ് ‘ക്ലാസിക്കൽ’  ഭാഷകള്‍ എന്ന് വിളിക്കേണ്ടത്. ചിലപ്പോള്‍ അവ മൃത ഭാഷകളാവാം (ഉദാ. ‘ലാറ്റിൻ,’ മറ്റു ചിലപ്പോള്‍ അവയുടെ സംസാര ഭാഷ സാഹിത്യഭാഷയില്‍ നിന്നും ഏറെ വത്യസ്തവുമാകാം (ഉദാ. ‘ഗ്രീക്ക്,’ ‘തമിഴ്’ മുതലായവ). ക്ലാസ്സിക്കല്‍ ഭാഷകള്‍ക്ക് അവയെ ഉപജീവിച്ച മറ്റു ഭാഷകളുടെ മേല്‍ വിപുലമായ സ്വാധീനം ഗണ്യമായ കാലത്തോളം ഉണ്ടായിരിക്കണം, അവയ്ക്ക് പ്രാഗ് രൂപങ്ങള്‍ പ്രദാനം ചെയ്യണം. കാവ്യത്തിനും ഗദ്യത്തിനും ശൈലി പ്രദാനം ചെയ്യണം, വ്യാകരണ വിശദീകരണം, സാഹിത്യ വര്‍ഗീകരണം, ഉച്ചാരണം, ഉപയോഗം തുടങ്ങിയവ പ്രദാനം ചെയ്യണം. കയ്യെഴുത്ത് പ്രതികളായും അല്ലാതെയും സാഹിത്യം സംരക്ഷിക്കപ്പെട്ടിട്ടുണ്ടാകണം ഇത്തരം മാനദണ്ഡങ്ങള്‍ എല്ലാം പുലര്‍ത്തുന്ന 5 ഭാഷകളെയാണ് പാശ്ചാത്യ ലോകം പൊതുവെ ‘ക്ലാസ്സിക്കൽ’ എന്ന് വിശേഷിപ്പിക്കാറുള്ളത്. ‘ചൈനീസ്’, ‘അറബി’, ‘ലാറ്റിന്‍’, ‘ഗ്രീക്ക്’, ‘സംസ്കൃതം’ എന്നിവയാണവ. ദ്രാവിഡ ഭാഷകളുടെ പ്രാചീനതയ്ക്ക് തെളിവുകള്‍ (പാശ്ചാത്യ ചരിത്ര സാഹിത്യത്തിൽ) ലഭ്യമല്ലാത്തത് കൊണ്ട് മാത്രം ‘തമിഴ് ‘ ഇതില്‍ നിന്ന് പുറത്തായെന്നെ ഉള്ളൂ. കൊളോണിയല്‍ ഭാരണാധികാരികളുടെ ദ്രാവിഡ ഭാഷകളോടുള്ള അവഗണനയും ഇതിനൊരു പരിധി വരെ കാരണമായിട്ടുണ്ട്. എന്നാല്‍ ഇവയില്‍ ഏത് അളവുകോല്‍ വെച്ചായാലും ഇന്ന് ലഭ്യമായ തെളിവുകള്‍ വഴി ‘തമിഴ്’ ഒരു ക്ലാസ്സിക്കല്‍ ഭാഷ ആണെന്ന് കാണാന്‍ കഴിയും.

സാഹിത്യത്തില്‍ എന്താണ് ‘ക്ലാസ്സിക്ക് ‘എന്നതിനെ കുറിച്ച് പല വ്യാഖ്യാനങ്ങളുമുണ്ട്. പ്രധാനമായി സാര്‍വജനീനതയും സാര്‍വ്വകാലികതയും ക്ലാസ്സിക്കിന്റെ ലക്ഷണങ്ങളാണ്; ഓരോരുത്തരോടും വൈയക്തികമായി സംവദിക്കുന്നതും, സ്നേഹം, ദ്വേഷം, ജീവിതം, മരണം, വിശ്വാസം, സദാചാരം തുടങ്ങി മനുഷ്യ ജീവിതത്തെ ആഴത്തില്‍ സ്വാധീനിക്കുന്ന വൈകാരിക പ്രതികരണങ്ങളെ പ്രതിപാദിക്കുന്ന വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നതും എഴുതുന്ന കാലഘട്ടത്തെ പ്രതിനിധാനം ചെയ്യുമ്പോഴും കാലത്തെ അതിജീവിക്കുന്നതും ഏതു വായനക്കാരനും സമകാലികത അനുഭവപ്പെടുത്തുന്നതെന്ന് അംഗീകാരം ലഭിച്ചിട്ടുള്ളതും നിലനില്‍ക്കുന്നതുമായ കൃതികളെ ക്ലാസ്സിക്കുകള്‍ എന്ന് വിളിക്കാം  (അതിനാല്‍ തന്നെ സമീപകാല കൃതികളെ ക്ലാസ്സിക് എന്ന് വിളിക്കുക സാധ്യമല്ല). കഥാകൃത്തായ ഇറ്റാലോ കാല്‍വിനോ (1923-1985) യുടെ അഭിപ്രായത്തില്‍ ‘പറയാനുദ്ദേശിക്കുന്നത് ഒരിക്കലും പറഞ്ഞു തീരാത്ത കൃതികളെ’യാണ് ‘ക്ലാസ്സിക്ക്’ എന്ന് വിളിക്കേണ്ടത് (Italo Calvino – ‘Why Read the Classics’).

സാഹിത്യ രൂപങ്ങള്‍ അഭിവൃദ്ധി പ്രാപിച്ച ലോക ഭാഷകളില്‍ പലതിലും ക്ലാസ്സിക്കുകള്‍ ഉണ്ടായിട്ടുണ്ട്. അത് ക്ലാസ്സിക്കല്‍ ഭാഷകളില്‍ തന്നെ ആയിക്കൊള്ളണമെന്നില്ല. ഉദാഹരണത്തിന് ‘ഇംഗ്ലീഷ് ‘, ‘റഷ്യന്‍’, ‘ഫ്രഞ്ച് ‘ പോലുള്ള ആധുനിക ഭാഷകളില്‍ പല ക്ലാസ്സിക്ക് കൃതികളും പുറത്ത് വന്നിട്ടുണ്ട്. (ഉദാ: മില്‍ട്ടന്റെ ‘പറുദീസാ നഷ്ടം’, ടോള്‍സ്ട്രോയുടെ ‘അന്ന കരാനീന’, ഹ്യുഗോയുടെ ‘പാവങ്ങൾ’) മലയാളത്തിലും ക്ലാസ്സിക്കുകള്‍ (എഴുത്തച്ഛന്റെ ‘രാമായണം’, ‘മഹാഭാരതം’ കിളിപ്പാട്ടുകൾ, ചെറുശ്ശേരിയുടെ ‘കൃഷ്ണഗാഥ’ തുടങ്ങിയവ) ഉണ്ടെന്നുള്ളത് നേരാണ്. അതിനര്‍ത്ഥം മലയാള ഭാഷയില്‍ ക്ലാസ്സിക്കല്‍ കൃതികള്‍ ഉണ്ടെന്നെയുള്ളൂ, ഭാഷ ക്ലാസ്സിക്കല്‍ ആകുന്നില്ല. ഇവ കൂട്ടിക്കുഴച്ചുള്ള അവകാശ വാദങ്ങളാണ് മലയാളത്തെ സംബന്ധിച്ചിടത്തോളം നമ്മെ തെറ്റിദ്ധരിപ്പിക്കുന്നത്.

സാഹിത്യ പൂര്‍വ്വ മലയാളം:

മലയാളത്തിലെ ആദ്യത്തെ സാഹിത്യ കൃതിയെന്ന് പരക്കെ അംഗീകരിച്ചുപോന്നിട്ടുള്ളത് ‘രാമചരിത’മാണ് (ചീരാമന്‍ – 14 ആം നൂറ്റാണ്ട് ). അതിനു മുമ്പുണ്ടായിട്ടുള്ള കൃതികളൊന്നും ഇതുവരെ ലഭ്യമല്ല.
തനതു സാഹിത്യരൂപങ്ങള്‍ ആവിര്‍ഭവിക്കുന്നതിനു മുമ്പുള്ള മലയാള ഭാഷയെക്കുറിച്ച് ‘കൈരളിയുടെ കഥ’യില്‍ എന്‍ കൃഷ്ണപിള്ള പറയുന്നതെന്താണെന്ന് കാണാം :

“സാഹിത്യപൂര്‍വ്വ മലയാള ഭാഷയുടെ സ്വരൂപ നിര്‍ണ്ണയത്തിനു ശിലാഫലകത്തിലും ചെപ്പേടുകളിലും രേഖപ്പെട്ടു കിടക്കുന്ന ശാസനങ്ങളേക്കാള്‍ വിശ്വാസയോഗ്യമായ മറ്റൊരുപാധിയും ലഭ്യമല്ല തന്നെ. 12 ആം നൂറ്റാണ്ടാകുമ്പോഴേക്കും പ്രാചീന തമിഴ് സന്ധി നിയമങ്ങളില്‍ നിന്നും ആധുനിക മലയാള സന്ധി നിയമങ്ങളിലേക്കുള്ള പരിവര്‍ത്തനം കാണാം. ഇത് ശാസനങ്ങളില്‍ പ്രകടമാണ്. എന്നാല്‍ ശാസന ഭാഷ സാധാരണ ജനങ്ങളുടെ വ്യവഹാര ഭാഷയെയല്ല പ്രതിനിധാനം ചെയ്യുന്നത്. അവയില്‍ ഒരു തരം ആധാരമെഴുത്ത് രീതിയാണ് കടന്നുകൂടിയിട്ടുള്ളത്. കേരളത്തിലെ ശാസനങ്ങള്‍ക്ക് തമിഴ് ചട്ടക്കൂടാണുള്ളത്. കേരളത്തില്‍ ആധിപത്യം പുലര്‍ത്തിയ രാഷ്ട്രീയ അധികാരികളുടെ ഔദ്യോഗിക ഭാഷയാണ്‌ ഇവയില്‍ കാണുന്നത്. ഒന്‍പതാം ശതകം മുതല്‍ പത്തൊന്‍പതാം ശതകം വരെ എഴുതപ്പെട്ട നിരവധി ശാസനങ്ങള്‍ നമുക്ക് ലഭ്യമായിട്ടുണ്ട്. അവയില്‍ പലതിന്റെയും ഭാഷയും ലിപിയും വ്യത്യസ്തമാണ്. ചിലത് തമിഴിലും മറ്റു ചിലത് സംസ്കൃതത്തിലുമാണ്. (യഥാക്രമം തമിഴ്, ദേവനാഗിരി ലിപികളിൽ). വിദേശികളുമായുള്ള സമ്പര്‍ക്കമുള്ളിടങ്ങളില്‍ അവരുടെ ഭാഷകളുടെ സ്വാധീനവും ഉണ്ടായി. അതിനാല്‍ മാനകമായ ഒരു ശാസന ഭാഷ നമുക്കുണ്ടായിട്ടില്ല എന്നാല്‍ മലയാള ഭാഷ ക്രമാനുഗതമായി വളര്‍ന്നു വരുന്നത് കാണാനാകുകായും ചെയ്യും.”

ശാസനങ്ങളെ കുറിച്ച് പ്രൊഫ. സി. എൽ. ആന്റണിയുടെ അഭിപ്രായം ഇതാണ് :
“രാജ ഭാഷയായ ചെന്തമിഴിലേക്ക് കേരളത്തിലെ വ്യവഹാര ഭാഷയുടെ തള്ളിക്കയറ്റമാണ് 9 മുതല്‍ 13 വരെയുള്ള നൂറ്റാണ്ടുകളിലെ ശാസനങ്ങളില്‍ കാണുന്നത്. അത് സാഹിത്യഭാഷയുടെ വികാസ പരിണാമങ്ങളല്ല മറിച്ച് വ്യവഹാര ഭാഷയുടെ സംക്രമണം മൂലം രാജ ഭാഷയായ ചെന്തമിഴിനു കേരളത്തില്‍ വന്നുകൂടിയ ശൈഥില്യമാണ് ശാസനങ്ങൾ വ്യക്തമാക്കുന്നത്.” (‘സാഹിത്യ ചരിത്രം – പ്രസ്ഥാനങ്ങളിലൂടെ‘).

‘വാഴപ്പള്ളി ചെപ്പേട് ‘ (AD 820-844), ‘തരിസാപ്പള്ളി ചെപ്പേട് ‘ (AD 844-885), ‘തിരുനെല്ലി ശാസനം’ (AD 1009), ‘പെരുന്ന ശാസനം’ (AD 1080), ‘തിരുവമ്പാടി ശാസനം’ (AD 1196), ‘കിളിമാനൂര്‍ ശാസനം’ (AD 1441), ഇവയാണ് ലഭ്യമായിടുള്ള പ്രധാന ശാസനങ്ങൾ. ഇവയ്ക്കു സമാന്തരമായി മലനാട്ടു തമിഴിലുണ്ടായ ഒരു ഗദ്യ കൃതിയാണ് ‘ഭാഷാകൌടിലീയം’ (കൌടില്യന്റെ അര്‍ത്ഥ ശാസ്ത്രത്തിന്റെ പരിഭാഷ). ലിഖിത ഭാഷ അതതു കാലത്തിന്റെ സാഹിത്യ ഭാഷയുമായി സാമ്യമുണ്ടാകണമെന്നില്ല. ഉദാ: ‘കൃഷ്ണഗാഥ’യുടെ ഭാഷയും (15 ആം നൂറ്റാണ്ട്) അക്കാലത്തെ ലിഖിതങ്ങളും തമ്മില്‍ ഏറെ വത്യാസമുണ്ട്. അതിനാല്‍ ലിഖിതങ്ങളെ മാത്രം അടിസ്ഥാനമാക്കി ഭാഷയുടെ വളര്‍ച്ചയെക്കുറിച്ചോ സാഹിത്യ ഗുണത്തെക്കുറിച്ചോ ചെന്നെത്തിയേക്കാവുന്ന തീര്‍പ്പുകള്‍ നമ്മെ ചിലപ്പോഴെങ്കിലും വഴിതെറ്റിച്ചേക്കാം. അതിനാല്‍ ഭാഷയെ അറിയുമ്പോള്‍ സാഹിത്യത്തെയും അറിയാന്‍ ശ്രമിക്കുന്നതാണ് ആശാസ്യം.

മലയാള സാഹിത്യ ചരിത്രം:

ആദ്യകാല കേരള സാഹിത്യത്തില്‍ നിലനിന്ന രണ്ടു വത്യസ്ഥ ധാരകളാണ് ‘പാട്ടും’ ‘മണിപ്രവാളവും’. മണിപ്രവാള ലക്ഷണ ഗ്രന്ഥമായ ‘ലീലാതിലക’ത്തിലാണ് പാട്ടിനെക്കുറിച്ചുള്ള ആദ്യ പരാമര്‍ശം ഉള്ളത്. “ദ്രമിഡസംഘാതാക്ഷര നിബദ്ധമെതുകമോന വൃത്തവിശേഷയുക്തം പാട്ട് ” എന്നാണ് ലീലാതികം (ശില്‍പം1 സൂത്രം 11) ‘പാട്ടി’നെ വിശേഷിപ്പിക്കുന്നത്. ‘ദ്രമിഡ സംഘാത പാദം’ എന്ന തമിഴ് അക്ഷരമാല (30 വര്‍ണ്ണങ്ങള്‍ ഉള്ളത്) മാത്രമാണ് പാട്ടില്‍ ഉപയോഗിക്കുകയെന്ന് ഇത് വ്യക്തമാക്കുന്നു. ഇത് ഇന്നത്തെ മലയാളത്തെക്കാള്‍ തമിഴിനോടടുത്തു നില്‍ക്കുന്നു. തമിഴ് പ്രാസങ്ങളായ ‘യതുക’ (ദ്വിതീയാക്ഷരപ്രാസം), ‘മോന’ (അന്താക്ഷരം) എന്നിവയോടു കൂടി ദ്രാവിഡ വൃത്തങ്ങളില്‍ രചിക്കുന്ന കൃതിയെന്നാണ് പാട്ടിന്റെ നിര്‍വചനത്തിന്റെ സാരം.

‘ഭാഷാ സംസ്കൃത യോഗോ മണിപ്രവാളം’ എന്നാണു ‘ലീലാതിലകം’ (ശില്‍പം 1 സൂത്രം 1) ‘മണിപ്രവാള’ത്തിനു ലക്ഷണം കല്‍പ്പിക്കുന്നത്. കേരള ഭാഷയും വിഭക്ത്യന്ത സംസ്കൃതവും സഹൃദയഹൃദയാഹ്ലാദകരമായി ചേരുന്നതാണ് മണിപ്രവാളമെന്നു പറയുന്നത്. തമിഴ്നാട്ടിലും ആന്ധ്രയിലുമെല്ലം പ്രാദേശിക ഭാഷയും സംസ്കൃതവുമായി ചേര്‍ന്നുള്ള മണിപ്രവാളങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും വ്യക്തിത്വമുള്ള ഒരു സാഹിത്യരൂപമായി കേരളത്തില്‍ മാത്രമാണ് അത് വികസിച്ചിട്ടുള്ളത്. കൂത്ത്, കൂടിയാട്ടം എന്നിവയുടെ വികാസവും പരിണാമവും ‘മണിപ്രവാള’ ഭാഷയെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. കണ്ടു കിട്ടിയ ‘മണിപ്രവാള’ കൃതികളില്‍ ഏറ്റവും പഴക്കം ‘വൈശിക തന്ത്ര’ത്തിനാണ്, പുതിയതാകട്ടെ ‘ചന്ദ്രോത്സവ’വും.

ഒരു പക്ഷെ ഭാഷയുടെ ആവിര്‍ഭാവത്തോടടുത്ത് തന്നെ ‘പാട്ട്’ പ്രസ്ഥാനവും രൂപം കൊണ്ടിട്ടുണ്ടാകാം, ‘രാമചരിത’മെന്ന ബ്രഹദ് കാവ്യം തന്നെ ആദ്യമുണ്ടാവുകയെന്നത് അസ്വാഭാവികമായതിനാല്‍ ആദ്യ കാല കൃതികള്‍ നഷ്ടപ്പെട്ടുപോയതായി അനുമാനിക്കാം. സംസ്കൃത പരിചയമില്ലാത്ത സാമാന്യ ജനങ്ങള്‍ക്ക്‌ വേണ്ടിയാണ് ‘രാമചരിതം’ രചിചിട്ടുള്ളതെന്നു കവി (ചീരാമന്‍) കാവ്യാരംഭത്തില്‍ സൂചിപ്പിക്കുന്നുണ്ട്. അക്കാലം വരെയുള്ള സാമാന്യ കാവ്യാസ്വാദകര്‍ വായിച്ചു കൊണ്ടിരുന്നത് ലളിത ചെന്തമിഴ് കൃതികളായിരുന്നുവന്നു ഇതില്‍ നിന്നനുമാനിക്കാം.

രാമചരിതത്തിന്റെ ഭാഷ:

“തുനയെനക്കിതിനു മിക്കവരു, മുള്‍ക്കനമേറ-
ച്ചുരുങ്കി നോരകുതിയെന്ററിഞ്ഞു നല്ലവരെല്ലാം,
പണിയിതര്‍ക്കിവനെനക്കരുതി നൊയ്യവര്‍കളും,
പകയരാവതിനറപ്പരെന്നോടൊപ്പമുടയോര്‍,
പിനങ്ങുവോരില്ലയെന്നും പോഴുതുപോയിടയിട-
പ്പിഴമുഴുക്കിലും, എനത്തെളിഞ്ഞരക്കരെ മുന്നം
മണിവര്‍ണ്ണന്‍ മനുചനായ്പ്പൊരുത പോര്‍ക്കുടമതന്‍
വഴിയുരൈപ്പതിനു കോലിനതെന്‍ മേതകൊടു ഞാന്‍” (Sic)
(പടലം 1, പാട്ട് 8 – ‘രാമചരിതം’)

തമിഴാണ് എന്ന് തോന്നിക്കുന്ന ഭാഷയാണ്‌ ‘രാമചരിത’ത്തിലുള്ളത്. ‘പാട്ടി’ന്റെ ലക്ഷണം കണിശമായി പിന്തുടരുകയാണിതിൽ. (1980 കളില്‍ കണ്ണൂര്‍ ജില്ലയിലെ വെള്ളൂര്‍ ചാമക്കാവില്‍ നിന്നും കണ്ടെടുക്കപ്പെട്ട ‘തിരുനിഴല്‍മാലയും’ ഒരു പരിധിവരെ പാട്ടിന്റെ ലക്ഷണങ്ങള്‍ അനുസരിക്കുന്നു. 1200-1300 കാലഘട്ടത്തിലെ കൃതിയാണിതെന്നാണ് കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ഡോ: പുരുഷോത്തമന്‍ നായര്‍ ‘തിരുനിഴല്‍മാല’യെക്കുറിച്ച് അഭിപ്രായപ്പെടുന്നത്. – ‘മലയാള കവിതാ സാഹിത്യ ചരിത്രം’, ‘കവിതയുടെ അടിവേരുകൾ’ – P 26). എന്നാല്‍ പ്രമേയത്തിലും കാവ്യസന്ദര്‍ഭത്തിലും ‘രാമചരിതം’ സംസ്കൃതത്തെ അനുകരിക്കുകയും ചെയ്യുന്നുണ്ട്. വാല്മീകി രാമായണത്തെ അവലംബിച്ചാണ് രചിക്കപ്പെട്ടതെങ്കിലും ‘രാമചരിത’ത്തിനു കമ്പ രാമായണത്തോടുള്ള കടപ്പാടും നാം കണക്കാക്കേണ്ടതാണ്. കമ്പരാമായണം രണ്ടു കവികള്‍ ചേര്‍ന്നെഴുതി എന്നാണു പറയപ്പെടുന്നത്. ബാലകാണ്ഡം മുതല്‍ സുന്ദരകാണ്ഡം വരെ ഓട്ടക്കൂത്തനും (ചോള രാജാവിന്റെ ആസ്ഥാന കവി) യുദ്ധം മുതല്‍ പട്ടാഭിഷേകം വരെ കമ്പരും. (കമ്പര്‍ക്ക് വേണ്ടി സരസ്വതി ദേവിയാണ് രചന നടത്തിയതെന്നാണ്‌ തമിഴര്‍ വിശ്വസിക്കുന്നത്. കമ്പര്‍ ശ്രീ പരമേശ്വരന്‍ തന്നെയാണെന്നും ഐതിഹ്യം). കമ്പര്‍ എഴുതിയ യുദ്ധകാണ്ഡം തന്നെയാണ് തമിഴിലെ കമ്പരാമായണം. അതിനാലാണ് ചീരാമന്‍ യുദ്ധകാണ്ഡം എഴുതിയതെന്നു കണക്കാക്കാം.

ഇതില്‍ നിന്ന് വ്യക്തമാകുന്നത് ‘രാമചരിത’ കാലത്ത് പോലും മലയാളം വളര്‍ച്ച പ്രാപിച്ച ഒരു സ്വതന്ത്ര ഭാഷയായി രൂപപ്പെട്ടിട്ടില്ല എന്നത് തന്നെയാണ്. രാമചരിതം തമിഴാണോ മലയാളമാണോ അതോ മിശ്ര രൂപമാണോ എന്നതിനെ പറ്റി പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായ വത്യാസം ഇന്നും നിലനില്‍ക്കുന്നു. മലയാളത്തിലെ ആദ്യത്തെ സാഹിത്യ കൃതിയുടെ അവസ്ഥ ഇതാണ്. അപ്പോള്‍ ക്ലാസ്സിക്കല്‍ പദവി ലഭിക്കാനുള്ള ‘കൃതികളുടെ 1500 മുതല്‍ 2000 വര്‍ഷം വരെയുള്ള പ്രാചീനത’ എങ്ങിനെയാണ് നമുക്ക് അവകാശപ്പെടാനാകുക? എങ്കിലും രാമചരിതത്തിന്റെ സാഹിത്യ പ്രാധാന്യത്തെ ഇത് കുറച്ചു കളയുന്നില്ലെന്നു സൂചിപ്പിക്കേണ്ടിയിരിക്കുന്നു. ഭാഷാ പരിണാമത്തിലെ സുപ്രധാനമായ ഒരേടാണ് ‘രാമചരിതം’. രാമചരിതകാരനായ ചീരാമനെക്കുറിച്ച് മഹാകവി ഉള്ളൂര്‍ ‘മലയാളത്തിന്റെ ചൌസർ’ എന്നാണഭിപ്രായപ്പെട്ടത്.

‘രാമചരിത’ത്തിനു ശേഷം:
‘രാമചരിത’ത്തിനു ശേഷം മലയാള സാഹിത്യത്തെ അടയാളപ്പെടുത്തുന്നത് കണ്ണശ്ശ കവികളാണ് (നിരണം കവികൾ). പതിന്നാലാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തിലോ പതിനഞ്ചാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ധത്തിലോ ആകാം കണ്ണശ്ശന്‍മാരുടെ കാലഘട്ടം. കരുണേശന്‍, പുത്രന്മാരായ മാധവപ്പണിക്കർ, ശങ്കരപ്പണിക്കർ, പൌത്രനായ രാമപ്പണിക്കര്‍ എന്നിവരെയാണ് കണ്ണശ്ശന്മാര്‍ എന്ന പേര് കൊണ്ട് വിശേഷിപ്പിക്കുന്നത് (എന്നാല്‍ കണ്ണശ്ശന്മാര്‍ ബന്ധുക്കളല്ലെന്ന് കരുതുന്നവരുമുണ്ട്). കരുണേശന്റെ  കൃതികളൊന്നും ലഭ്യമല്ലാത്തതിനാല്‍ ‘കണ്ണശ്ശ പ്രസ്ഥാന’ത്തില്‍ മറ്റു മൂന്നു പേരുടെ കൃതികളാണ് ഉള്‍ക്കൊള്ളുന്നത്. ‘ഭാഷാഭഗവദ്ഗീത’ (മാധവപ്പണിക്കർ), ‘രാമായണം’, ‘ഭാഗവതം’, ‘മഹാഭാരതം’, ‘ശിവരാത്രിമാഹാത്മ്യം’ (രാമപ്പണിക്കർ) എന്നിവയാണ് കണ്ണശ്ശന്മാരുടെ പ്രധാന കൃതികൾ. മണിപ്രവാളത്തിന്റെ പ്രഭാവം നിലനിന്ന കാലത്ത് (12 മുതല്‍ 15 വരെ നൂറ്റാണ്ടുകളിൽ തന്നെയാണ് കണ്ണശ്ശന്മാര്‍ കാവ്യ രചന നടത്തിയത്. ലിപി ദാരിദ്ര്യമാണ് ഭാഷയുടെ പുരോഗതിക്ക് തടസ്സമെന്ന് തിരിച്ചറിഞ്ഞ കണ്ണശ്ശന്മാര്‍ മണിപ്രവാളത്തിന്റെ ഭാഷയെ മന:പൂര്‍വ്വം സ്വീകരിച്ചു (അങ്ങിനെ ‘ദ്രമിഡ സംഘാതാക്ഷരം’ എന്ന നിയമത്തെ തിരസ്കരിച്ചു).

തമിഴ് പാരമ്പര്യത്തില്‍ നിന്നുള്ള വ്യക്തമായ അകല്‍ച്ച ഈ കാലഘട്ടം സൂചിപ്പിക്കുന്നു. ഇന്നത്തെ മലയാളികള്‍ക്ക് ആശയഗ്രഹണത്തിനു തടസ്സമുണ്ടാക്കാത്ത ഭാഷയാണ് കണ്ണശ്ശന്മാരുടെത്. അതിനാല്‍ കേരള ഭാഷ സ്വതന്ത്ര പ്രാദേശിക ഭാഷയായി രൂപം കൊള്ളൂന്നത് കണ്ണശ്ശ കൃതികളില്‍ കാണാം. കേരള ഭാഷയിലെ ആദ്യ സമ്പൂര്‍ണ്ണ രാമായണം രാമപ്പണിക്കരുടെതാണ്. വര്‍ണ്ണപരമായും വ്യാകരണപരമായും കണ്ണശ്ശ കൃതികളില്‍ നിലനിന്ന അവ്യവസ്ഥിതത്വങ്ങള്‍ ഭാഷയുടെ അക്കാലത്തെ പരിണാമത്തെയാണ് സൂചിപ്പിക്കുന്നത്.

കണ്ണശ്ശന്മാര്‍ക്ക് ശേഷം വന്ന ചെറുശ്ശേരി നമ്പൂതിരിയാണ് (1375-1475) ലക്ഷണമൊത്ത ഒരു മഹാകാവ്യം മലയാളത്തില്‍ എഴുതിയത്. കൊലത്തുനാടു രാജാവിന്റെ (ഉദയവര്‍മ്മ രാജ) ആശ്രിതനെന്ന് കരുതപ്പെടുന്ന ഇദ്ദേഹം ഭാഗവതം ദശമസ്കന്ദത്തെ ആസ്പദമാക്കിയാണ് ‘കൃഷ്ണഗാഥ’ രൂപപ്പെടുത്തിയത്. പതിനഞ്ചാം നൂറ്റാണ്ടില്‍ വടക്കന്‍ കേരളത്തില്‍ നിലനിന്നിരുന്ന വാമൊഴി കലര്‍ന്ന ലളിതവും മധുരവുമായ ഭാഷയില്‍ ‘മഞ്ജരി’ വൃത്തത്തിലാണ് കൃഷ്ണഗാഥ രചിച്ചിരിക്കുന്നത്.

“മാണ്‍പെഴുന്നോ ചില മാന്‍പേടകളെല്ലാം
ചാമ്പി മയങ്ങിയ കണ്മിഴിയും
ഒട്ടൊട്ടു ചിമ്മിക്കൊണ്ടിഷ്ടത്തിലമ്പോടു
വട്ടത്തില്‍ മേവീതെ പെട്ടെന്നപ്പോള്‍”
ഇങ്ങനെ ഇന്നത്തെ മലയാളികള്‍ക്ക് അര്‍ത്ഥം ഗ്രഹിക്കാന്‍ ഏറെ ബുദ്ധിമുട്ടേണ്ടാത്ത ഭാഷയാണ്‌ ‘കൃഷ്ണഗാഥ’യിൽ

ചെറുശ്ശേരിക്കും എഴുത്തച്ഛനുമിടയില്‍ അയ്യിപ്പിള്ള ആശാന്‍ രചിച്ച ‘രാമകഥപ്പാട്ട് ‘എന്ന ഒരു കൃതി കൂടിയുണ്ട്. പതിനഞ്ച് പതിനാറു നൂറ്റാണ്ടുകളില്‍ തെക്കന്‍ കേരളത്തില്‍ (വിഴിഞ്ഞം തുടങ്ങിയ സ്ഥലങ്ങളിൽ) നായന്മാര്‍ സംസാരിച്ചിരുന്ന തമിഴ് കലര്‍ന്ന ദേശ്യ ഭാഷയിലാണ് ഈ കൃതി രചിക്കപ്പെട്ടിരിക്കുന്നത്. ചന്ദ്രവാദ്യം എന്ന ലഘുവാദ്യമുപയോഗിച്ച് പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഉത്സവകാലത്ത് ഈ കൃതി പാടിയിരുന്നു (‘കൈരളിയുടെ കഥ’ – 129). എഴുത്തച്ഛന്റെ രാമായണത്തെക്കാള്‍ വലിപ്പമുള്ള ഈ കൃതി വാല്മീകി രാമായണത്തെ തന്നെയാണ് അനുവര്‍ത്തിക്കുന്നത്. തെക്കന്‍ ദേശങ്ങളില്‍ അപ്പോഴും (വടക്ക് ‘കൃഷ്ണഗാഥ’ വന്നു കഴിഞ്ഞ ശേഷവും) ഭാഷാ പരിണാമം പൂര്‍ണ്ണമായിരുന്നില്ലെന്നു ‘രാമകഥാപാട്ടി’ലെ വരികള്‍ വ്യക്തമാക്കുന്നു.

“വേട്ടപെണ്ണൈക്കളവാണ്ട കള്ളനങ്കിരിക്ക
ചെറുതാവിലെ  നാനും കിടന്തിങ്കെ മരിക്ക!
ചാറ്റമറ്റ കുരങ്കൈ ചെരുമ്പരിക്കതമ്മൈ –
ത്തരം കെടുത്ത രാവണനുമങ്കിരുന്തു ചിരിക്ക!”

16 ആം നൂറ്റാണ്ടാണ് എഴുത്തച്ഛന്റെ കാലഘട്ടം. മലയാള ഭാഷക്ക് ഒരു മാനക രൂപം കൈവരുന്നത് എഴുത്തച്ഛനിലൂടെയാണ്. വര്‍ണ്ണത്തിലും പദങ്ങളിലുമുള്ള മാറ്റങ്ങൾ, പാട്ടിനെയും മണിപ്രവാളത്തെയും സമന്വയിപ്പിക്കുന്ന രീതി എന്നിവ കണ്ണശ്ശന്മാരും ചെറുശ്ശേരിയും തുടങ്ങി വെച്ചെങ്കില്‍ അവ പൂര്‍ത്തിയാക്കിയത് എഴുത്തച്ഛനാണ്. ഒരു തരത്തില്‍ പറഞ്ഞാല്‍ കേരള സമൂഹത്തില്‍ നൂറ്റാണ്ടുകളായി തുടര്‍ന്നു വന്ന നവീകരണത്തിന്റെ സാംസ്കാരിക ഫലമായിരുന്നു എഴുത്തച്ഛന്‍ കവിത. കിളിപ്പാട്ട് രൂപത്തില്‍ രചിക്കപ്പെട്ട ‘അദ്ധ്യാത്മ രാമായണം’, ‘ഭാരതം’ എന്നിവയാണ് എഴുത്തച്ഛന്‍ കൃതികൾ. ‘ഭാഗവതം കിളിപ്പാട്ട് ‘, ‘ഹരിനാമകീര്‍ത്തനം’, ‘ദേവീമാഹാത്മ്യം’, ‘ചിന്താരത്നം’ എന്നിവയും എഴുത്തച്ഛന്റേതാണെന്ന് പറയപ്പെടാറുണ്ടെങ്കിലും അവ തര്‍ക്കരഹിതമല്ല. ഭോഗാലസവും സാംസ്കാരികമായി ജീര്‍ണ്ണിച്ചതുമായ ഒരു സമൂഹത്തെ ഉദ്ധരിക്കുവാന്‍ ഭക്തിയുടെ വഴികള്‍ സ്വീകരിക്കണമെന്നും അത് നിലനിര്‍ത്തുവാന്‍ തത്ത്വചിന്തയുടെ അടിത്തറ വേണമെന്നും എഴുത്തച്ഛന്‍ തിരിച്ചറിഞ്ഞു. മണിപ്രവാള കാവ്യങ്ങള്‍ അന്നോളം കൈകാര്യം ചെയ്തു വന്നിരുന്ന മഹിളാളി വിഷയങ്ങളെ ബോധപൂര്‍വ്വം അകറ്റി ഭക്തിപ്രസ്ഥാനത്തിന് അടിത്തറ പാകുകയായിരുന്നു എഴുത്തച്ഛന്‍ ചെയ്തത്.

വൈകാരികാംശത്തെ മാറ്റി നിര്‍ത്തി സത്യസന്ധമായി വിലയിരുത്തുകയാണെങ്കില്‍ എഴുത്തച്ഛനു മുന്‍പുള്ള മലയാള സാഹിത്യം (‘കൃഷ്ണഗാഥ’ ഒഴിച്ച് നിര്‍ത്തിയാൽ) ശുഷ്കമാണെന്നു കാണാം. എഴുത്തച്ഛനു ശേഷമാണ് കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍ കൃതികളും ആട്ടക്കഥകളും പാനയും പച്ചമലയാള (വെണ്മണി) പ്രസ്ഥാനവുമൊക്കെ മലയാള ഭാഷയില്‍ ഉയര്‍ന്നു വരുന്നത്. തുടര്‍ന്ന് പാശ്ചാത്യ ശീലങ്ങളുടെ ചുവടു പിടിച്ച് ‘റൊമാന്റിസിസ’വും ‘സോഷ്യലിസ്റ്റ്‌ ഹ്യുമനിസ’വും പുരോഗമന സാഹിത്യ പ്രസ്ഥാനങ്ങളും ‘ആധുനികത’യും ഒക്കെ മലയാളത്തില്‍ ആവിര്‍ഭാവം ചെയ്തു. ഇന്ന് കാണുന്ന ‘ഉത്തരാധുനികത’യിലേക്കുള്ള മലയാള സാഹിത്യത്തിന്റെ വളര്‍ച്ചയുടെ പാത ഇങ്ങിനെയാണ്‌. ആധുനിക മലയാള സാഹിത്യം ഇന്ന് ചില വിഭാഗങ്ങളിലെങ്കിലും ലോകോത്തരം തന്നെയാണെന്നതില്‍ സംശയമില്ല (ഉദാ: ചെറുകഥ). എങ്കിലും ഈ പുരോഗതി കൈവരിക്കുന്നത് കഴിഞ്ഞ ഒരു നൂറ്റാണ്ടിലാണെന്നോര്‍ക്കണം. സാമൂഹിക നവോദ്ധാനം ഭാഷയില്‍ സൃഷ്ടിച്ച ചലനങ്ങളുടെ പ്രതിഫലനങ്ങളായിരുന്നു കാലക്രമത്തില്‍ ഉയര്‍ന്നുവന്ന ഓരോ സാഹിത്യ പ്രവണതയും. പ്രതിഭാധനരായ ഒരു പറ്റം എഴുത്തുകാര്‍ തങ്ങളുടെ സര്‍ഗാത്മകതയും സാമൂഹിക പ്രതിബദ്ധതയും സാഹിത്യ സൃഷ്ടികളായി ആവിഷ്കരിക്കുകയായിരുന്നു. ഈ സാഹിത്യ പാരമ്പര്യം സജീവമായി നിലനിര്‍ത്താന്‍ എന്ത് ചെയ്യണമെന്നാണ് നാം ഇപ്പോള്‍ ചിന്തിക്കേണ്ടത്. അല്ലാതെ വെറുമൊരു പദവിയുടെ പേരില്‍ മറ്റു ഭാഷകളുമായി മത്സരത്തില്‍ ഏര്‍പ്പെടുകയല്ല.

സാഹിത്യ അക്കാദമിയുടെ ‘ക്ലാസ്സിക്കല്‍ ‘ മാനദണ്ഡങ്ങള്‍ :

1 ആദ്യകാല കൃതികളുടെ പ്രാചീനത (1500 മുതല്‍ 2000 വര്‍ഷങ്ങള്‍ വരെ)
2 തലമുറകളായി സംസാരിക്കുന്നവര്‍ വിലപ്പെട്ട പൈതൃകമായി കണക്കാക്കുന്ന കൃതികള്‍
3 മറ്റു സംഭാഷണ വര്‍ഗ്ഗങ്ങളില്‍ നിന്നും കടം കൊള്ളാത്ത യഥാര്‍ത്ഥ സാഹിത്യ പാരമ്പര്യം
4 ക്ലാസ്സിക്കല്‍ ഭാഷയും സാഹിത്യവും മറ്റുള്ളവയില്‍ നിന്നും വത്യസ്തമായിരിക്കണം

കേന്ദ്ര സര്‍ക്കാരും അത് വഴി കേന്ദ്രസാഹിത്യ അക്കാദമിയും സ്വയം തീരുമാനിച്ചതായ ഇവയല്ലാതെ അന്തര്‍ദ്ദേശീയ തലത്തില്‍ ‘ക്ലാസ്സിക്കൽ’ പദവി നിര്‍ണ്ണയിക്കാന്‍ മാനദണ്ഡങ്ങള്‍ ഒന്നുമില്ല, ചില സ്ഥാപിത താല്പര്യക്കാര്‍ യുനെസ്കോ അംഗീകരിച്ച ലിസ്റ്റ് ഉണ്ടെന്നൊക്കെ പറഞ്ഞു പരത്തുന്നുണ്ടെങ്കിലും അതൊക്കെ വെറും പ്രചാരണങ്ങള്‍ മാത്രമാണ്. മുന്‍പേ പറഞ്ഞ വിവിധ കാരണങ്ങള്‍ കൊണ്ട് തന്നെ ഒന്നാമത്തെയും മൂന്നാമത്തെയും മാനദണ്ഡങ്ങള്‍ മലയാള ഭാഷ പാലിക്കുന്നില്ലെന്ന് സുവ്യക്തമാണ്. ആദ്യകാല കൃതികള്‍ക്ക് 700 ഓ 800ഓ വര്‍ഷത്തെ പഴക്കം മാത്രമേ ഉള്ളൂ എന്ന് മാത്രമല്ല സാഹിത്യ പാരമ്പര്യം അതിന്റെ പ്രാരംഭ ഘട്ടങ്ങളില്‍ സംസ്കൃതത്തില്‍ നിന്നും തമിഴില്‍ നിന്നും ധാരാളമായി കടം കൊണ്ടിട്ടുള്ളതുമാണ്. ഇതൊക്കെ കണ്ടില്ലെന്നു നടിക്കുന്നത് കണ്ണടച്ചിരുട്ടാക്കല്‍ മാത്രമാണ്. വോട്ടു ബാങ്കില്‍ നൊട്ടമിട്ടാണ് ഇത്തരം നീക്കങ്ങളെങ്കില്‍ മലയാളികള്‍ക്ക് അത്തരമൊരു ഭാഷാ തീവ്രവാദം തൊട്ടു തീണ്ടിയിട്ടില്ലെന്നു രാഷ്ട്രീയക്കാര്‍ തിരിച്ചറിയുന്നത് നന്ന്. നമ്മുടെ മാതൃ ഭാഷയല്ലെങ്കിലും ലോകത്തെല്ലാമുള്ള  ഭാഷകള്‍ മാനവരാശിയുടെ പൊതു പൈതൃകമാണ്. അവയുടെ വികാസവും പരിണാമവുമായി ബന്ധപ്പെട്ട വസ്തുനിഷ്ഠമായ ചരിത്ര ബോധം ജനങ്ങള്‍ക്കിടയില്‍ മുന്‍വിധികളില്ലാത്ത വിദ്യാഭ്യാസത്തിലൂടെ ഉണര്‍ത്തേണ്ടത് രാഷ്ട്രത്തിന്റെ കടമയാണ്. അല്ലാതെ ഭാഷകളുടെ പേരില്‍ അനാവശ്യമായ പ്രാദേശികതയും അത് വഴി പരസ്പര ദ്വേഷവും മത്സരവും സമൂഹത്തില്‍ വളര്‍ത്തുകയല്ല വേണ്ടത്. തമിഴിനു ക്ലാസ്സിക്കല്‍ പദവി നല്കപ്പെട്ടപ്പോള്‍ ലോകമെങ്ങുമുള്ള ഭാഷാ സ്നേഹികള്‍ ഈ നീക്കത്തെ ആത്മാര്‍ഥമായി സ്വാഗതം ചെയ്തു. അതോടൊപ്പം നൂറു കോടി രൂപ തമിഴ് നാടിനു ഗവേഷണത്തിനും വികസനത്തിനുമായി നല്കപ്പെട്ടപോള്‍ പലര്‍ക്കും ഇത് ദഹിക്കാനാകാതെ പോയി. പ്രതീക്ഷിച്ചതുപോലെ ആന്ധ്രയില്‍ നിന്നും കര്‍ണ്ണാടകത്തില്‍ നിന്നും ഇതിനെതിരെ എതിര്‍പ്പ് ഉയരുകയും ശക്തമായ ലൊബീയിങ്ങിന്റെ ഫലമായി 2008ല്‍ തന്നെ ഈ രണ്ടു ഭാഷകള്‍ക്ക് കൂടി ക്ലാസ്സിക്കല്‍ പദവി നല്‍കപ്പെടുകയും ചെയ്തു. നാമെന്തിനു ഈ മണ്ടന്‍ മാതൃക പിന്തുടരണം?

കേരളത്തിന്റെ യുക്തികൾ :

‘ചിലപ്പതികാര’ത്തില്‍ (കര്‍ത്താവ് : ഇളങ്കോ അടികള്‍ – കാലഘട്ടം തര്‍ക്കരഹിതമായി തെളിയിക്കപ്പെട്ടിട്ടില്ല, AD 3 ആം നൂറ്റാണ്ടോടെ എന്ന് വിശ്വസിക്കുന്നു) ചിലയിടങ്ങളില്‍ മലയാള പദങ്ങള്‍ കാനുന്നുണ്ടെന്നത് ‘ക്ലാസ്സിക്ക് ‘പദവി നേടാന്‍ വേണ്ടി മാത്രം നിരത്തുന്ന പുതിയ ഒരു യുക്തിയാണ്. ‘ചിലപ്പതികാരം’ ഇന്നത്തെ കേരളത്തില്‍ വെച്ചാണ് (കൊടുങ്ങല്ലൂർ) രചിക്കപ്പെട്ടത് എന്നത് ശരിയായിരിക്കാം, എങ്കിലും ഇത്രയും കാലം ഇതൊരു തമിഴ് കൃതി തന്നെയായാണ്‌ കണക്കാക്കപ്പെട്ടത്. മലയാളത്തെ കുറിച്ചുള്ള ചരിത്രപരമായ പഠനങ്ങളില്‍ ഒരിക്കലും ‘ചിലപ്പതികാരം’ കടന്നു വന്നിട്ടേ ഇല്ല. മലയാളികള്‍ ഇന്ന് ഇന്ത്യയില്‍ തന്നെ ഉയര്‍ന്ന സാക്ഷരത നേടിയിട്ടുണ്ടെന്നതോ മലയാളത്തില്‍ ധാരാളം ജ്ഞാനപീഠ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നതോ ഭാഷാകാര്യത്തില്‍ മലയാളികള്‍ ഉയര്‍ന്ന സഹിഷ്ണുത പുലര്‍ത്തുന്നുണ്ടെന്നതോ മലയാളത്തെ ക്ലാസ്സിക്കല്‍ പദവി ലഭിക്കാന്‍ പ്രാപ്തമാക്കുന്നില്ല. സാഹിത്യ അക്കാദമി പറയുന്ന മാനദന്ഡങ്ങളില്‍ ഇവയൊന്നുമില്ല. നമ്മള്‍ ഇവിടെ കൂട്ടിച്ചേര്‍ക്കാന്‍ പറ്റാത്ത കാര്യങ്ങളെ ചേര്‍ത്ത് വെച്ച് വാദിക്കുക ആണ്. ഇത് അപഹാസ്യമാണ്. തെലുങ്കരും കന്നഡക്കാരും യഥാര്‍ത്ഥത്തില്‍ അനര്‍ഹമായ ഒരു പദവിയാണ്‌ നേടിയിട്ടുള്ളത്. അതിലൂടെ നേടാവുന്ന തുച്ഛമായ (100 ഓ 300 ഓ കോടി രൂപ ഒരു ചെറിയ സംഖ്യയല്ലെന്നു സമ്മതിക്കുമ്പോള്‍ തന്നെ) സാമ്പത്തിക വിഹിതത്തില്‍ കണ്ണുടക്കി കിടക്കുന്നത് ആശാസ്യകരമല്ല. ഭാഷയുടെ പുരോഗതിക്ക് ചെയ്യാവുന്ന ധാരാളം കാര്യങ്ങള്‍ കേന്ദ്ര സഹായമില്ലാതെ തന്നെ നമുക്ക് ചെയ്യാനുണ്ട്. നമ്മുടെ ഊര്‍ജ്ജവും ക്രിയാത്മകതയും അതിനായി വിനിയോഗിക്കുകയാണ്‌ വേണ്ടത്.

ലിഖിതങ്ങളില്‍ നിന്നുള്ള തെളിവുകൾ :

1 വയനാട്ടിലെ ഇടക്കല്‍ ഗുഹയില്‍ നിന്നുള്ള അഞ്ചാമത്തെ ലിഖിതം ഈയിടെയാണ് കണ്ടെത്തിയത്. ‘ബ്രഹ്മി’ ലിപിയില്‍ ലഭ്യമായിട്ടുള്ള ഒരേയൊരു മലയാള ലിഖിതമാണിത് (മറ്റെല്ലാം ‘വട്ടെഴുത്തി’ലുള്ളതാണ്). ലിഖിതം കണ്ടെടുത്ത പ്രൊഫ. രാഘവ വാരിയര്‍ അതിനെ ‘ശ്രീ വാഴുമി’ എന്നാണു വായിച്ചിട്ടുള്ളത് (‘ദഹിന്ദു’ – ഫിബ്രുവരി 9, 2012). എന്നാല്‍ ‘ഈ പഴമ’ എന്നാണു ലിഖിതത്തില്‍ കാണുന്നത് എന്നാണു ശ്രീ. ഇരാവതം മഹാദേവന്‍ പറയുന്നത് (‘ദഹിന്ദു’ – ജൂണ്‍ 7, 2012). ലിപിയില്‍ തന്നെ പല വിധ മിശ്രണം ഉണ്ടെന്നാണ് വിദഗ്ധര്‍ കരുതുന്നത്. തെക്കന്‍ ബ്രഹ്മി, തമിഴ് ബ്രഹ്മി എന്നിവ ഇതില്‍ കൂടിക്കലര്‍ന്നിരിക്കുന്നു (‘ഴ’ എന്ന അക്ഷരം ‘തമിഴ് ബ്രഹ്മി’യിലും മറ്റു മൂന്നക്ഷരങ്ങള്‍ ‘തെക്കന്‍ ബ്രഹ്മി’യിലുമാണ്). ‘ഇ’ എന്ന അക്ഷരം അറബി സംഖ്യ യായ 3 നോട്  സാദൃശ്യമുള്ളതും പിന്നീട് തമിഴ് ലിപി സ്വീകരിച്ചതുമാണ്. ‘മ’ യാകട്ടെ പിന്നീട് ‘പല്ലവ-ഗ്രന്ഥ’ ലിപിയിലേക്കും അത് വഴി മലയാളത്തിലേക്കും കടന്നു വന്നിട്ടുള്ളതാണ്.

ഇടക്കല്‍ ഗുഹ കേരളം, കര്‍ണ്ണാടകം, തമിഴ് നാട് എന്നിവ കൂടിച്ചേരുന്നിടത്തായതിനാല്‍ ഈ മിശ്രണത്തില്‍ ആശ്ചര്യപ്പെടാനില്ല. ക്രിസ്തുവിനു ശേഷം നാലാം നൂറ്റാണ്ടോ അഞ്ചാം നൂറ്റാണ്ടോ ആകാം ഇതിന്റെ കാലം എന്ന് കരുതുന്നു. അഞ്ചാം നൂറ്റാണ്ടോടു കൂടി കേരളത്തില്‍ മലയാള ഭാഷയിലെ വ്യവഹാരങ്ങള്‍ തുടങ്ങിയിരുന്നു എന്ന് ഇതില്‍ നിന്നനുമാനിക്കാം. എന്നാല്‍ ഉപരി വര്‍ഗ്ഗം സാഹിത്യത്തിനായി തമിഴ് ആയിരുന്നു അപ്പോഴും ഉപയോഗിച്ചു കൊണ്ടിരുന്നത്. ഇതേ കാലത്തോ അതിനു മുന്‍പോ കേരളത്തില്‍ വെച്ച് തന്നെ രചിച്ച ‘ചിലപ്പതികാരം’ ഇതാണ് വെളിവാക്കുന്നത്. വ്യവഹാര ഭാഷയില്‍ മലയാളം സമ്പൂര്‍ണ്ണ പ്രചാരം നേടുന്നത്  9 ആം നൂറ്റാണ്ടോടു കൂടിയായിരിക്കാം.

2 തേനി ജില്ലയിലെ പുളിമാങ്കൊമ്പില്‍ നിന്നും 2006ല്‍ കണ്ടെടുത്ത (ബ്രഹ്മി ലിപിയിലുള്ള) ലിഖിതത്തില്‍ കാണുന്നത് “കുടല്‍ ഊര്‍ അകോല്‍പെടു തീയ്യന്‍ അന്തവന്‍ കല്‍ ” (തമിഴ് – ‘പടു’) (കുടല്‍ ഊരില്‍ പശുവിനു വേണ്ടിയുള്ള യുദ്ധത്തില്‍ മരിച്ച അന്തവന്‍ എന്ന തിയ്യന്റെ കല്ല്‌ )എന്നാണ്. ഇത് ക്രിസ്തുവിനു മുന്പ് ഒന്നാം നൂറ്റാണ്ടിലെയോ രണ്ടാം നൂറ്റാണ്ടിലെയോ ലിഖിതമാണ്. തമിഴില്‍ തന്നെ ലഭ്യമായ ലിഖിതങ്ങളില്‍ ഏറ്റവും പഴക്കം ഇതിനാണ്. ഇതില്‍ ‘പെടു’ എന്നത് മലയാളമാണെന്നാണ് വാദം. തമിഴായിരുന്നെങ്കില്‍ ‘പടു’ ആയിരിക്കുമെന്ന്. കുടല്‍ ഊര്‍ എന്നിവ ചേര്‍ത്തെഴുതാത്തത്തില്‍ നിന്നും ഇത് പ്രാചീന തമിഴാണെന്ന് അനുമാനിക്കാമെന്ന് വിദഗ്ദ്ധര്‍ കരുതുന്നു. ആധുനിക തമിഴില്‍ ഇവ ചേര്‍ത്തെഴുതുകയാണ് പതിവ്.

3 അഞ്ചാം നൂറ്റാണ്ടിലേതെന്നു തിരിച്ചറിഞ്ഞ ഒരു എഴുത്തുകല്ല്‌ നിലമ്പൂര്‍ കാടുകളിലെ ചെറുപുഴ നദിയില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. ‘മകക്കൊടു നീറണവായി’ എന്നാണു ഇതില്‍ എഴുതിയിരിക്കുന്നത്. (മലയാളത്തില്‍ ‘അണ’ എന്നെഴുതുമ്പോള്‍ തമിഴില്‍  ‘അണൈ’ എന്നാണ് ഉപയോഗിക്കുന്നത്).

4 ഇടക്കല്‍ ഗുഹയിലെ – ‘പല് പുലി താന്തകാരി’ (പല പുലികളെ കൊന്നവന്‍), ‘വെങ്കോമലൈ കച്ചവനു ചത്തി’ (വെങ്കോമലയിലെ കശ്യപന് ശക്തി) തുടങ്ങിയവ.

ഇത്തരം തെളിവുകളുടെ മാത്രം അടിസ്ഥാനത്തില്‍ ഭാഷയുടെ പഴക്കം സ്ഥാപിക്കാനാണ് കേരളം ശ്രമിക്കുന്നത്. ചരിത്രകാരന്മാര്‍ക്കിടയില്‍ തന്നെ ചില ലിഖിതങ്ങളുടെ അര്‍ത്ഥത്തെ ചൊല്ലി അഭിപ്രായ സമന്വയം ഇപ്പോഴും സാധിച്ചിട്ടില്ല. അപ്പോള്‍ ഭാഷയുടെ പഴമ വലിച്ചു പിറകോട്ടു നീട്ടാന്‍ എന്തിനാണ് നാം വൃഥാ സമയം പാഴാക്കുന്നത്?

എന്റെ ഭാഷയും നിങ്ങളുടെ ഭാഷയും:

ഭാഷകള്‍ക്ക് പദവികള്‍ പ്രത്യേകം നല്കിത്തുടങ്ങിയപ്പോള്‍ അനാവശ്യമായ കിടമത്സരമാണ് സംസ്ഥാനങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്നത്. തമിഴിനു പിറകെ കന്നഡയും തെലുങ്കും ക്ലാസ്സിക്കല്‍ പദവി വാശി പിടിച്ചു നേടിയപ്പോള്‍ കേരളത്തിനു പുറമേ ഒറിയയും മറാത്തിയും പൗരാണികത്വം അവകാശപ്പെട്ട് ‘ക്ലാസ്സിക്കൽ’ വാദവുമായി രംഗത്തുണ്ട്. ബംഗാളികള്‍ക്കും തങ്ങളുടെ ഭാഷ പഴക്കമുള്ളതാണെന്ന തോന്നല്‍ ഈയിടെയായി തുടങ്ങിയിട്ടുണ്ട്. ഇതൊരു ‘ചെയിന്‍ റിയാക്ഷ’നായി മാറുകയാണ് ചെയ്യുന്നത്. പഴക്കം സമര്‍ത്ഥിക്കാനായി തെളിവുകള്‍ ഉണ്ടാക്കി എടുക്കാനും പണ്ഡിതരെ സ്വാധീനിക്കാനും ഉദ്യോഗസ്ഥരുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താനും സംസ്ഥാന രാഷ്ട്രീയ കക്ഷികള്‍ തുനിയുന്നതാണ് നമുക്ക് കാണാന്‍ കഴിയുന്നത്. ‘ക്ലാസ്സിക്കൽ’ പദവി കിട്ടിയില്ലെങ്കില്‍ ‘ശ്രേഷ്ഠ പദവി’ എങ്കിലും ആയാല്‍ മതി അത് വഴി കിട്ടുന്ന പണം ഇങ്ങോട്ട പോരട്ടെ എന്നാണു ഇപ്പോള്‍ കേരളത്തിന്റെ സ്ഥിതി.

പദവികള്‍ വഴി ലഭ്യമാകാവുന്ന സാമ്പത്തിക സഹായത്തിന്റെയും അവാര്‍ഡുകളുടെയും അക്കാദമിക സൌജന്യങ്ങളുടെയും മേലെയാണ് എല്ലാവരുടെയും കണ്ണ് എന്ന് വ്യക്തമാണ്. ഒരു ഭാഷ ‘ക്ലാസ്സിക്ക് ‘പദവി നേടുമ്പോള്‍ രണ്ട്  അന്താരാഷ്‌ട്ര പുരസ്കാരങ്ങള്‍ ഭാഷക്ക് വേണ്ടി വര്‍ഷം തോറും നല്‍കപ്പെടുകയും കേന്ദ്ര സര്‍വ്വകലാശാലകളില്‍ യു ജി സി ക്ക് കീഴില്‍ ആ ഭാഷയുടെ ചെയറുകള്‍ സ്ഥാപിക്കപ്പെടുകയും ചെയ്യുന്നു. ഒ എന്‍ വി യെപ്പോലുള്ള തലമുതിര്‍ന്ന കവികള്‍ തന്നെ ഇത്തരം നീക്കങ്ങള്‍ക്ക്‌ സംസ്ഥാന സര്‍ക്കാരിന്റെ അനുഗ്രഹാശിസ്സുകളോടെ മുന്നിട്ടിറങ്ങുന്നത് ദൌര്‍ഭാഗ്യകരമാണ്. ഭാഷയുടെ ശ്രേഷ്ഠത യൂണിയന്‍ അനുവദിച്ചു നല്‍കുന്ന ഒരു പേരിലല്ല വ്യക്തമാകേണ്ടത്. ആധുനിക ജീവിതത്തിന്റെ വഴക്കങ്ങളെ ഭാഷ എത്ര കണ്ട് സ്വാംശീകരിക്കുന്നുവെന്നതിനെയും സംവേദനക്ഷമമാക്കുന്നുവെന്നതിനെയും അശ്രയിച്ചായിരിക്കുമത്. വെറുമൊരു സാംസ്കാരിക ചിഹ്നമെന്നതിലുപരി ഭാഷ ഓരോ ജനതയുടെയും ജൈവികമായ പുരോഗതിയുടെ പ്രതിഫലനം കൂടിയാണ്. എല്ലാ ഭാഷകളും ശ്രേഷ്ഠമാണെന്നു മാത്രമല്ല ഭാവി തലമുറകള്‍ക്കായി ഓരോ സമൂഹവും നീക്കിയിരുത്തുന്ന സാംസ്കാരിക മൂലധനം കൂടിയാണ്. ഇതില്‍ പഴമയുടെ അനാവശ്യ വാശികള്‍ക്ക് പ്രസക്തിയില്ല.

ഭാഷകള്‍ ‘ക്ലാസ്സിക്ക് ‘ആണെങ്കിലുമല്ലെങ്കിലും മാനവ വിജ്ഞാനത്തിന്റെ ശേഖരങ്ങളാണ്. അവ നമ്മുടെയെല്ലാം പൈതൃകധനമാണ്. ക്ലാസ്സിക്കല്‍ ഭാഷയെക്കുറിച്ചുള്ള അവകാശവാദങ്ങള്‍ ഭാഷ നേരിടുന്ന യഥാര്‍ത്ഥ പ്രശ്നങ്ങളെ അവഗണിക്കുകയാണ്. വിശ്രുത അമേരിക്കന്‍ സംസ്കൃത പണ്ഡിതനായ ശ്രീ ഷെല്‍ഡണ്‍ പൊള്ളോക്ക് ഭാരതത്തില്‍ ഇന്ന് ചില ഭാഷാ പാരമ്പര്യങ്ങള്‍ വിസ്മരിക്കപ്പെടുന്നതിനെക്കുറിച്ച് ശബ്ദിച്ചിരുന്നു. ക്ലാസ്സിക്ക് കൃതികളിലുള്ള ബഹുഭാഷാ പാണ്ഡിത്യം കുറഞ്ഞു വരുന്ന കാലമാണിത്. ഇംഗ്ലീഷിലൂടെയല്ലാതെ ഒരു പ്രാദേശിക ഭാഷയില്‍ നിന്നും മറ്റൊന്നിലേക്ക് അനായാസേന സഞ്ചരിക്കുവാന്‍ പോന്ന വൈദഗ്ദ്ധ്യം ഭാഷാ പണ്ഡിതര്‍ക്കിടയില്‍ കുറഞ്ഞു വരുന്നു. മിടുക്കരായ പഠിതാക്കള്‍ ഭാഷയെ കൈയ്യൊഴിയുന്നതാണ് പ്രശ്നം. ആ മനോഭാവം ഇല്ലാതായാല്‍ തന്നെ ആരുടെയും സാക്ഷ്യപത്രമില്ലാതെ ഭാഷ തനിയെ പുരോഗതി പ്രാപിച്ചു കൊള്ളും. അതിനു ‘ക്ലാസ്സിക്കല്‍ ‘ കിരീടത്തിന്റെ ആവശ്യമില്ല, നമ്മുടെ ഭാഷ അത്തരമൊരു പദവിക്ക് അര്‍ഹമല്ല, അത് നാം സര്‍വ്വാത്മനാ അംഗീകരിച്ചേ തീരൂ.

References:

The Dravidian Languages’ – Bhadriraju Krishnamurti – Cambridge Language Surveys
A short History of Malayalam Literature’ (Edited by Dr. K Ayyappa Paniker, Information and Public Relation Dept., Govt. of Kerala – April 2006)
Kerala Sahithya Academy – Literary Survey, April – Sept 2010.
‘The Classical Language Issue’, A. R Venkatachalapathy, ‘Economic and Political Weekly’ – January 2009
‘Declaring Language Classical’, Language in India Website – M S Thirumalai
Ministry of Tourism and Culture Press Information Bureau Release (Dec 23, 2008)
‘Crisis in the Classics’ – Sheldon Pollock, Columbia University
‘The Hindu’ Daily – Dated Feb 9 and June 7, 2012

കൈരളിയുടെ കഥ‘ – എന്‍ കൃഷ്ണ പിള്ള
ആധുനിക മലയാള സാഹിത്യ ചരിത്രം – പ്രസ്ഥാനങ്ങളിലൂടെ‘ (എഡിറ്റര്‍ – ഡോ: കെ എം ജോര്‍ജ്, ‘ഡി സി’ ബുക്സ്)
ലീലാതിലകം’, പ്രാചീന സാഹിത്യ പഠനം (വ്യാഖ്യാനം – പ്രൊഫ. ഗോപിക്കുട്ടന്‍, കറന്റ് ബുക്സ്)
മലയാള ഭാഷാ ചരിത്രം‘ (എഡിറ്റര്‍ – ഡോ: എസ്.വി. വേണുഗോപന്‍ നായര്‍, ‘മാളുബന്‍’ പബ്ലിക്കേഷന്‍സ്)
‘പ്രാചീന മധ്യകാല മലയാള ഗദ്യം’ – ഡോ എന്‍. സാം
‘രാമചരിതം’ വ്യാഖ്യാനം – പ്രൊഫ. ഇളങ്കുളം കുഞ്ഞന്‍പിള്ള
‘രാമചരിതത്തിന്റെ സാഹിതീയ മൂല്യം’ – ഡോ. പി സേതുനാഥന്‍

Advertisements

About Arjun

I live my convictions!
This entry was posted in ഭാഷ, രാഷ്ട്രീയം and tagged . Bookmark the permalink.

One Response to മലയാളം ക്ലാസ്സിക്കൽ ഭാഷയല്ല

  1. Sumi says:

    Great post, in detail on the history of our language. Good work..

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s